

കമല്‍ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡചിത്രം 'ഇന്ത്യന്‍ 3' ഔദ്യോഗികമായി സ്ഥിരീകരിച്ച് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. വാർ മോഡ് എന്ന ടാഗ് ലൈനോടെയുള്ള പോസ്റ്ററിൽ പുനരുത്ഥാനത്തിന്റെ തുടക്കം എന്ന വാചകവുമുണ്ട്. ഹിന്ദുസ്ഥാനി 3 എന്ന പേരിലാണ് ഹിന്ദിയിലെ പോസ്റ്റർ.
1996ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍', 2024-ല്‍ എത്തിയ 'ഇന്ത്യന്‍ 2' എന്നീ ചിത്രങ്ങളുടെ പ്രീക്വലായാണ് ഇന്ത്യന്‍ 3 ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. ഇന്ത്യന്‍ 2-ന്റെ ക്ലൈമാക്‌സില്‍ തന്നെ ചിത്രത്തിന്റെ സൂചന നല്‍കിയിരുന്നു. സേനാപതിയുടെ പിതാവും സ്വാതന്ത്ര്യസമര സേനാനിയുമായ വീരശേഖരന്‍ ബല്‍റാമിന്റെ കഥയായിരിക്കും മൂന്നാം ഭാഗത്തില്‍ പ്രധാനമായും ദൃശ്യവല്‍ക്കരിക്കുന്നത്.
ഇന്ത്യന്‍ 2-വില്‍ അഭിനയിച്ച സിദ്ധാര്‍ഥ്, കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, എസ്.ജെ. സൂര്യ എന്നിവര്‍ ഇന്ത്യന്‍ 3-യിലും തങ്ങളുടെ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കും. ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും ജി.കെ.എം. തമിഴ് കുമരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതവും രവി വര്‍മന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ മുത്തുരാജാണ്. കൂടാതെ, 'ചിത്ത' ഫെയിം എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കമല്‍ഹാസന്‍ അഭിനയിക്കും.