

ഒരു പാട്ട് മനോഹരമായി റെക്കോഡ് ചെയ്യാന്‍ കാതുകള്‍ വേണമെന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍, കാതുകള്‍ക്ക് പൂര്‍ണമായി കേള്‍വിശക്തിയില്ലെങ്കിലും സംഗീതലോകത്തെ വിസ്മയിപ്പിക്കുന്ന റെക്കോഡിങ് നടത്താന്‍ കഴിയുമെന്ന് തെളിയിച്ച ഇതിഹാസമായിരുന്നു ശബ്ദലേഖകന്‍ കോടേശ്വര റാവു.
മലയാളത്തിന്റെ എക്കാലത്തെയും വലിയ ട്രെന്‍ഡ്‌സെറ്റര്‍ ചിത്രമായ മമ്മൂട്ടിയുടെ 'ന്യൂഡല്‍ഹി' (1987) എന്ന സിനിമയുമായി ബന്ധപ്പെട്ട് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ പഴയ അഭിമുഖം സംഗീതാസ്വാദകരെ അമ്പരിക്കുന്നതാണ്. എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ എണ്‍പതാം ജന്മവാര്‍ഷികവേളയില്‍, അദ്ദേഹത്തിന്റെ കരിയറിലെ സമാനതകളില്ലാത്ത അണിയറ അനുഭവം ആ മഹാഗായകനെ സ്‌നേഹിക്കുന്നവര്‍ നെഞ്ചോടു ചേര്‍ക്കുന്നു.
ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന 'ന്യൂഡല്‍ഹി' തിയേറ്ററുകളില്‍ പാട്ടുകളില്ലാതെയാണ് എത്തിയതെങ്കിലും, നമ്മെ വിട്ടുപിരിഞ്ഞ സംഗീതകുലപതി എസ്.പി. ബാലസുബ്രഹ്‌മണ്യം ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിരുന്നു. ശ്യാമിന്റെ സംഗീതത്തില്‍ ഷിബു ചക്രവര്‍ത്തി രചിച്ച 'തൂമഞ്ഞിന്‍ കുളിരില്‍...' എന്ന ഗാനമായിരുന്നു അത്. സിനിമയിലെ ഒരു പ്രത്യേക രംഗത്തിനു പശ്ചാത്തലമായി ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു പാട്ട്.
അക്കാലത്ത് ഡിജിറ്റല്‍ യുഗം പിച്ചവെച്ചു തുടങ്ങിയിരുന്നെങ്കിലും ചെന്നൈ ജെമിനി സ്റ്റുഡിയോയില്‍ മാനുവല്‍ രീതിയിലായിരുന്നു ഈ ഗാനത്തിന്റെ റെക്കോഡിങ് നിശ്ചയിച്ചിരുന്നത്. കോടേശ്വര റാവുവായിരുന്നു റെക്കോഡിസ്റ്റ്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സംഗീതസംവിധായകരും ഗായകരും കോടേശ്വര റാവു എന്ന ചീഫ് റെക്കോര്‍സ്റ്റിന്റെ ഡേറ്റിനായി കാത്തിരുന്ന സമയം. അത്രമേല്‍ സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
ലൈവായി റെക്കോര്‍ഡ് ചെയ്യുന്ന വലിയൊരു വയലിന്‍ സംഘത്തിലെ ഓരോ കലാകാരന്റെയും കസേരകള്‍ എവിടെയായിരിക്കണം എന്നുപോലും കൃത്യമായ സെന്റിമീറ്റര്‍ അളവില്‍ നിശ്ചയിച്ചാണ് റാവു റെക്കോഡിങ് കണ്‍സോള്‍ റൂമിലിരുന്ന് ജോലി തുടങ്ങിയത്. സംവിധായകന്‍ ജോഷിയുടെ അഭാവത്തില്‍ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും വരികളുടെ ഉച്ചാരണം നോക്കാന്‍ ഷിബു ചക്രവര്‍ത്തിയുമായിരുന്നു സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നത്.
