

ഭരത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എം. ഗുരു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്നലെ ലളിതമായ ചടങ്ങുകളോടെ നടന്നു. ഹാസ്യത്തിനും കുടുംബബന്ധങ്ങളിലെ വികാരങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന എന്റർടെയ്നറായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
വൈശാലി രാജ്, മീനാക്ഷി ദിനേഷ്, രക്ഷണ ഇന്ദുചൂഡൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഒപ്പം രാജേഷ് മാധവൻ, മുനീഷ്‌കാന്ത്, സ്റ്റാലിൻ, സുജിത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചെന്നൈയിലും ആലപ്പുഴയിലുമായി ഏകദേശം 45 ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്.
ട്വിൻ ടവർ പ്രൊഡക്ഷൻസും ഡി ക്രോണിക്കിൾ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് എസ്.ആർ. സതീഷ് കുമാർ ഛായാഗ്രഹണവും അരുൾ ഇ. സിദ്ധാർഥ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഡൺ ബാലയാണ് കലാസംവിധാനം. ദിനേശ് കാശിയാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.