പ്രശസ്ത ചലച്ചിത്രകാരനും നടനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ ദക്ഷിണന്ത്യൻ സിനിമയിൽ വലിയ സ്വാധീനം ചെലുത്തിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം.
സിനിമയിൽ തനതായ ഒരു ഹാസ്യശൈലി രൂപപ്പെടുത്തിയ അദ്ദേഹം, സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും കുടുംബബന്ധങ്ങളിലെ സങ്കീർണതകളും വളരെ ലളിതമായി സ്ക്രീനിൽ എത്തിച്ചു. തമിഴ് സിനിമയിൽ 'തിരക്കഥാ ചക്രവർത്തി' എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ 1953 ജനുവരി 7-നാണ് ഭാഗ്യരാജിന്റെ ജനനം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 'പതിനാറു വയതിനിലേ', 'സിഗപ്പു റോജാക്കൾ' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിൽ പങ്കാളിയാവുകയും ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1979-ൽ പുറത്തിറങ്ങിയ 'സുവരില്ലാത്ത ചിത്തിരങ്ങൾ' ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
25-ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും അദ്ദേഹം സിനിമകൾ ഒരുക്കി. 'അന്ത ഏഴു നാട്കൾ', 'തൂറൽ നിന്നു പോച്ച്', 'മുന്താണൈ മുടിച്ചു', 'ചിന്ന വീട്', 'രാസുകുട്ടി' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ആഖ്രി രാസ്ത' എന്ന പ്രശസ്ത ഹിന്ദി ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമാണ്. മലയാളത്തിൽ ദിലീപ് നായകനായ 'മിസ്റ്റർ മരുമകൻ' എന്ന ചിത്രത്തിൽ അദ്ദേഹം പ്രധാന വേഷത്തിലും എത്തി. അദ്ദേഹം അഭിനയിച്ച ഏക മലയാളചിത്രവും 'മിസ്റ്റർ മരുമകനാ'ണ്.
'മുന്താണൈ മുടിച്ച്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2014-ൽ സൈമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
തമിഴ്,കന്നഡ,മലയാളം സിനിമകളിൽ അഭിനയിച്ചിരുന്ന പ്രവീണയായിരുന്നു ഭാഗ്യരാജിന്റെ ആദ്യഭാര്യ. 1981-ൽ ആയിരുന്നു ഇവരുടെ വിവാഹം. 1983-ൽ പ്രവീണ അന്തരിച്ചു. അതിനുശേഷം ഭാഗ്യരാജ് പ്രശസ്ത നടി പൂർണിമ ജയറാമിനെ വിവാഹം കഴിച്ചു. ചലച്ചിത്ര താരം ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്.