തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം 'കര'യിലെ നായിക, മലയാളികളുടെ പ്രിയപ്പെട്ട മമിത ബൈജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'സെല്ലി' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്.
'ഫേസസ് ഓഫ് കര' എന്ന ക്യാമ്പയിനിലൂടെ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെയും വരും ദിവസങ്ങളില്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്തുമെന്ന് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 30ന് ആഗോള റിലീസ് ആയാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
ജനപ്രീതി നേടിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'പോര്‍ തൊഴിലി'ന് ശേഷം വിഘ്നേഷ് രാജ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.വൈകാരികതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ആക്ഷന്‍ ത്രില്ലറായാണ് 'കര' ഒരുങ്ങുന്നത്. 'ചിലപ്പോള്‍, ജീവനോടെയിരിക്കാനുള്ള ഏക വഴി അപകടകാരിയായി തുടരുക' എന്നതാണ് എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. തമിഴിലെ സൂപ്പര്‍ താരം ധനുഷും മലയാളത്തിന്റെ പ്രിയതാരം മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
തെന്നിന്ത്യയിലെ പ്രമുഖ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജയറാം, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം കെ.എസ്. രവികുമാര്‍, എം.എസ്. ഭാസ്‌കര്‍, കരുണാസ്, പൃഥ്വി പാണ്ഡ്യരാജന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സാങ്കേതികമായും മികച്ച നിലവാരം പുലര്‍ത്തുന്ന ഒന്നായിരിക്കും.
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ അവസാനത്തോടെ എത്തുന്ന ധനുഷ് ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.