തമിഴ് ചലച്ചിത്ര ലോകത്ത് വലിയൊരു ശൂന്യത ബാക്കിവച്ചാണ് ഭാഗ്യരാജ് വിടവാങ്ങുന്നത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് ദൃശ്യഭാഷയുടെ പുതുവഴികള്‍ വെട്ടിത്തെളിച്ച ഗുരുനാഥന്‍ ഭാരതിരാജയുടെ വിടപറയലിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വിയോഗം. അമാനുഷിക പരിവേഷങ്ങളോ മാസ് ഡയലോഗുകളോ ഇല്ലാതെ, കണ്ണട ധരിച്ച ഒരു ശരാശരി തമിഴനായി വെള്ളിത്തിരയിലെത്തി കോടിക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രതിഭയായിരുന്നു അദ്ദേഹം.
ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തു നിന്ന് ചെന്നൈയിലെ കോടമ്പാക്കത്തേക്ക് വണ്ടി കയറുമ്പോള്‍, സാധാരണക്കാരുടെ കഥകള്‍ ലോകത്തോട് വിളിച്ചുപറയണമെന്ന ആഗ്രഹം മാത്രമായിരുന്നു കൃഷ്ണസാമി ഭാഗ്യരാജ് എന്ന ആ യുവാവിന്റെ മനസില്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മാതാവായും ഒടുവില്‍ ജനസേവകനായും അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം തമിഴകത്തു നിറഞ്ഞുനിന്നു.
എണ്‍പതുകള്‍ അമാനുഷികരായ ആക്ഷന്‍ ഹീറോകളുടെ തരംഗമായിരുന്നു തിയേറ്ററുകളില്‍ ഉണ്ടാക്കിയിരുന്നുത്. ആ പതിവ് ശൈലികളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഭാഗ്യരാജ് തന്റെ സിനിമാവിപ്ലവം ആരംഭിക്കുന്നത്. നിത്യജീവിതത്തില്‍ നമ്മള്‍ കാണുന്ന കാമുകനായും ഭര്‍ത്താവായും സഹോദരനായും അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞു. കുടുംബബന്ധങ്ങളും ദൈനംദിന പ്രശ്‌നങ്ങളും നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേക മിടുക്ക് കാണിച്ചു. സാമൂഹിക തിന്മകളെ ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ വിചാരണ ചെയ്യാനും അദ്ദേഹം മടി കാണിച്ചില്ല.
പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ ചലച്ചിത്ര കളരിയിലൂടെയായിരുന്നു ഭാഗ്യരാജിന്റെ തുടക്കം. 'പതിനാറു വയതിനിലേ', 'കിഴക്കേ പോകും റെയില്‍' തുടങ്ങിയ ക്ലാസിക് ചിത്രങ്ങളില്‍ ഭാരതിരാജയുടെ സഹായിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് 'പുതിയ വാര്‍പ്പുഗള്‍' എന്ന ചിത്രത്തിലൂടെ ഭാരതിരാജ തന്നെയാണ് ഭാഗ്യരാജിനെ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തിക്കുന്നത്.
1979-ല്‍ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്തിരങ്ങള്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ഭാഗ്യരാജ്, ഗ്രാമീണ-നഗര പശ്ചാത്തലങ്ങളെ കോര്‍ത്തിണക്കി ലളിതമായ പ്രണയവും കുടുംബബന്ധങ്ങളും ദൃശ്യവല്‍ക്കരിച്ചു കൊണ്ട് കോളിവുഡില്‍ ചരിത്രഗാഥകള്‍ എഴുതി. തമിഴ് സിനിമാ ലോകം ഭാഗ്യരാജിനെ 'തിരക്കഥാ ചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. സിനിമയുടെ ഓരോ മേഖലയിലും അസാധ്യമായ പാഠവമുണ്ടായിരുന്ന അദ്ദേഹം പരീക്ഷിച്ച പല കഥാതന്തുക്കളും പിന്നീട് കോളിവുഡില്‍ മാത്രമല്ല, തെന്നിന്ത്യയിലാകെ പലരും പരീക്ഷിച്ച വിജയ ഫോര്‍മുലകളായി മാറി.
'മുന്താണൈ മുടിച്ച്', 'അന്ത ഏഴ് നാട്കള്‍', 'ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്', 'ചിന്ന വീട്', 'എങ്ക ചിന്ന രാസ' തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തമിഴ്‌നാടിന് പുറമെ മറ്റ് ഭാഷകളിലും വന്‍ വിജയങ്ങളാണ് നേടിയത്. മലയാളത്തിന്റെ പ്രിയ നടിമാരായ ഉര്‍വശി, കല്പന തുടങ്ങിയ നിരവധി പ്രതിഭകളെ ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചതും ഭാഗ്യരാജെന്ന ദീര്‍ഘദര്‍ശിയായ സംവിധായകനാണ്.
തമിഴകത്തെപ്പോലെ തന്നെ മലയാളികള്‍ക്കും ഭാഗ്യരാജ് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ പല സൂപ്പര്‍ഹിറ്റ് സിനിമകളുടെയും മേക്കിങ് ശൈലി മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ദിലീപ് നായകനായ 'മിസ്റ്റര്‍ മരുമകന്‍' (2012) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. എണ്‍പതുകളില്‍ മലയാളത്തില്‍ തിളങ്ങിനിന്ന നടി പൂര്‍ണിമ ജയറാമാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി. 'ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്' എന്ന സിനിമയിലെ അഭിനയത്തിനിടയിലെ സൗഹൃദമാണ് പിന്നീട് വിവാഹത്തില്‍ കലാശിച്ചത്.
ധനുഷ് നായകനായ 'കുബേര' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്. പുതിയൊരു സിനിമയുടെ സംവിധാനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ആ ചലച്ചിത്ര പ്രതിഭ വിടവാങ്ങുന്നത്.