ലോകേഷ് കനകരാജ് നായകനായെത്തി തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച 'ഡിസി'യുടെ ബോക്സ് ഓഫീസ് വിജയത്തിനു പിന്നാലെ, ചിത്രത്തിന്റെ പ്രധാന അണിയറപ്രവർത്തകർക്ക് ആഡംബര കാറുകൾ സമ്മാനിച്ച് നിർമാതാക്കൾ. ചിത്രത്തിന്റെ നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ്, സംവിധായകൻ അരുൺ മാതേശ്വരൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്കാണ് സൺ പിക്ചേഴ്സ് തലവൻ കലാനിധി മാരൻ, പുതിയ ബിഎംഡബ്ല്യു കാറുകൾ സമ്മാനമായി നൽകിയത്. മൂന്ന് ആഡംബര കാറുകൾക്കായി കോടികളാണ് നിർമാതാവ് ചെലവഴിച്ചത്.
സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. നിർമാതാവ് കലാനിധി മാരൻ മൂവർക്കും പുതിയ കാറിന്റെ താക്കോലുകൾ കൈമാറുന്ന വീഡിയോയും സൺ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്.
ഏകദേശം 25 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ആക്ഷൻ ചിത്രത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 100 കോടിയിലധികം രൂപ കളക്ഷൻ നേടാൻ സാധിച്ചിരുന്നു. ചിത്രത്തിന്റെ ഈ വൻ ജനപ്രീതി മുൻനിർത്തിയാണ് ടീമിന് വിലകൂടിയ സമ്മാനം നൽകാൻ നിർമാതാക്കൾ തീരുമാനിച്ചത്.
അതേസമയം, ചിത്രത്തിൽ 'ചന്ദ്ര' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി വാമിക ഗബ്ബിയെ സമ്മാനം നല്കാതെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ഉയരുന്നുണ്ട്. ചന്ദ്രയും അർഹിക്കുന്നു എന്നാണ് മലയാളിതാരം സാനിയ അയ്യപ്പൻ സൺപിക്ചേഴ്സിന്റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് വലിയ പങ്കുവഹിച്ച വാമികയ്ക്കും അർഹമായ പരിഗണന നൽകണമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.