'കര'യിൽ ധനുഷും മമിതയും അറേഞ്ച്ഡ്
Tamil

മമിതയെ 'ഒതുക്കി'; ധനുഷ് ചിത്രം 'കര'യ്ക്കെതിരെ ആരാധകര്‍ രംഗത്ത്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ധനുഷ് കേന്ദ്രകഥാപാത്രമായെത്തിയ പീരിയഡ് ആക്ഷന്‍ ത്രില്ലര്‍ 'കര' തിയറ്ററുകളില്‍ തരംഗമാകുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നതു വലിയ പ്രതിഷേധം. ചിത്രത്തില്‍ മമിത ബൈജു അവതരിപ്പിച്ച കഥാപാത്രത്തിന് അര്‍ഹിച്ച പ്രാധാന്യം നല്‍കിയില്ലെന്നാണ് ആരാധകരുടെ പ്രധാന പരാതി. വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ നടിക്ക് ലഭിച്ച കുറഞ്ഞ സ്‌ക്രീന്‍ ടൈം നിരാശാജനകമാണെന്ന് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

'പ്രേമലു'വിലൂടെ തെന്നിന്ത്യയാകെ തരംഗമായ മമിതയ്ക്ക്, ചിത്രത്തില്‍ 'സെല്ലി' എന്ന ധനുഷിന്റെ ഭാര്യയുടെ വേഷത്തില്‍ വളരെ കുറച്ചു രംഗങ്ങള്‍ മാത്രമാണുള്ളത്. ഇത് ഉചിതമല്ലെന്നും മമിതയെ സ്‌നേഹിക്കുന്നവരെ നിരാശരാക്കിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ തുടരുന്നു. മമിതയുടെ പ്രകടനം മികച്ചുനിന്നുവെങ്കിലും, കഥാപാത്രത്തെ വേണ്ടവിധം വികസിപ്പിക്കാതിരുന്നത് ആരാധകരെ ചൊടിപ്പിക്കാന്‍ മറ്റൊരുകാരണമായി. സിനിമാഗ്രൂപ്പുകളിലും എക്‌സിലുമെല്ലാം മമിതയെ വെറുമൊരു 'കാമിയോ' വേഷത്തിലേക്ക് ഒതുക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നു.

'കര'യിലെ മമിത ബൈജുവിന്റെ ക്യാരക്ടർ പോസ്റ്റർ

വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ ഏകദേശം ആറു കോടിരൂപ കളക്ഷന്‍ നേടി ഗംഭീര തുടക്കമാണ് കുറിച്ചത്. 1991-ലെ ഗള്‍ഫ് യുദ്ധകാലത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ത്രില്ലറിന് മികച്ച നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ജയറാം, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ നടന്മാരുടെ പ്രകടനവും ശ്രദ്ധേയമാണ്.