സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ജയിലര്‍ 2' വേള്‍ഡ് വൈഡ് തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 15-ന് ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിനായി കേരളത്തിലും വന്‍ റിലീസ് ആണ് ഒരുക്കുന്നത്. റിലീസ് ദിനത്തില്‍ പുലര്‍ച്ചെ ആറിനു ആദ്യ ഷോ ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഒക്ടോബര്‍ 11-ന് രാവിലെ 10ന് ആരംഭിക്കും. റിലീസിന് നാല് ദിവസം മുമ്പേ ബുക്കിങ് ആരംഭിക്കുന്നത് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ ട്രെന്‍ഡ് വ്യക്തമായി വിലയിരുത്താന്‍ സഹായിക്കുമെന്നാണ് തിയേറ്റര്‍ ഉടമകളുടെയും ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെയും കണക്കുകൂട്ടല്‍.
കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് ആണ് 'ജയിലര്‍ 2' തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണ പങ്കാളികള്‍. കര്‍ണാടകയിലും ശ്രീ ഗോകുലം മൂവീസ് തന്നെയാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം നാലായിരത്തിലധികം ഷോ ആണ് വിതരണക്കാര്‍ ലക്ഷ്യമിടുന്നത്.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് ജയിലറായി രജനികാന്ത് എത്തുമ്പോള്‍, അദ്ദേഹത്തിന് നേരെ തിരിയുന്ന അന്താരാഷ്ട്ര മാഫിയ സംഘങ്ങളും തുടര്‍ന്നുണ്ടാകുന്ന പോരാട്ടങ്ങളുമാണ് സിനിമയുടെ പ്രമേയം.
രമ്യാ കൃഷ്ണന്‍, യോഗി ബാബു, മിര്‍ണ, ഋത്വിക് തുടങ്ങിയവര്‍ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു. എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലന്‍, അന്നാ രാജന്‍, ജതിന്‍ സര്‍ണ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ പുതുതായി ഭാഗമാകുന്നുണ്ട്. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് U/A 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 165 മിനിറ്റും 18 സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.