'കരകാട്ടക്കാരനി'ൽ രാമരാജനും കനകയും ഫോട്ടോ-അറേഞ്ച്ഡ്
Tamil

ബജറ്റ് 20 ലക്ഷം,ഓടിയത് 485 ദിവസം,നിറം മങ്ങാതെ 'കരകാട്ടക്കാരൻ' കഥകൾ

പപ്പപ്പ റിസര്‍ച്ച് ടീം

തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്താളുകളില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട ഒരു വിസ്മയമുണ്ട്- 'കരകാട്ടക്കാരന്‍'. റിലീസ് ചെയ്ത് 37 വര്‍ഷം പിന്നിടുമ്പോഴും (1989), ചിത്രം സൃഷ്ടിച്ച ഓളം ഒട്ടും കുറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ ഒരു തിയേറ്ററില്‍ മാത്രം തുടര്‍ച്ചയായി 485 ദിവസങ്ങള്‍ ഓടി ചരിത്രം കുറിച്ച ഈ കള്‍ട്ട് ക്ലാസിക് ബ്ലോക്ക്ബസ്റ്ററിന്റെ പിന്നാമ്പുറ വിശേഷങ്ങള്‍ ഇന്നും സിനിമാപ്രേമികളെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. പ്രത്യേകിച്ച്, വമ്പന്‍ ഹിറ്റ് സിനിമ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയത് തുച്ഛമായ ബജറ്റില്‍ നിന്നാണെന്ന സത്യം അധികമാര്‍ക്കും അറിയില്ല.

ഈ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ജനിക്കുക പോലും ചെയ്യാത്ത ഇന്നത്തെ തലമുറയ്ക്കും 'കരകാട്ടക്കാരന്‍' സുപരിചിതമാണ്. അതിന് ഒരൊറ്റ കാരണമേയുള്ളൂ, കൗണ്ടമണിയും സെന്തിലും ചേര്‍ന്ന് തകര്‍ത്തഭിനയിച്ച ആ ഐക്കോണിക് 'വാഴപ്പഴം' കോമഡി! ഒപ്പം തമിഴ്‌നാട്ടിലുടനീളം തരംഗമായി മാറിയ 'ആര് അന്ത സൊപ്പനസുന്ദരി?' എന്ന ഡയലോഗും.

'കരകാട്ടക്കാരനി'ലെ 'വാഴപ്പഴം' കോമഡി സീൻ

നാടന്‍ കലാരൂപങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു കൂട്ടം കലാകാരന്മാരുടെ ജീവിതം കോമഡിയുടെയും പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിച്ചതാണ് ചിത്രത്തെ എക്കാലത്തെയും പ്രിയപ്പെട്ടതാക്കി മാറ്റിയത്. ശിവാജി ഗണേശന്റെ ക്ലാസിക് ചിത്രം 'തില്ലാനാ മോഹനാമ്പാളി'ന്റെ ആധുനിക ആവിഷ്‌കാരമായിരുന്നു രാമരാജനും കനകയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം.

'കരകാട്ടക്കാരനി'ൽ നിന്ന്

ചിത്രത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ സംവിധായകന്‍ ഗംഗൈ അമരന്‍ വെളിപ്പെടുത്തിയ ബജറ്റ് വിവരങ്ങള്‍ സിനിമാലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ തൊട്ടുമുന്‍പത്തെ ചിത്രം പരാജയപ്പെട്ടതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഗംഗൈ അമരന്‍ പുതിയ പ്രോജക്ടിലേക്ക് കടക്കുന്നത്. വെറും 18 മുതല്‍ 20 ലക്ഷം രൂപ വരെയുള്ള ഒരു ചെറിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

ഗംഗൈ അമരന്‍

ചിത്രത്തിന്റെ പ്രിവ്യൂ കണ്ട വിതരണക്കാര്‍ സിനിമയും കോമഡിയും പാട്ടുകളുമെല്ലാം ഗംഭീരമാണെന്ന് പുകഴ്ത്തിയെങ്കിലും, വലിയ കളക്ഷന്‍ നേടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ തുകയ്ക്കാണ് സിനിമ വിതരണക്കാര്‍ക്ക് വിറ്റത്. സിനിമ തിയേറ്ററുകളില്‍ 200-ഉം 250-ഉം ദിവസങ്ങള്‍ പിന്നിട്ട് വന്‍ വിജയമായപ്പോള്‍ അതിന്റെ യഥാര്‍ഥ ലാഭം കൊയ്തത് വിതരണക്കാരായിരുന്നു. സംവിധായകനോ നിര്‍മാതാവിനോ വിചാരിച്ചത്ര സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അന്ന് കഴിഞ്ഞിരുന്നില്ല.

'കരകാട്ടക്കാരൻ' പോസ്റ്റർ

മധുരയിലെ പ്രശസ്തമായ തിയേറ്ററില്‍ ദിവസേന മൂന്ന് റെഗുലര്‍ ഷോകളും ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് ഷോകളുമായി തുടര്‍ച്ചയായി 485 ദിവസങ്ങളാണ് (1989 ജൂണ്‍ 16 മുതല്‍ 1990 ഒക്ടോബര്‍ 11 വരെ) ചിത്രം ഹൗസ്ഫുള്‍ ആയി പ്രദര്‍ശിപ്പിച്ചത്. തമിഴ് സിനിമാ ചരിത്രത്തില്‍ ഇനിയൊരു ചിത്രത്തിന് തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡാണിത്.

'കരകാട്ടക്കാരനി'ൽ നിന്ന്

ചിത്രത്തിനായി ഇളയരാജ ഈണമിട്ട എട്ട് ഗാനങ്ങളും ഇന്നും ജനപ്രിയമായി തുടരുന്നു. 'കരകാട്ടക്കാര'ന്റെ ആത്മാവ് ഇളയരാജയുടെ സംഗീതമായിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. 2019-ല്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ മക്കളെ കേന്ദ്രീകരിച്ച് ഒരു രണ്ടാം ഭാഗം ഗംഗൈ അമരന്‍ ആലോചിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ പ്രോജക്ട് യാഥാര്‍ഥ്യമായില്ല. എങ്കിലും, ഒരു തനി നാടന്‍ ദൃശ്യാവിഷ്‌കാരവും ടൈംലെസ് കോമഡികളും കൊണ്ട് 37 വര്‍ഷത്തിനിപ്പുറവും 'കരകാട്ടക്കാരന്‍' തെന്നിന്ത്യന്‍ സിനിമയിലെ മഹാവിസ്മയമായി ഇന്നും തിളങ്ങിനില്‍ക്കുന്നു.