കമൽ ഹാസന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു-സണ്ടിയർ. കമൽഹാസന്റെ സ്വന്തം നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രം എസ്.യു. അരുണ്‍ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. തോക്കേന്തി ചോരപുരണ്ട വാഹനത്തിനുള്ളിലേക്ക് തീക്ഷ്ണമായ നോട്ടവുമായി നിൽക്കുന്ന കമലാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. ക്രൂരമായ പ്രതികാര കഥ പറയുന്ന മാസ് ആക്ഷൻ ഡ്രാമയായിരിക്കും ചിത്രമെന്ന സൂചനകളാണ് പോസ്റ്റർ നൽകുന്നത്.
'പ്രതികാരം ചോരകൊണ്ടു മാത്രമായിരിക്കും', 'പ്രതികാരം സംതൃപ്തി നൽകുന്നു. പക്ഷേ...' എന്നീ വാചകങ്ങളുള്ള രണ്ടുപോസ്റ്ററുകൾ ടൈറ്റിൽപോസ്റ്ററിന്റെ വരവറിയിച്ച് കഴിഞ്ഞദിവസങ്ങളിൽ പുറത്തിറക്കിയിരുന്നു. കമൽഹാസന്റെ രോഷംനിറഞ്ഞ കണ്ണുകളും, നരച്ച മുടിയും മീശയും ഗൗരവഭാവത്തിലുള്ള മുഖവും വ്യക്തമാക്കുന്ന ക്ലോസ്-അപ്പ് ലുക്കാണ് ഒരു പോസ്റ്ററിൽ. മറ്റൊന്നിൽ ആയുധമേന്തി നിൽക്കുന്ന കമലും. മധുരയുടെ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായാണ് അരുൺ കുമാർ ചിത്രമൊരുക്കുന്നതെന്നാണ് വിവരം.
ടൈറ്റിൽ പ്രഖ്യാപനത്തോടെ കമൽഹാസന്റെ സമീപകാല ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ് 'സണ്ടിയർ'. 'ചിത്താ', 'വീര ധീര സൂരന്‍' എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമൽഹാസൻ, ആര്‍. മഹേന്ദ്രനൊപ്പം ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. കോ-പ്രൊഡ്യൂസർ എസ്.ഡിസ്നി. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. അൻബറിവ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ആടുജീവിതത്തിലൂടെ ശ്രദ്ധേയനായ സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനർ-സി.എസ്.ബാലചന്ദർ,കോസ്റ്റ്യൂം ഡിസൈനർ-അമൃത റാം.
നരച്ച താടിയും മുടിയുമായി, കൈയില്‍ അരിവാളേന്തി നില്‍ക്കുന്ന ലുക്കിലുള്ള കമല്‍ഹാസന്റെ പോസ്റ്ററിലൂടെയാണ് കമൽ-എസ്.യു. അരുണ്‍ കുമാര്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. 'ഇതാ ഞാന്‍ വരുന്നു..' എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രഖ്യാപനം.