

സിനിമകളുടെ സീക്വലുകള്‍ ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലായിരുന്നെന്നുവെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 'ബാഷ 2', 'പേട്ട 2' തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാനുള്ള ഓഫറുകള്‍ നിരസിച്ച താന്‍ പക്ഷേ, 'ജയിലര്‍ 2' ചെയ്യാന്‍ സമ്മതിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് തലൈവര്‍. 'ജയിലര്‍ 2' സൂപ്പര്‍ഷോ പ്രീ-റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
കരിയറിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളായ 'ബാഷ', 'പേട്ട' തുടങ്ങിയ സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ക്കായി സംവിധായകരും നിര്‍മാതാക്കളും സമീപിച്ചിരുന്നെങ്കിലും താന്‍ അത് നിരസിക്കുകയായിരുന്നുവെന്ന് രജനികാന്ത് വ്യക്തമാക്കി. ആദ്യ ഭാഗങ്ങളുടെ അതേ ഫോര്‍മുല ആവര്‍ത്തിക്കുക മാത്രമാണ് സീക്വലുകള്‍ ചെയ്യുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് എന്ന് ഞാന്‍ കരുതിയിരുന്നത്- അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ഒടിടി റിലീസിന് ശേഷം വീണ്ടും കണ്ടപ്പോള്‍ ചിത്രത്തില്‍ ഒരു തുടര്‍ച്ചയ്ക്ക് അനുയോജ്യമായ വ്യക്തമായ പ്ലോട്ട് അവശേഷിക്കുന്നുണ്ടെന്ന് തോന്നി. വലിയൊരു അധോലോക ശൃംഖല പിന്നിലുണ്ടെന്ന് മുത്തുവേല്‍ പാണ്ഡ്യന് വര്‍മൻ മുന്നറിയിപ്പ് നല്‍കുന്ന രംഗവും, ആയിരം കോടിയുടെ സാധനങ്ങളുമായി പോകുന്ന കണ്ടെയ്‌നറുകളെക്കുറിച്ചുള്ള സൂചനകളുമാണ് തന്നെ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യം സംവിധായകന്‍ നെല്‍സണും 'ജയിലര്‍ 2' എന്ന ആശയത്തോട് പൂര്‍ണമായി യോജിച്ചിരുന്നില്ലെങ്കിലും, പിന്നീട് ഒരു മാസത്തെ ആലോചനയ്ക്ക് ശേഷം അദ്ദേഹം മികച്ച ഒരു തിരക്കഥയുമായി തിരിച്ചെത്തുകയായിരുന്നു.
ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ റിലീസിനൊരുങ്ങുന്ന 'ജയിലര്‍ 2' വന്‍ താരനിരയുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.