ദ്രാവിഡമണ്ണിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് ആരാധകര്‍ക്കു സമ്മാനിക്കുന്ന അവസാന ചിത്രം 'ജനനായകന്‍' റിലീസ് പ്രതിസന്ധിയില്‍ തുടരുന്നു. ചിത്രത്തിന് 'UA' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചതോടെയാണ് തര്‍ക്കം സുപ്രീം കോടതിയില്‍ എത്തിയത്.
സിനിമയുടെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെ സെന്‍സര്‍ ബോര്‍ഡുംകോടതിയിലെത്തി. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉത്തരവു പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് സുപ്രീം കോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്തു. ചിത്രത്തില്‍ സൈനിക ചിഹ്നങ്ങളും എംബ്ലങ്ങളും ഉപയോഗിച്ചതാണ് വീഴ്ചകളായി സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ സമിതിയുടെ പരിശോധന ആവശ്യമാണെന്നും അതില്ലാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നുമാണ് ബോര്‍ഡിന്റെ നിലപാട്. ജനുവരി 9-ന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമിയുടെ റിലീസ് ഇതോടെ നീളുകയാണ്.
അതേസമയം, ജനനായകനെതിരെ സെന്‍സര്‍ബോര്‍ഡ് സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തുവന്നിരുന്നു. ചലച്ചിത്രലോകത്തുനിന്നും ആരാധകരില്‍നിന്നും വിഷയത്തില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ വിസ്മയിപ്പിക്കുന്ന വിജയ് എന്ന നടന് അര്‍ഹമായ യാത്രയയപ്പ് നല്‍കണമെന്നാണ് നിര്‍മാതാവ് വെങ്കട്ട് കെ. നാരായണ അഭ്യര്‍ഥിക്കുന്നത്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പമാണ് തങ്ങളെന്നും നീതി ലഭിക്കുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.