തെന്നിന്ത്യൻ സിനിമാ ലോകത്തെയും ബോളിവുഡിനെയും ഒരേപോലെ ചൂടുപിടിപ്പിക്കുന്ന വാർത്തയാണ് നടൻ ധനുഷും നടി മൃണാൾ ഠാക്കൂറും വിവാഹിതരാകുന്നു എന്നത്. വരാനിരിക്കുന്ന വാലന്റൈൻസ് ദിനത്തിൽ (ഫെബ്രുവരി 14) ഇരുവരും വിവാഹിതരായേക്കുമെന്നാണ് ഫിലിം ഇൻഡസ്ട്രിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ മാധ്യമങ്ങൾ താരവിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ കുറച്ചു മാസങ്ങളായി സജീവമായിരുന്നു. ധനുഷിന്റെ സിനിമയായ 'തേരെ ഇഷ്ക് മേം' എന്ന ചിത്രത്തിന്റെ റാപ്പ്-അപ്പ് പാർട്ടിയിൽ മൃണാൾ പങ്കെടുത്തതോടെയാണ് ആരാധകർക്കിടയിൽ സംശയം ബലപ്പെട്ടത്. മൃണാൾ ഈ ചിത്രത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ, അജയ് ദേവ്ഗൺ ചിത്രം 'സൺ ഓഫ് സർദാർ 2'-ന്റെ സ്ക്രീനിങ്ങിനിടെ ഇരുവരും കൈകോർത്തു പിടിക്കുന്നതും രഹസ്യം പറയുന്നതുമായ വീഡിയോ വൈറലായതോടെ ചർച്ചകൾ കൊഴുത്തു.
കഴിഞ്ഞ ഓഗസ്റ്റിൽ ഒരു അഭിമുഖത്തിനിടെ മൃണാൾ ഠാക്കൂർ വാർത്തകളോട് പ്രതികരിച്ചിരുന്നു. ധനുഷ് തനിക്ക് 'നല്ല സുഹൃത്ത് മാത്രമാണ്' എന്നായിരുന്നു മൃണാളിന്റെ മറുപടി. തന്നെ സംബന്ധിച്ച് ഈ വാർത്തകൾ കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും നടി പറഞ്ഞു. 'സൺ ഓഫ് സർദാർ 2'-ന്റെ സ്ക്രീനിങ്ങിന് ധനുഷ് എത്തിയത് തനിക്ക് വേണ്ടിയല്ലെന്നും അജയ് ദേവ്ഗൺ ക്ഷണിച്ചിട്ടാണെന്നും അവർ വ്യക്തമാക്കി.
'ധനുഷ് പ്രിയ സുഹൃത്ത്' എന്നാണ് മൃണാൾ പറഞ്ഞതെങ്കിലും സോഷ്യൽ മീഡിയയിൽ ചില കണ്ടെത്തലുകൾ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ധനുഷിന്റെ സഹോദരിമാരെ ഇൻസ്റ്റാഗ്രമിൽ മൃണാൾ ഫോളോ ചെയ്യുന്നുണ്ട്. സാധാരണയായി ധനുഷിന്റെ സഹപ്രവർത്തകർ ആരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഫോളോ ചെയ്യാറില്ല എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുവെന്നാണ് ആരാധകരുടെ വാദം.
ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതം മാധ്യമങ്ങളിൽനിന്ന് അകറ്റി നിർത്താൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വിവാഹം പെട്ടെന്ന് ഒരു സ്വകാര്യ ചടങ്ങായി നടന്നേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ പുറത്തുവരുന്ന വാർത്തകളോട് ധനുഷോ, അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. ഇത് കേവലം ഗോസിപ്പ് മാത്രമാണോ അതോ ഇന്ത്യൻ സിനിമയിലെ അടുത്ത ബിഗ് വെഡിങ് ഫെബ്രുവരി 14-ന് നടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാലോകം.