

ഇളയദളപതി വിജയ്‌യുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചന വാർത്തകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വേർപിരിയലിന്‍റെ പ്രധാനകാരണം നടി തൃഷയുമായി വിജയ്‌ക്കുള്ള വഴിവിട്ട ബന്ധമാണെന്നാണ് റിപ്പോർട്ട്. 'പ്രമുഖനടി'യുമായി തന്‍റെ ഭർത്താവിന് വർഷങ്ങളായി വഴിവിട്ടബന്ധമുണ്ടെന്ന് സംഗീത കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വിജയ് വിവാഹമോചിതനായാലും തൃഷയെ വിവാഹം കഴിക്കാൻ സാധ്യതയില്ലെന്നാണ് കോളിവുഡിലെ ചില പ്രമുഖർ നൽകുന്ന സൂചനകൾ. വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ടിവികെയിൽ അംഗമാകാനും നേതൃനിരയിലേക്കെത്താനും പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചെത്തിയ തൃഷ, രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറി. അതുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും പിന്നീട് പറയുകയുമുണ്ടായില്ല. സ്വന്തം പാർട്ടിയായ ടിവികെയിലേക്ക് തൃഷയെ എത്തിക്കാൻ വിജയ്ക്ക് അമിത താത്പര്യം ഉണ്ടായിരുന്നതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ, കുടുംബപ്രശ്നങ്ങളെത്തുടർന്ന്, തൃഷ തത്കാലം മാറിനിൽക്കുകയായിരുന്നു. അതേസമയം, തൃഷക്കെതിരെ വിജയ് കുടുംബത്തിൽപ്പെട്ടവരുടെ സമ്മർദമുണ്ടായെന്നും ചിലർ പറയുന്നു. പൊതുമധ്യത്തിൽ വിജയ്‌യുടെ ഇമേജ് സംരക്ഷിക്കാനായി തൃഷ വിട്ടുനിന്നെന്നും കോളിവുഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തൃഷയുടെ മുഴുവൻ പേര് തൃഷ കൃഷ്ണൻ എന്നാണ്. വിജയ് തൃഷയെ വിവാഹം കഴിച്ചാൽ അത് തൃഷ വിജയ് കൃഷ്ണനാകുമെന്നും ആ പേര് ചുരുക്കുമ്പോൾ വിജയ് യുടെ പാർട്ടിപ്പേരായ ടിവികെ എന്നാകുമെന്നുമുള്ള കൗതുകകരമായ കണ്ടെത്തലും കോളിവുഡിൽ നിറയുന്നുണ്ട്.
അവസാന ചിത്രമെന്ന് കൊട്ടിഗ്ഘോഷിച്ചെത്തിയ ജനനായകൻ കോടതി കയറിയതും, പിന്നാലെ ഭാര്യ താരത്തിനെതിരെ വിവാഹമോചന ഹർജി സമർപ്പിച്ചതും വിജയ്‌യുടെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടം വരുത്തിയിട്ടുണ്ട്. അരമനരഹസ്യമായിരുന്ന വിജയ്-തൃഷ ബന്ധം നാട്ടിലെങ്ങും പാട്ടായതോടെ താരത്തിന്‍റെ ചലച്ചിത്രജീവിതത്തിലും പൊതുജീവിതത്തിലും എന്തുസംഭവിക്കുമെന്നതാണ് കോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം.