സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'ജയിലർ 2'-ന് കാനഡയിൽ തിരിച്ചടി. സാങ്കേതിക തടസങ്ങളെ തുടർന്ന് കാനഡയിലെ യോർക്ക് സിനിമാസിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചു. ഒക്ടോബർ 21 ബുധനാഴ്ച മുതലാണ് തിയേറ്റർ അധികൃതർ ചിത്രത്തിന്റെ പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചത്.
ചിത്രം പ്രദർശിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ കീ ഡെലിവറി മെസേജുകൾ ലഭ്യമാകാത്തതാണ് പ്രദർശനം തടസപ്പെടാൻ കാരണം. ചിത്രത്തിനായുള്ള സാമ്പത്തിക ബാധ്യതകളും പേയ്മെന്റുകളും കൃത്യമായി പൂർത്തിയാക്കിയിട്ടും വടക്കേ അമേരിക്കൻ വിതരണക്കാരായ ശ്ലോക എന്റർടൈൻമെന്റ്സ്, പ്രത്യംഗിര സിനിമാസ് എന്നിവരിൽ നിന്ന് മെസേജുകൾ ലഭിച്ചില്ലെന്ന് തിയേറ്റർ അധികൃതർ വ്യക്തമാക്കി.
നിർമാതാക്കളായ സൺ പിക്ചേഴ്സിന്റെ ആവശ്യമായ അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് വിവരം. പ്രദർശനം മുടങ്ങിയതിൽ പ്രേക്ഷകരോട് യോർക്ക് സിനിമാസ് അധികൃതർ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ ഒക്ടോബർ 15-ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാനഡയിൽ പ്രതിസന്ധി നേരിട്ടത്.