തമിഴകത്തിന്റെ "ദളപതി' വിജയ് വെള്ളിത്തിരയോട് വിടപറയുന്ന അവസാന ചിത്രം 'ജനനായകൻ' റിലീസിന് തിരി കൊളുത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ആവേശകരമായ വെളിപ്പെടുത്തലുമായി സംവിധായകൻ എച്ച്. വിനോദ്. ചിത്രം കൈകാര്യം ചെയ്യുന്നത് തികച്ചും ഗൗരവമുള്ള രാഷ്ട്രീയ പ്രമേയമായതിനാൽ, സ്ക്രീനിൽ നായകനെ വെറുതെ പുകഴ്ത്തുന്ന രീതിയിലുള്ള അതിരുകടന്ന ഫാൻ എലമെന്റുകളോ അനാവശ്യ മാസ് രംഗങ്ങളോ തിരുകിക്കയറ്റരുതെന്ന് വിജയ് തന്നോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായി വിനോദ് വെളിപ്പെടുത്തി.
വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരോട് ഒരു കാര്യം വ്യക്തമാക്കുകയാണ് എച്ച്. വിനോദ്. സിനിമ ഒരു സാധാരണ ഫാൻ ഫെസ്റ്റ് വിരുന്നല്ല, മറിച്ച് ശക്തമായ ജനാധിപത്യ പോരാട്ടത്തിന്റെ കഥയാണ്. 'വിജയ് സാറിനെ സ്ക്രീനിൽ വെറുതെ ആഘോഷിക്കാനോ, രാഷ്ട്രീയ നേട്ടങ്ങൾക്കായി ആകാശത്തോളം പുകഴ്ത്താനോ വേണ്ടിയുള്ള മാസ് സംഭാഷണങ്ങൾ അടിച്ചേൽപ്പിക്കരുത്. കഥയ്ക്കും കഥാപാത്രത്തിനും മാത്രം സ്വാഭാവികമായ മുൻഗണന നൽകിയാൽ മതി...' എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.'- വിനോദ് പറയുന്നു. വിജയിയുടെ മുൻകാല ഹിറ്റ് ഫോർമുലകൾ ആവർത്തിക്കുന്നതിന് പകരം, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സന്ദേശമാണ് ചിത്രം പങ്കുവെക്കുന്നത്.
അനാവശ്യ മസാലകൾ ഒഴിവാക്കിയെങ്കിലും വിജയ് ആരാധകരെ ഒട്ടും നിരാശരാക്കില്ലെന്നും വിനോദ് ഉറപ്പുനൽകുന്നു: 'ചിത്രത്തിന്റെ ആകെത്തുക എടുത്തുനോക്കിയാൽ പക്കാ വിജയ് ചിത്രം തന്നെയാണ്. അതിനൊപ്പം എന്റെ കഥപറച്ചിലിന്റെ തനത് ശൈലിയും കൃത്യമായി സമ്മേളിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സിനിമയുടെ അവസാന ഒരു മണിക്കൂർ കാണികളെ മുൾമുനയിൽ നിർത്തുന്ന വിഷ്വൽ ട്രീറ്റ് ആയിരിക്കും...' വിനോദ് കൂട്ടിച്ചേർത്തു.
സെൻസർ ബോർഡിന്റെ തടസങ്ങളെല്ലാം മറികടന്ന് തിയേറ്ററുകളിലേക്ക് എത്തുന്ന 'ജനനായകൻ' തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊളിറ്റിക്കൽ ത്രില്ലറായി മാറുമോ? അതിനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.