തമിഴ് താരം ജീവയും മലയാളി സംവിധായകൻ മുഹമ്മദ് മുസ്തഫയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനു തുടക്കമായി. 'ജീവ 49' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിൽ പ്രമുഖ താരങ്ങളായ നിമിഷ സജയനും 'വാഴ 2' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഏയ്ഞ്ചൽ മരിയയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജീവയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മറ്റ് പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.
നടനായും സംവിധായകനായും ശ്രദ്ധേയനായ മുഹമ്മദ് മുസ്തഫയുടെ 'കപ്പേള' നിരൂപക പ്രശംസ നേടിയിരുന്നു. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
സുരാജ് വെഞ്ഞാറമൂട്, ഹൃദു ഹാറൂൺ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഗ്യാങ്സ്റ്റർ ചിത്രമായ 'മുറ'യാണ് മുസ്തഫയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.