'ഒന്നുമുതൽ നൂറുവരെ...' മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ 12 മികച്ചസിനിമകൾ

നൂറാം ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ മോഹൻലാലിനൊപ്പം പ്രിയദർശൻ
നൂറാം ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ മോഹൻലാലിനൊപ്പം പ്രിയദർശൻഫോട്ടോ-അറേഞ്ച്ഡ്
Published on

പ്രിയ​ദർശന്റെ നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാകുന്നു എന്ന വാർത്ത മലയാളസിനിമയ്ക്ക് നല്കിയ ആവേശം ചെറുതല്ല. ഒന്നാമത്തെ സിനിമയിൽ ലാലിനെ നായകനാക്കിയ പ്രിയൻ നൂറാം സിനിമയിലും ആ​ദ്യനായകനൊപ്പം ചേരുമ്പോൾ ചരിത്രമാണ് പിറക്കുന്നത്. ഒരുപക്ഷേ ലോകസിനിമയിൽ തന്നെ ഇനിയൊരിക്കലും ആർക്കും തകർക്കാനാകാത്ത റെക്കോഡ്.

Must Read
'നൂറാമത്തെ സിനിമ നമ്മളൊരുമിച്ച് ചെയ്യുന്നു': ലാലിനും ആന്റണിക്കും കൈകൊടുത്ത് പ്രിയൻ
നൂറാം ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ മോഹൻലാലിനൊപ്പം പ്രിയദർശൻ

മലയാള സിനിമാപ്രേമികള്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒട്ടനവധി ഹാസ്യചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. 45ലേറെ സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഇവരുടെ കരിയറിലെ ഏറ്റവും മികച്ച പന്ത്രണ്ട് ചിത്രങ്ങള്‍ ഏതൊക്കെയന്നു നോക്കാം.

പൂച്ചയ്‌ക്കൊരു മൂക്കുത്തി പോസ്റ്റർ
'പൂച്ചയ്‌ക്കൊരു മൂക്കുത്തി' പോസ്റ്റർകടപ്പാട്-വിക്കിപ്പീ‍‍ഡിയ

പൂച്ചയ്‌ക്കൊരു മൂക്കുത്തി (1984)

പ്രിയദര്‍ശന്റെ സംവിധാന അരങ്ങേറ്റമായ ഈ ചിത്രം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ആദ്യ സിനിമ കൂടിയാണ്. ചാള്‍സ് ഡിക്കന്‍സിന്റെ 'ദി സ്‌ട്രേഞ്ച് ജെന്റില്‍മാന്‍' എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശങ്കര്‍, മേനക തുടങ്ങിയ വന്‍ താരനിര അണിനിരന്നു. ഗായകന്‍ എം.ജി. ശ്രീകുമാര്‍ പിന്നണി ഗാനരംഗത്തേക്ക് എത്തിയതും ഈ ചിത്രത്തിലൂടെയാണ്.

ബോയിങ് ബോയിങ് പോസ്റ്റർ
'ബോയിങ് ബോയിങ്' പോസ്റ്റർകടപ്പാട്-വിക്കിപ്പീ‍‍ഡിയ

ബോയിങ് ബോയിങ് (1985)

1965ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള അമേരിക്കന്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. മൂന്ന് എയര്‍ ഹോസ്റ്റസുമാരുമായി ഒരേസമയം പ്രണയത്തിലാകുന്ന യുവാവായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ കൂട്ടിന് മുകേഷും ഒപ്പമുണ്ടായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായി ചിത്രം ഇന്നും കണക്കാക്കപ്പെടുന്നു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പോസ്റ്റർ
'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' പോസ്റ്റർകടപ്പാട്-ഐഎംഡിബി

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986)

മലയാളത്തിലെ മികച്ച ഹാസ്യചിത്രങ്ങളില്‍ ഒന്നാണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. മോഹന്‍ലാല്‍, ശ്രീനിവാസന്‍, മുകേഷ്, ജഗതി ശ്രീകുമാര്‍ എന്നിവരുടെ പ്രകടനം സിനിമയെ ഒരു കള്‍ട്ട് ക്ലാസിക് പദവിയില്‍ എത്തിച്ചു. ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങിയ ഈ ചിത്രം ടെലിവിഷനില്‍ ഇന്നും മികച്ച റേറ്റിങ് നേടാറുണ്ട്.

ചിത്രം പോസ്റ്റർ
'ചിത്രം' പോസ്റ്റർകടപ്പാട്-വിക്കിപ്പീ‍‍ഡിയ

ചിത്രം (1988)

മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് 'ചിത്രം'. നര്‍മത്തില്‍ തുടങ്ങി ട്രാജഡിയില്‍ അവസാനിക്കുന്ന ഈ ചിത്രം മോഹന്‍ലാലിന്റെ അഭിനയ മികവു കൊണ്ടു ശ്രദ്ധേയമാണ്. ഈ സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു. നഗുമോ, സ്വാമിനാഥ തുടങ്ങിയ ക്ലാസിക് ഗാനങ്ങളും ചിത്രത്തില്‍ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ഒരുവർഷത്തിലധികമാണ് ഈ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്.

