വിജയ് സേതുപതിയും വിജയ്‌യും 'മാസ്റ്റർ' എന്ന സിനിമയിൽ കടപ്പാട്-ഐഎംഡിബി
Tamil

'ബി​ഗ് ബോസി'ലെ വിജയ് സേതുപതിയുടെ പരാമർശം കൊണ്ടത് വിജയ്ക്ക്;തമിഴകത്ത് രാഷ്ട്രീയവിവാദം

പപ്പപ്പ റിപ്പോര്‍ട്ടര്‍

‘ബിഗ് ബോസ് തമിഴ് 10’ന്റെ ഏറ്റവും പുതിയ എപ്പിസോഡിനിടെ അവതാരകൻ വിജയ് സേതുപതി നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മത്സരാർഥിയായ ഷതികയുമായി നേതൃത്വത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വാഗ്ദാനങ്ങൾ, ഉത്തരവാദിത്തങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു നേതാവ് സ്വീകരിക്കേണ്ട നിലപാട് എന്നിവയെക്കുറിച്ച് നടൻ സംസാരിച്ചത്.

ആലോചിക്കാതെ വാഗ്ദാനങ്ങൾ നൽകുകയും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് യഥാർഥ നേതൃത്വമെന്ന് പറയാനാകില്ലെന്നാണ് സേതുപതി പറഞ്ഞത്. ബിഗ് ബോസ് വീടിന്റെ സാഹചര്യത്തിൽ നടത്തിയ പരാമർശങ്ങളായിരുന്നെങ്കിലും, അധികം വൈകാതെ തന്നെ ഇത് ഷോയ്ക്ക് പുറത്തും ചർച്ചയായി.

‘ബിഗ് ബോസ് തമിഴ് 10’പോസ്റ്ററിൽ വിജയ് സേതുപതി

ചില പ്രേക്ഷകർ ഈ പരാമർശങ്ങളെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായും സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളുമായും ബന്ധപ്പെടുത്തുകയായിരുന്നു. വിജയ്‌യുടെ ഭരണരീതിക്കെതിരേ പ്രതിപക്ഷം വിമർശനമുയർത്തുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയുടെ പരാമർശങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയായി.

വിജയ് സേതുപതിയും വിജയ്‌യും 'മാസ്റ്റർ' എന്ന സിനിമയിൽ

എന്നാൽ എപ്പിസോഡിൽ സേതുപതി നേരിട്ട് വിജയ്‌യുടെയോ അദ്ദേഹത്തിന്റെ പാർട്ടിയുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിന്റെയോ പേര് പരാമർശിച്ചിട്ടില്ല. ബിഗ് ബോസ് വീടിനുള്ളിലെ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഷതികയുമായി നടത്തിയ സംഭാഷണത്തിന്റെ ഭാഗമായിരുന്നു സേതുപതിയുടെ പരാമർശങ്ങൾ.

വിജയ് സേതുപതിയും വിജയ്‌യും

എന്നിരുന്നാലും, വിജയ് സേതുപതി മന:പൂർവം രാഷ്ട്രീയ പ്രസ്താവന നടത്തിയതാണോ അതോ ഒരു മത്സരാർഥിക്ക് നേതൃത്വം സംബന്ധിച്ച ഉപദേശം നൽകുക മാത്രമായിരുന്നോ എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച തുടരുകയാണ്. ഇതോടെ ഏറ്റവും പുതിയ ‘ബിഗ് ബോസ്’ എപ്പിസോഡിന് അപ്രതീക്ഷിതമായ രാഷ്ട്രീയ ശ്രദ്ധയും ലഭിച്ചു.

‘മാസ്റ്റർ’ റിലീസ് സമയത്ത് വിജയ്‌യെ വിജയ് സേതുപതി ചുംബിക്കുന്നു

അതേസമയം, വിജയ് സേതുപതി വർഷങ്ങളായി വിജയ്‌യെ ഏറെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നതും ഓർക്കേണ്ടതാണെന്നാണ് ആരാധകർ പറയുന്നത്. പല അവസരങ്ങളിലും വിജയ്‌യെ ‘അണ്ണാ’ എന്ന് വിളിച്ചിട്ടുള്ള സേതുപതി അദ്ദേഹത്തോടുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘മാസ്റ്റർ’ റിലീസ് സമയത്ത് വിജയ്‌യെ ചുംബിച്ചുകൊണ്ട് അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും സേതുപതി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നു

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ചർച്ച അടിസ്ഥാനരഹിതമായ മറ്റൊരു വിവാദം മാത്രമാണെന്നും രണ്ട് താരങ്ങളുടെയും ആരാധകർ ഇതിന് അനാവശ്യ പ്രാധാന്യം നൽകേണ്ടതില്ലെന്നും നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്.