എസ്പിബി മൈക്കിനു മുന്നിലെത്തി, ഒന്നിന് പുറകെ ഒന്നായി ടേക്കുകള്‍ പോയി, ഒടുവില്‍ റെക്കോഡിങ് വിജയകരമായി പൂര്‍ത്തിയായി. എല്ലാവരും ഒരു ഹിറ്റ് പാട്ട് പിറന്നതിന്റെ അതിയായ സന്തോഷത്തിലും. റെക്കോഡിങ് കഴിഞ്ഞപ്പോള്‍ അതിന്റെ ഔട്ട്പുട്ട് എങ്ങനെയുണ്ടെന്നറിയാന്‍ ഡെന്നീസ് ജോസഫ് കോടേശ്വര റാവുവിന്റെ അരികിലേക്കു ചെന്നു. തുടര്‍ന്നുണ്ടായ സംഭവത്തെക്കുറിച്ച് ഡെന്നീസ് ജോസഫ് അന്ന് പറഞ്ഞത്:
'പാട്ട് എങ്ങനെയുണ്ടെന്ന് ഞാന്‍ റാവുവിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് എന്റെ അരികില്‍ വന്നു പറഞ്ഞു, 'സാറിന് ചെറിയ കേള്‍വിക്കുറവുണ്ട്, കുറച്ചുകൂടി ഉച്ചത്തില്‍ ചോദിക്കൂ'. ഞാന്‍ ശബ്ദം കൂട്ടി വീണ്ടും ചോദിച്ചു. എന്നാല്‍ റാവു എന്നെ നോക്കി കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു, എനിക്കറിയില്ല തമ്പീ, ഞാന്‍ ആ പാട്ട് കേട്ടിട്ടില്ല. എനിക്ക് കേള്‍ക്കാന്‍ കഴിയില്ല! അതുകേട്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ തരിച്ചുനിന്നുപോയി...'
കേള്‍ക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് തെന്നിന്ത്യയിലെ ഏറ്റവും മികച്ച റെക്കോഡിസ്റ്റ് ആയി അദ്ദേഹം മാറിയത്..? കോടേശ്വര റാവു തന്റെ മുന്നിലിരുന്ന സൗണ്ട് മിക്‌സിങ് ഇന്‍സ്ട്രുമെന്റിലെ നീഡില്‍ ചലനങ്ങളും ഫ്രീക്വന്‍സി റീഡിങ്ങുകളും നോക്കിയാണ് പാട്ടിന്റെ ശബ്ദവിന്യാസം പൂര്‍ണമായും നിര്‍വഹിച്ചത്! 'ഞാന്‍ പാട്ട് കാതുകൊണ്ട് കേട്ടല്ല അതിന്റെ ബാലന്‍സിങ് നിശ്ചയിക്കുന്നത്, ഈ സൂചിയുടെ ചലനം നോക്കിയാണ്' എന്നായിരുന്നു റാവുവിന്റെ മറുപടി.
അദ്ദേഹം പറഞ്ഞത് എത്രമാത്രം സത്യമായിരുന്നുവെന്ന് പിന്നീട് ആ പാട്ട് കേട്ടവര്‍ക്ക് മനസിലായി. റാവുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റെക്കോഡിങ്ങുകളില്‍ ഒന്നായിരുന്നു കേള്‍വിശക്തിയുടെ സഹായമില്ലാതെ അദ്ദേഹം പൂര്‍ത്തിയാക്കിയ ആ എസ്പിബി ഗാനം. സാങ്കേതികവിദ്യ വളരുന്നതിന് മുന്‍പ്, സ്വന്തം തൊഴിലിനെ ഒരു തപസ്യയായി കൊണ്ടുനടന്ന ഇത്തരം വിസ്മയ പ്രതിഭകളുടെ സാന്നിധ്യമായിരുന്നു ഒരുകാലത്ത് ചെന്നൈ സിനിമാലോകത്തിന്റെ കരുത്തെന്നും ഡെന്നീസ് ജോസഫ് ആ അഭിമുഖത്തില്‍ പറഞ്ഞു.