കോടികളുടെ പണക്കിലുക്കവും അതിനിടയില്‍ കത്തിയമരുന്ന തെരുവുകളും; ഒരു വശത്ത് ഓഹരി വിപണിയുടെ ഗ്രാഫുകള്‍ കുതിച്ചുയരുമ്പോള്‍ മറുഭാഗത്ത് മുഷ്ടിചുരുട്ടി വിപ്ലവം നയിക്കുന്ന ജനക്കൂട്ടവും. ധനുഷിനെ നായകനാക്കി 'അമരന്‍' ഫെയിം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ (ഡി 55) പ്രൊമോ വീഡിയോ തമിഴകത്ത് മാത്രമല്ല, തെന്നിന്ത്യയിലാകെ വലിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിക്കഴിഞ്ഞു. നാളെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തിന് മുന്നോടിയായാണ് വീഡിയോ പുറത്തിറക്കിയത്.
ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പുറത്തുവന്ന പ്രൊമോ നല്‍കുന്ന സൂചനകള്‍ ചെറുതല്ല. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെയും അതിനെതിരെയുള്ള വിപ്ലവത്തെയും കോര്‍ത്തിണക്കുന്ന വമ്പന്‍ ആക്ഷന്‍ ഡ്രാമയായിരിക്കും ചിത്രം എന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകള്‍.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴകത്തു ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്യുന്നു എന്നതാണു ചിത്രത്തെ പ്രഖ്യാപനസമയം മുതല്‍ വാര്‍ത്തകളില്‍ പ്രാധാന്യത്തോടെ നിലനിര്‍ത്തിയത്. റാം സംവിധാനം ചെയ്ത 'പേരന്‍പ്' (2018) എന്ന ദൃശ്യകാവ്യത്തിനുശേഷം നീണ്ട എട്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ധനുഷും മമ്മൂട്ടിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ സ്‌ക്രീനില്‍ ഉണ്ടാകാന്‍ പോകുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
'മാരി 2' എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ജോഡികളായ ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവരുടെ കോമ്പോ സ്‌ക്രീനില്‍ സൃഷ്ടിച്ച മാജിക് ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒപ്പം, സുധ കൊങ്കരയുടെ 'പരാശക്തി'ക്ക് ശേഷം തെന്നിന്ത്യന്‍ ക്രേസ് ശ്രീലീലയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്ലാമറിനും പെര്‍ഫോമന്‍സിനും ഒരുപോലെ പ്രാധാന്യമുള്ള വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷും ആര്‍ ടേക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. തെന്നിന്ത്യന്‍ തരംഗമായി മാറിയ സായ് അഭ്യങ്കര്‍ ആണു ചിത്രത്തിനു സംഗീതമൊരുക്കുന്നത്. എഴിലിന്റെ ദൃശ്യഭംഗിയും കലൈവാണന്റെ എഡിറ്റിങ്ങും ചിത്രത്തിനു കരുത്തുപകരും.
ടൈറ്റില്‍ പ്രഖ്യാപനത്തിനു മുമ്പേ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച പ്രൊമോ തിയേറ്ററുകളില്‍ ഒരു വമ്പന്‍ കൊടുങ്കാറ്റാകും വരാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്.