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു പോസ്റ്റർ
'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' പോസ്റ്റർകടപ്പാട്-ഇൻസ്റ്റ​ഗ്രാം

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)

ബോളിവുഡ് ചിത്രത്തെ ആസ്പദമാക്കി ഒരുക്കിയ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രം ഒരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ കഥയാണു പറഞ്ഞത്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, രഞ്ജിനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

വെള്ളാനകളുടെ നാട് പോസ്റ്റർ
'വെള്ളാനകളുടെ നാട്' പോസ്റ്റർകടപ്പാട്-വിക്കിപ്പീ‍‍ഡിയ

വെള്ളാനകളുടെ നാട് (1988)

മലയാളത്തിലെ എക്കാലത്തെയും മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രങ്ങളില്‍ ഒന്നാണിത്. റോഡ് കോണ്‍ട്രാക്ടറായ സി.പി. പവിത്രന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതിയും ചുവപ്പുനാടയും സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നത് ഹാസ്യത്തിന്റെ അകമ്പടിയോടെ ഈ ചിത്രം ചര്‍ച്ച ചെയ്തു. കുതിരവട്ടം പപ്പുവിന്റെ 'താമരശേരി ചുരം' എന്ന വിഖ്യാതമായ കോമഡി രംഗം ഈ സിനിമയിലേതാണ്. ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങിയ ഈ ചിത്രം ഇന്നും പ്രസക്തമാണ്.

'വന്ദനം' പോസ്റ്റർ
'വന്ദനം' പോസ്റ്റർകടപ്പാട്-ഐഎംഡിബി

വന്ദനം (1989)

ത്രില്ലര്‍, റൊമാന്‍സ്, കോമഡി എന്നീ ഘടകങ്ങള്‍ ഒത്തുചേര്‍ന്ന ചിത്രമായിരുന്നു വന്ദനം. 'സ്റ്റേക്ക് ഔട്ട്' എന്ന അമേരിക്കന്‍ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്. മോഹന്‍ലാലും ഗിരിജ ഷെട്ടാറും തമ്മിലുള്ള കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടു.

അക്കരെ അക്കരെ അക്കരെ പോസ്റ്റർ
'അക്കരെ അക്കരെ അക്കരെ' പോസ്റ്റർകടപ്പാട്-വിക്കിപ്പീ‍‍ഡിയ

അക്കരെ അക്കരെ അക്കരെ (1990)

ദാസന്‍-വിജയന്‍ സിഐഡി പരമ്പരയിലെ മൂന്നാം ഭാഗമായിരുന്നു ഇത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനാണ് ഈ ചിത്രം ഒരുക്കിയത്. അമേരിക്കയില്‍ ചിത്രീകരിച്ച ഈ സിനിമയിലെ ശ്രീനിവാസന്റെ സംഭാഷണങ്ങള്‍ ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നവയാണ്.

കിലുക്കം പോസ്റ്റർ
'കിലുക്കം' പോസ്റ്റർകടപ്പാട്-ഐഎംഡിബി

കിലുക്കം (1991)

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റുകളില്‍ ഒന്നാണ് കിലുക്കം. ജോജി എന്ന ഗൈഡായി മോഹന്‍ലാലും നന്ദിനിയായി രേവതിയും തകര്‍ത്തഭിനയിച്ചപ്പോള്‍ ജഗതിയുടെ നിശ്ചല്‍ എന്ന കഥാപാത്രം ചരിത്രമായി. അഞ്ച് കോടിയിലധികം രൂപ കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രം കൂടിയാണിത്.

തേന്മാവിന്‍ കൊമ്പത്ത് പോസ്റ്റർ
തേന്മാവിന്‍ കൊമ്പത്ത് പോസ്റ്റർകടപ്പാട്-എം3ഡിബി

തേന്മാവിന്‍ കൊമ്പത്ത് (1994)

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ദൃശ്യവിസ്മയമായിരുന്നു ഈ ചിത്രം. രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ പ്രണയവും പിണക്കവും പ്രമേയമായ സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. ബേണി ഇഗ്‌നേഷ്യസ് ഒരുക്കിയ ഗാനങ്ങളും കെ.വി.ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകളും ചിത്രത്തിന്റെ ജനപ്രീതിക്കു കാരണമായി.

മിന്നാരം പോസ്റ്റർ
'മിന്നാരം' പോസ്റ്റർകടപ്പാട്-ഐഎംഡിബി

മിന്നാരം (1994)

ശോഭനയും മോഹന്‍ലാലും ഒന്നിച്ച ഈ ചിത്രം മികച്ചൊരു മ്യൂസിക്കല്‍ കോമഡി സിനിമയാണ്. ട്രാജിക് ക്ലൈമാക്‌സ് ആയിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ ചിത്രം വലിയ വിജയം നേടി. തിലകന്‍, ശങ്കരാടി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒപ്പം പോസ്റ്റർ
'ഒപ്പം' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഒപ്പം (2016)

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്ന മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് 'ഒപ്പം'. കാഴ്ചയില്ലാത്ത ജയരാമന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്. ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്ന അന്ധനായ ഒരാള്‍ തന്റെ ബുദ്ധിയും കേള്‍വിശക്തിയും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ഈ ചിത്രം പ്രിയദര്‍ശന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു.

ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഹൈവാൻ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.

Related Stories

No stories found.
Pappappa
pappappa.com