ചെന്നൈയില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സിംഗീതം ശ്രീനിവാസ റാവുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടനും പാര്‍ലമെന്റ് അംഗവുമായ കമല്‍ഹാസന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് പ്രിയപ്പെട്ട സംവിധായകനുമൊത്തുള്ള ഓര്‍മകളും അദ്ദേഹത്തോടുള്ള ആദരവും കമല്‍ഹാസന്‍ പങ്കുവെച്ചത്.
'ചെറുപ്പത്തിന്റെ പ്രസരിപ്പോടെ തന്നെയാണ് സിംഗീതം ഗാരു ഈ ജീവിതത്തില്‍ നിന്ന് യാത്രയായത്. ആ യുവത്വം അത്ര പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ ആ യുവത്വവും ഊര്‍ജവും എന്നിലേക്കും പകരുമെന്ന പ്രതീക്ഷയില്‍, അദ്ദേഹത്തിന്റെ കൈകോര്‍ത്ത് നടന്ന കൂട്ടുകാരിലും ശിഷ്യന്മാരിലും ഒരാളായിരുന്നു ഞാന്‍...' കമല്‍ ഹാസന്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.
1979-ല്‍ പുറത്തിറങ്ങിയ 'സൊമ്മൊകടിധി സോക്കകടിധി' എന്ന ചിത്രത്തിലൂടെയാണ് കമല്‍ ഹാസനും സിംഗീതം ശ്രീനിവാസ റാവുവും ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് തമിഴ് സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും തന്നെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ രാജ പാര്‍വൈ (1981), വചനങ്ങളില്ലാത്ത പേസും പടം, പുഷ്പക വിമാനം (1987), അപൂര്‍വ സഹോദരന്മാര്‍ (1989), മൈക്കിള്‍ മദന കാമ രാജന്‍ (1990), കാതല കാതല (1998), മുംബൈ എക്‌സ്പ്രസ് (2005) തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.