വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കര'യില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷിന്റെ അമ്മയായി അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജാ രവി. ഏപ്രില്‍ 30-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കെ നല്‍കിയ അഭിമുഖത്തിലാണ് ശ്രീജ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
ധനുഷിനെപ്പോലൊരു സൂപ്പര്‍ സ്റ്റാറിന്റെ അമ്മ വേഷം ചെയ്യുന്നതില്‍ തുടക്കത്തില്‍ തനിക്കു ചെറിയ ആശങ്കയുണ്ടായിരുന്നുവെന്ന് ശ്രീജ പറഞ്ഞു. ധനുഷിനൊപ്പം കെ.എസ്. രവികുമാറിനെപ്പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ കൂടി ഒപ്പമുള്ളതു പരിഭ്രമം കൂട്ടി. എന്നാല്‍ ഇത്തരമൊരു വലിയ അവസരം നല്‍കിയതിനു സംവിധായകന്‍ വിഘ്നേഷ് രാജയോടു ശ്രീജ നന്ദി പറഞ്ഞു.
'മേക്കപ്പ് ടീമിന്റെ കഠിനാധ്വാനമാണ് ധനം എന്ന കഥാപാത്രത്തിനു പുതിയൊരു മാനം നല്‍കിയത്. തന്റെ പതിവ് ശൈലിയില്‍നിന്നു വ്യത്യസ്തമായ ലുക്കാണ് ചിത്രത്തിലേത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള പരിചയം ധനം എന്ന കഥാപാത്രത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും ശ്രീജ പറഞ്ഞു.
മമിത ബൈജു നായികയാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജയറാം, കരുണാസ്, എം.എസ്. ഭാസ്‌കര്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം നല്‍കുന്നത്. ഇഷാരി കെ. ഗണേഷിന്റെ വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഇഡ്ലി കടൈയ്ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രം വലിയ പ്രതീക്ഷയിലാണ് റിലീസിനൊരുങ്ങുന്നത്.