പ്രായവ്യത്യാസങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പ്രണയകഥകള്‍ ചലച്ചിത്രാസ്വാദകര്‍ക്കു പുതുമയല്ല. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള ഇതിഹാസതാരങ്ങള്‍ ഇത്തരം കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വ്യത്യസ്തവും സങ്കീര്‍ണവുമായ, ഒരു പ്രണയകഥയാണ് ഇപ്പോള്‍ കോളിവുഡിലെ സംസാരവിഷയം, മോളിവുഡിലെയും..!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയ സംവിധായകന്‍ വെങ്കി അറ്റ്ലൂരിയുടെ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' അത്തരമൊരു കഥയാണു പറയുന്നത്. സൂര്യയാണ് നായകനായി എത്തുന്നത്. മലയാളത്തിന്റെ യുവനായിക മമിത ബൈജുവാണ് നായിക. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആദ്യ ഗാനത്തിന്റെ അനൗണ്‍സ്‌മെന്റ് ആയാണ് അണിയറപ്രവര്‍ത്തകര്‍ രസകരമായ പ്രൊമോ വീഡിയോ പങ്കുവെച്ചത്. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജി.വി. പ്രകാശും മമിത ബൈജുവുമാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. തന്റെ പാട്ടിന് അനുയോജ്യനായ ഒരു ഗായകനെ കിട്ടാതെ വിഷമിക്കുന്ന ജി.വി. പ്രകാശിന് സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഒരു 'സെലിബ്രിറ്റി സിംഗറെ' റെക്കമെന്‍ഡ് ചെയ്യുന്നു.
സ്റ്റുഡിയോ വാതില്‍ തുറന്ന് അകത്തേക്ക് വരുന്നത് മറ്റാരുമല്ല, മമിത ബൈജു! മമിതയെക്കൊണ്ട് പാടിക്കാന്‍ ജി.വി. പ്രകാശ് ഒരുങ്ങുമ്പോഴാണ് വീഡിയോയില്‍ ആ കിടിലന്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. മുമ്പൊരു ഓഡിയോ ലോഞ്ചിനിടെ മമിത പാടിയ പാട്ടും അതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ട്രോളുകളും വീഡിയോയില്‍ റഫറന്‍സ് ആയി മാറുന്നു.
'എനിക്ക് പാടാനൊന്നും വയ്യേ... ഞാന്‍ നല്ല അടിപൊളിയായി ഡാന്‍സ് കളിക്കാന്‍ വന്നതാ...' എന്ന് മമിത തറപ്പിച്ചു പറയുന്നതോടെ പ്രൊമോ അവസാനിക്കുകയാണ്. ഒടുവില്‍ ആ പാട്ട് പാടിയത് ആരാണെന്ന സസ്‌പെന്‍സ് ജി.വി. പ്രകാശ് ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
നാല്പതുകളില്‍ ജീവിക്കുന്ന സഞ്ജയ് വിശ്വനാഥ് (സൂര്യ) എന്ന പ്രൊഫഷണല്‍ പിസ്റ്റള്‍ ഷൂട്ടറുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. പ്രായമേറുമ്പോഴും തന്റെ കായികക്ഷമതയും ലക്ഷ്യബോധവും കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ പോരാടുന്ന ആളാണ് സഞ്ജയ്. ഈ സാഹചര്യത്തിലേക്കാണ് ഇരുപതുകളുടെ തുടക്കത്തിലുള്ള മാഡി (മമിത ബൈജു) എന്ന പെണ്‍കുട്ടി കടന്നുവരുന്നത്. തന്നേക്കാള്‍ പ്രായമുള്ള സഞ്ജയിനോട് അവള്‍ക്ക് തോന്നുന്ന തീവ്രമായ പ്രണയവും, പ്രായവ്യത്യാസത്തിന്റെ പേരില്‍ സഞ്ജയ് അതില്‍ നിന്ന് ഉള്‍വലിയാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഇരുവരുടെയും ജീവിതം എങ്ങനെ മുന്നോട്ടുപോകുന്നു എന്നത് തികച്ചും വൈകാരികമായ മുഹൂര്‍ത്തങ്ങളോടെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
സൂര്യയും മമിതയും ഒന്നിക്കുന്ന ചിത്രത്തില്‍ മറ്റൊരു വലിയ ആകര്‍ഷണം ബോളിവുഡിന്റെ എവര്‍ഗ്രീന്‍ താരം രവീണ ടണ്ടന്റെ സാന്നിധ്യമാണ്. ഉലകനായകന്‍ കമല്‍ ഹാസന്റെ 'ആളവന്താന്‍' (2001) എന്ന ചിത്രത്തിന് ശേഷം നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രവീണ ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ഇവര്‍ക്കൊപ്പം രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
'വാത്തി', 'ലക്കി ഭാസ്‌കര്‍' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ വെങ്കി അറ്റ്ലൂരിയും ജി.വി. പ്രകാശും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. കൂടാതെ 'സൂരറൈ പോട്ര്' എന്ന ചിത്രത്തിന് ശേഷം സൂര്യയും ജി.വി. പ്രകാശും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിമിഷ് രവിയുടെ ഛായാഗ്രഹണവും നവിന്‍ നൂലിയുടെ ചിത്രസംയോജനവും ചിത്രത്തിന് ദൃശ്യഭംഗിയേകും.
സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. പ്രണയവും സ്‌പോര്‍ട്‌സും കുടുംബ പശ്ചാത്തലവും ഒത്തുചേരുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കും.