'ജയിലർ 2'-ൽ രജനികാന്ത് ഫോട്ടോകടപ്പാട്-സൺ പിക്ചേഴ്സ്
Tamil

'ജയിലർ 2'ന് മുന്നിൽ ഇനി '2.0' മാത്രം; ആ​ഗോള കളക്ഷൻ 660 കോടി കടന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോക്‌സോഫീസില്‍ ചരിത്രം കുറിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍ 2'. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തമിഴ് സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്.

പ്രമുഖ ബോക്‌സോഫീസ് ട്രാക്കര്‍മാരായ സാല്‍നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, റിലീസിന് ശേഷം പത്തു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 660 കോടി രൂപ കടന്നിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് മാത്രം ചിത്രം 436.80 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കി. വാരാന്ത്യമായ ശനിയാഴ്ച മാത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍നിന്ന് 24.15 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

'ജയിലർ 2'സക്സസ് പോസ്റ്റർ

രജനികാന്തിന്റെ തന്നെ '2.0' എന്ന ചിത്രത്തിന് പിന്നിലായി തമിഴ് സിനിമയിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി 'ജയിലര്‍ 2' ഇതിനോടകം മാറി. നവംബര്‍ ആദ്യവാരം വരെ തമിഴില്‍ വലിയ ചിത്രങ്ങളൊന്നും റിലീസിനില്ലാത്തതിനാല്‍ ചിത്രം ബോക്‌സോഫീസില്‍ പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രമായി 'ജയിലര്‍ 2' മാറുമെന്നാണ് ആരാധകരുടെയും സിനിമാപ്രേമികളുടെയും പ്രതീക്ഷ.