രണ്ടു പതിറ്റാണ്ടുകൾക്കുശേഷം സൂര്യയും തൃഷയും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നതു കാണാൻ കാത്തിരുന്ന ആരാധകർക്കു നിരാശയുടെ പ്രഭാതം. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം "കറുപ്പി'ന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അനിശ്ചിതത്വത്തിലായി. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ വന്ന ഔദ്യോഗിക അറിയിപ്പ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ ഒമ്പതിനു നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ഷോകളാണ് അവസാന നിമിഷം റദ്ദാക്കിയത്. നിർമാതാക്കളും വിതരണക്കാരും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതാണ് റിലീസിന് വിലങ്ങുതടിയായത്. 'ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ പ്രദർശനം മുടങ്ങുന്നു' എന്ന സംവിധായകൻ ആർ.ജെ. ബാലാജിയുടെ ക്ഷമാപണം ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല.
സൂര്യയുടെ വേറിട്ട മേക്കോവറും സായ് അഭ്യങ്കറിന്റെ ഹിറ്റ് ഗാനങ്ങളും കറുപ്പിന് വൻ ഹൈപ്പാണ് നൽകിയിരുന്നത്. ഇന്ദ്രൻസ്, സ്വാസിക, ശിവദ തുടങ്ങിയ മലയാളത്തിന്റെ പ്രിയതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന് കേരളത്തിലും വലിയ വരവേൽപ്പാണ് ഐഎംപി ഫിലിംസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ തടസം ബോക്സ് ഓഫീസ് കളക്ഷനെയും ബാധിച്ചേക്കാം.