മമിത ബൈജു ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

ഹൃദയം തകരുന്ന വേദന; 'ജനനായകനി'ലെ രംഗങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിച്ച് മമിത ബൈജു

പപ്പപ്പ റിപ്പോര്‍ട്ടര്‍

വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ 'ജനനായകന്‍' റിലീസിന് മുന്‍പേ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് തമിഴ് സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്. തങ്ങളുടെ ചോരയും നീരുമാണ് ഓരോ സിനിമയെന്നും ഇത്തരത്തില്‍ തകര്‍ക്കപ്പെടുന്നതു കാണുമ്പോള്‍ ഹൃദയം തകരുകയാണെന്നും ചിത്രത്തിലെ നായിക മമിത ബൈജു പ്രതികരിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മമിത തന്റെ വേദന പങ്കുവച്ചത്. 'നൂറുകണക്കിനു മനുഷ്യരുടെ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഒരു സിനിമ. ചില കാഴ്ചകള്‍ അത് അര്‍ഹിക്കുന്ന ഗരിമയോടെ ബിഗ് സ്‌ക്രീനില്‍തന്നെ കാണേണ്ടവയാണ്. ദയവായി വ്യാജ പതിപ്പുകളെ പ്രോത്സാഹിപ്പിക്കരുത്. സിനിമയെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരെയും സംരക്ഷിക്കണം' - മമിത കുറിച്ചു. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ പൂജ ഹെഗ്‌ഡെയും സമാനമായ രീതിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

മമിത ബൈജുവും വിജയ് യും

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്‍ തുടക്കം മുതല്‍ വിവാദങ്ങളുടെ നിഴലിലായിരുന്നു. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ വ്യാജ പതിപ്പ് കൂടി തലവേദനയാകുന്നത്. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വിജയ് കഴിഞ്ഞ ദിവസം പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

' ജനനായകൻ' ട്രെയിലറിൽ മമിത ബൈജു

വിവാദങ്ങള്‍ കടുത്തതോടെ വമ്പന്‍ തുകയ്ക്ക് (121 കോടി രൂപ) ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയ പ്രൈം വീഡിയോ കരാറില്‍നിന്നു പിന്മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണു ചിത്രത്തിന്റെ റിലീസ് എന്നാണു പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'ജനനായകന്‍' വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാണ്. രാഷ്ട്രീയ പ്രവേശനത്തിനു കളമൊരുക്കിയ ബിഗ് ബജറ്റ് ചിത്രം ആരാധകര്‍ക്കു കേവലം ഒരു സിനിമയല്ല, മറിച്ചു തങ്ങളുടെ പ്രിയതാരത്തിനുള്ള യാത്രയയപ്പ് കൂടിയാണ്.