'ജനനായകൻ' പോസ്റ്ററിൽ വിജയ് കടപ്പാട്-ഐഎംഡിബി
Tamil

'ജനനായകനെ തടയാന്‍ നോക്കേണ്ട, ഓരോ വീട്ടിലും ഓരോ വിജയ് ഉണ്ടാകും'- സ്റ്റാലിനെതിരേ ദളപതി

പപ്പപ്പ റിപ്പോര്‍ട്ടര്‍

രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള തന്റെ അവസാനചിത്രമായ 'ജനനായകന്‍' റിലീസ് വൈകുന്നതിനെക്കുറിച്ചു കടുത്ത പ്രതികരണവുമായി ദ്രാവിഡമണ്ണിന്റെ ഇളയദളപതി വിജയ്. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ കൂടിയ വിജയ് തഞ്ചാവൂരില്‍ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിലാണ് 'ജനനായകന്‍' റിലീസ് വൈകുന്നതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്.

ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള ശക്തമായ വിമര്‍ശനത്തിനിടെയായിരുന്നു സിനിമയെക്കുറിച്ചുള്ള താരത്തിന്റെ പരാമര്‍ശം. തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സിനിമയുടെ റിലീസ് തടയാനാകില്ലെന്നും ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നും വിജയ് വ്യക്തമാക്കി. സിനിമയുടെ റിലീസ് തടസപ്പെട്ടപ്പോള്‍ പിന്തുണയുമായി എത്തിയവര്‍ക്ക് നന്ദി പറഞ്ഞ വിജയ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് വെല്ലുവിളിച്ചു.

'മുഖ്യമന്ത്രി, നിങ്ങള്‍ക്ക് എന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കാം, എന്നാല്‍ ഓരോ വീട്ടിലുമുള്ള വിജയ്മാരെ നിശബ്ദനാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവര്‍ ഇതിനോടകം തന്നെ അവരുടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മികച്ച വിജയം നേടും'-വിജയ് പറഞ്ഞു.

'ജനനായകൻ' പോസ്റ്ററിൽ വിജയ്

ജനുവരി 9-ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന 'ജനനായകന്‍', സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകന്‍' വിജയ് യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഇതുവരെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിജയ്ക്കൊപ്പം പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ജനനായകന്‍' രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ഡ്രാമയാണ്.