ദ്രാവിഡമണ്ണ് ഒന്നടങ്കം കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്‍' ഒടുവില്‍ വെള്ളിത്തിരയിലേക്കെത്താന്‍ ഒരുങ്ങുന്നതായി സൂചന. സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കങ്ങളെത്തുടര്‍ന്ന് പൊങ്കല്‍ റിലീസ് മുടങ്ങിയ ചിത്രം, ഫെബ്രുവരി അവസാന വാരത്തോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ലഭ്യമായ സൂചനകള്‍ പ്രകാരം, ഫെബ്രുവരി 12-നും 26-നും ഇടയിലുള്ള ഒരു തീയതിയാകും അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക. വിദേശ വിതരണക്കാര്‍ക്ക് ഇതിനോടകം തന്നെ തയാറെടുപ്പുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം ലഭിച്ചതായാണ് സൂചന. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ്.
ജനുവരി 9-ന് പൊങ്കല്‍ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മാറ്റിവച്ചത്. ചിത്രത്തിലെ ചില രാഷ്ട്രീയ പരാമര്‍ശങ്ങളും ദൃശ്യങ്ങളും പുനഃപരിശോധിക്കണമെന്ന ബോര്‍ഡിന്റെ നിലപാട് കോടതി കയറുകയായിരുന്നു. നിലവില്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് ആരാധകരും ചലച്ചിത്രലോകവും പ്രതീക്ഷിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പുള്ള അവസാന ചിത്രമായാണ് കണക്കാക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ വെട്രി കൊണ്ടന്‍ (വിജയ്) ഒരു കൊച്ചു പെണ്‍കുട്ടിയെ ദത്തെടുക്കുന്നതും, അവളെ സൈന്യത്തില്‍ ചേരാന്‍ പ്രാപ്തയാക്കുന്നതുമാണ് കഥയുടെ ഒരു വശം. എന്നാല്‍ രാജ്യത്തിനുനേരെ ഉയരുന്ന ഒരു വലിയ ഭീഷണിയെ നേരിടാന്‍ വെട്രിക്ക് രംഗത്തിറങ്ങേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന ആവേശകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തിറങ്ങുന്ന രാഷ്ട്രീയ ആക്ഷന്‍ ഡ്രാമ എന്ന നിലയില്‍ 'ജനനായകന്‍' വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവച്ചേക്കാം.