'ജനനായകന്‍' പ്രൊമോ വീഡിയോയിൽ നിന്ന്  സ്ക്രീൻ​ഗ്രാബ്
Tamil

കല്ലും മുള്ളും കാലുക്ക് മെത്തയാക്കിയ 'ജനനായക'സഞ്ചാരം

പപ്പപ്പ റിപ്പോര്‍ട്ടര്‍

കോളിവുഡിനെ അമ്പരപ്പിച്ച പ്രതിസന്ധികളെയും വിവാദങ്ങളെയും കാറ്റില്‍പ്പറത്തി ദളപതി വിജയ് നായകനാകുന്ന അവസാന ചിത്രം 'ജനനായകന്‍' ഒടുവില്‍ ബിഗ് സ്‌ക്രീനില്‍ തരംഗമാകുന്നു. മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് കുരുക്കുകള്‍ക്കും ഡിജിറ്റല്‍ ചോര്‍ച്ച വിവാദങ്ങള്‍ക്കുമൊടുവിലാണു ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഗ്രാന്‍ഡ് റിലീസായി എത്തിയിരിക്കുന്നത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് മാസ് എന്റര്‍ടെയ്നര്‍ കഴിഞ്ഞ ജനുവരിയില്‍ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിക്കാനായിരുന്നു നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ എക്‌സാമിനിങ് കമ്മറ്റിയുടെ അപ്രതീക്ഷിത തടസവാദങ്ങളെത്തുടര്‍ന്ന് ചിത്രം റിവിഷന്‍ കമ്മിറ്റിക്ക് വിടുകയായിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി.

സെന്‍സര്‍ കുരുക്കുകള്‍ തുടരുന്നതിനിടയിലാണ് ഏപ്രിലില്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. കോടിക്കണക്കിന് ആളുകള്‍ കണ്ട ചോര്‍ച്ച വലിയ വാര്‍ത്താപ്രാധാന്യം നേടി. തുടര്‍ന്ന് തമിഴ്നാട് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അതിവേഗ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

'ജനനായകന്‍' പ്രൊമോ വീഡിയോയിൽ നിന്ന്

നീണ്ട കാത്തിരിപ്പിനൊടുവില്‍ ജൂലായ് ഒമ്പതിന് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കി പച്ചക്കൊടി കാണിച്ചു. ചില രാഷ്ട്രീയ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പന്ത്രണ്ട് മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. മൂന്നു മണിക്കൂറും മൂന്നു മിനിറ്റും ദൈര്‍ഘ്യമുള്ള കട്ട് പതിപ്പാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

സകല തടസങ്ങളെയും അതിജീവിച്ച് തിയേറ്ററുകളിലെത്തിയ 'ജനനായകന്' ലോകമെമ്പാടും അഭൂതപൂര്‍വമായ വരവേല്പാണ് ലഭിക്കുന്നത്. ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവര്‍ അണിനിരക്കുന്ന ചിത്രം വിജയ് എന്ന സൂപ്പര്‍താരത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായമായി മാറുകയാണ്.