നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ ടെലിവിഷന്‍ ലോകത്തേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. തമിഴകത്തെ ഹരം കൊള്ളിച്ച ജയ ടിവിയുടെ ജനപ്രിയ ഗെയിം ഷോയായ 'ജാക്ക്‌പോട്ടി'ലൂടെയാണ് താരം വീണ്ടും മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ഷോയുടെ പുനരാരംഭം ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
2002 മുതല്‍ 2010 വരെ നീണ്ടുനിന്ന ആദ്യ ഘട്ടത്തില്‍ എട്ടു വര്‍ഷത്തോളം ജാക്ക്‌പോട്ടിന്റെ അവതാരകയായി തിളങ്ങിയത് ഖുശ്ബുവായിരുന്നു. അന്ന് തമിഴ് ഭാഷ വേണ്ടത്ര വശമില്ലാതിരുന്ന താരം, മൂന്ന് മാസം കൊണ്ട് ഭാഷ പഠിച്ചെടുത്താണ് ഷോ അവതരിപ്പിച്ച് പ്രേക്ഷകമനസില്‍ ഇടംനേടിയത്. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ 'ജാക്ക്‌പോട്ടി'ന്റെ പഴയ വീഡിയോ ക്ലിപ്പുകള്‍ വന്‍തോതില്‍ പ്രചരിക്കുകയും വൈറലാവുകയും ചെയ്തതോടെയാണ് ജയ ടിവി ഈ ജനപ്രിയ ഷോ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്.
പഴയ ഗെയിം ഫോര്‍മാറ്റിനൊപ്പം പുത്തന്‍ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പ്രത്യേക റൗണ്ടുകളും പുതിയ സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ രാത്രി എട്ടിനാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. സിനിമയില്‍ നിന്നുള്ള മുന്‍നിര താരങ്ങള്‍ ടെലിവിഷന്‍ ലോകത്തേക്ക് എത്തുന്നതിന് തുടക്കമിട്ടവരില്‍ പ്രധാനിയായ ഖുശ്ബുവിന്റെ ഈ രണ്ടാം വരവ് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.
മിനിസ്‌ക്രീനിലെ തിരിച്ചുവരവിന് പുറമെ വന്‍കിട സിനിമാ പ്രോജക്ടുകളിലും ഖുശ്ബു സജീവമാണ്. ജൂനിയര്‍ എന്‍ടിആര്‍ - പ്രശാന്ത് നീല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ഡ്രാഗണ്‍', കന്നഡ ചിത്രം 'ബിര്‍ബല്‍ ട്രൈലജി: കേസ് 2' എന്നിവയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള പ്രധാന സിനിമകള്‍.