സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറുമായുള്ള വിവാഹത്തിന് പിന്നാലെ ജീവനക്കാർക്ക് വിലപിടിപ്പുള്ള സ്വർണമോതിരം നൽകി സൺ ഗ്രൂപ്പ് സഹഉടമ കാവ്യ മാരൻ. നവംബർ 25ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഹൈദ്രാബാദ് ജൂബിലി ഹിൽസിലെ ജമിനി ടി.വി ഓഫീസിൽ നടക്കുന്ന വിവാഹവിരുന്നിലേക്കുള്ള ക്ഷണക്കത്തിനൊപ്പമാണ് സ്വർണമോതിരവും സമ്മാനിച്ചത്. ജീവനക്കാരിൽ ഒരാൾ മോതിരം പ്രദർശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കാവ്യയുടെ സമ്മാനം വാർത്തകളിൽ ഇടംപിടിച്ചത്.
വിവാഹവിരുന്നിന്റെ ക്ഷണക്കത്തിനൊപ്പം ലഭിച്ച മോതിരത്തിന്റെ വീഡിയോ ഒരു ജീവനക്കാരൻ സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയായിരുന്നു. വൈകാതെ വീഡിയോ വൈറലായി. കാവ്യമാരന്റെ മാതാപിതാക്കളായ സൺഗ്രൂപ്പ് ഉടമ കലാനിധി മാരനും ഭാര്യ കാവേരി മാരനുമാണ് വിരുന്നിലേക്ക് അതിഥികളെ ക്ഷണിച്ചിട്ടുള്ളത്. ഒരുചോക്ലേറ്റ് ബോക്സിനും ക്ഷണക്കത്തിനുമൊപ്പമാണ് സ്വർണമോതിരത്തിന്റെ പ്രത്യേക പായ്ക്കറ്റ്. വിശേഷദിവസത്തിലും ജീവനക്കാരെ മറക്കാതെ സമ്മാനം നൽകിയ കാവ്യ മാരന്റെ നടപടിയെ നിരവധി പേർ അഭിനന്ദിച്ചു.
2026 നവംബർ 11ന് ഗ്രീസിലായിരുന്നു കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ചടങ്ങിനെത്തി. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർതാരം രജനികാന്ത് തുടങ്ങിയവർ അതിഥികളായുണ്ടായിരുന്നു.
വിവാഹ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഗ്രീസിലെ വിവാഹത്തിനുശേഷം കാവ്യയും അനിരുദ്ധും ഇന്ത്യയിൽ തിരിച്ചെത്തി. നവദമ്പതികൾ ഇന്ന് ചെന്നൈയിൽ വമ്പൻ വിവാഹസൽക്കാരവും സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ സംഗീതസംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. 'ജവാൻ', 'ലിയോ', 'ജയിലർ', 'വിക്രം' തുടങ്ങി നിരവധി വിജയചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സി.ഇ.ഒയും സഹഉടമയുമാണ് കാവ്യ.