തെന്നിന്ത്യന്‍ സിനിമാലോകം ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് അര്‍ജുന്‍ ദാസും അന്ന ബെന്നും പ്രധാന വേഷങ്ങളിലെത്തുന്ന 'കോണ്‍ സിറ്റി'. നവാഗതനായ ഹരീഷ് ദുരൈരാജ് സംവിധാനം ചെയ്യുന്ന ക്രൈം കോമഡി ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ജൂണ്‍ 26-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴിനൊപ്പം തെലുങ്കിലും ഒരേസമയം ചിത്രം റിലീസ് ചെയ്യും.
കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ തന്നെ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മിന്നലേറ്റതിനെത്തുടര്‍ന്ന് ഒരു റസീപ്റ്റ് പ്രിന്ററിനു സാങ്കേതിക തകരാര്‍ സംഭവിക്കുകയും, അതില്‍നിന്ന് 500 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചു വരാന്‍ തുടങ്ങുകയും ചെയ്യുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി കൈവന്ന ഈ വലിയ നിധി അര്‍ജുന്‍ ദാസിന്റെ കഥാപാത്രത്തിന്റെ ഗതി മാറ്റുകയാണ്.
ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ആ കുടുംബത്തിലെ ഓരോരുത്തരായി (അന്ന ബെന്‍, യോഗി ബാബു, വടിവുക്കരസി) ഈ രഹസ്യം അറിയുന്നതും തങ്ങളുടെ ദുരിതങ്ങള്‍ മാറുമെന്ന സന്തോഷത്തില്‍ ആഹ്ലാദിക്കുന്നതുമാണ് ടീസറില്‍ കണ്ടത്. എന്നാല്‍, ഈ 'പണം ഉണ്ടാക്കുന്ന യന്ത്ര'ത്തെക്കുറിച്ച് നാട്ടുകാരും സമൂഹവും അറിയുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതും തുടര്‍ന്നുണ്ടാകുന്ന വലിയ ജനക്കൂട്ട പാച്ചിലും കോലാഹലങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
വന്‍ താരനിരയാണു ചിത്രത്തില്‍ അണിനിരക്കുന്നത്. അഖിലന്‍, നന്ദ ഗോപാല്‍, വി.ടി.വി ഗണേഷ്, ദീപ രാമാനുജം, രാധാരവി, അരുള്‍ ദാസ്, ഷാജി ചെന്‍, തമ്പി രാമയ്യ, രമേഷ് തിലക്, പ്രമുഖ സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന്‍, ഇമ്മന്‍ അണ്ണാച്ചി, മദന്‍ ദക്ഷിണാമൂര്‍ത്തി, പൊന്‍വണ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. വ്യത്യസ്തമായ കഥാപരിസരവുമായി എത്തുന്ന 'കോണ്‍ സിറ്റി' തിയറ്ററുകളില്‍ വന്‍ ചിരിയരങ്ങ് തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.