'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

ലിയോയും ഗോട്ടും മുന്നിൽ; എങ്കിലും പെട്ടി നിറച്ച് 'ജനനായകൻ'

പപ്പപ്പ ഡസ്‌ക്‌

ബോക്സ് ഓഫീസിൽ വീണ്ടുമൊരു വിജയ് കൊടുങ്കാറ്റ്! എച്ച്. വിനോദ് സംവിധാനം ചെയ്ത ആക്ഷൻ വിരുന്ന് 'ജനനായകൻ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വമ്പൻ റിലീസായി എത്തി തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ്. വിജയ് യുടെ സിനിമ ജീവിതത്തിലെ ഏറ്റവും നിർണായകമായ ചിത്രം ആദ്യദിനം തന്നെ കോടികളുടെ കളക്ഷനുമായി അമ്പരപ്പിക്കുന്ന തുടക്കമാണ് സ്വന്തമാക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യദിനം തന്നെ കൂറ്റൻ സംഖ്യകൾ വാരിക്കൂട്ടിയെങ്കിലും വിജയ്‌യുടെ മുൻകാല വിജയങ്ങളായ 'ലിയോ', 'ദ് ഗോട്ട്' എന്നിവ സൃഷ്ടിച്ച റെക്കോർഡ് ആദ്യദിന കളക്ഷനുകളെ മറികടക്കാൻ 'ജനനായക'ന് സാധിച്ചിട്ടില്ല. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഓപ്പണിങ്ങുകളിൽ ലിയോയ്ക്കും ഗോട്ടിനും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് ചിത്രമിപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്.

'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന്

എങ്കിലും, ആദ്യദിനത്തിനുശേഷം ലഭിക്കുന്ന മികച്ച പ്രേക്ഷകാഭിപ്രായങ്ങളും വരാനിരിക്കുന്ന അവധി ദിനങ്ങളും ചിത്രത്തിന് വലിയ തുണയാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അടുത്ത ദിവസങ്ങളിൽ 'ജനനായകൻ' ബോക്സ് ഓഫീസ് റെക്കോഡുകൾ ഒന്നൊന്നായി തിരുത്തിയെഴുതുമെന്ന് ഉറപ്പാണ്.

വിജയ്‌യുടെ മാസ് പ്രകടനത്തോടൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ബോബി ഡിയോൾ എന്നിവരുടെ സന്നിധ്യവും അനിരുദ്ധ് രവിചന്ദറിന്റെ തകർപ്പൻ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ ഊർജമാണ് നൽകുന്നത്. വിജയ് യുഗത്തിലെ മാസ് പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ തിയേറ്ററുകളിൽ ഇനിയും ഏതൊക്കെ റെക്കോർഡുകൾ തകർക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.