'അര്‍ജുനന്‍ പേര്‍ പത്ത്' പോസ്റ്ററിൽ യോ​ഗി ബാബു കടപ്പാട്-ഐഎംഡിബി
Tamil

300-ാം ചിത്രവുമായി യോഗി ബാബു; 'അര്‍ജുനന്‍ പേര്‍ പത്ത്' തിയേറ്ററുകളിലേക്ക്

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യന്‍ ഹാസ്യതാരം യോഗി ബാബു തന്റെ മുന്നൂറാമത് ചിത്രവുമായി എത്തുന്നു. പേര് 'അര്‍ജുനന്‍ പേര്‍ പത്ത്'. ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് അദ്ദേഹം. ക്രൈം ഡ്രാമ ട്രാക്കിലൊരുങ്ങുന്ന ചിത്രം ജൂണില്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും.

ആര്‍. രാജ്മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച ത്തിനൊപ്പം വായ്പയും ചേര്‍ത്ത് ജീവിതമാര്‍ഗത്തിനായി ചെറിയ ട്രക്ക് വാങ്ങുന്ന സാധാരണക്കാരനായാണ് യോഗി ബാബു ചിത്രത്തില്‍ വേഷമിടുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ട്രക്ക് ചിലര്‍ മോഷ്ടിക്കുന്നതോടെ അയാളുടെ ജീവിതം മാറിമറിയുന്നു. തന്റെ വണ്ടി കണ്ടെത്താനായി അധികാരികളുടെ പിന്നാലെ നടക്കുന്ന നായകൻ, ഈ മോഷണത്തിന് പിന്നില്‍ താന്‍ ഊഹിച്ചതിലും വലിയൊരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസിലാക്കുന്നതും അതിനെതിരെ പോരാടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

'അര്‍ജുനന്‍ പേര്‍ പത്ത്' ടീസറിൽ യോ​ഗി ബാബു

സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ നടക്കുന്ന വമ്പന്‍ തട്ടിപ്പുകളെക്കുറിച്ചും, ഇത്തരം തട്ടിപ്പുകളില്‍ വീണുപോകുന്ന സാധാരണക്കാരുടെ വേദനകളെക്കുറിച്ചും സംസാരിക്കുന്ന സിനിമ കൂടിയാണിത്. പഴയ വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കാളി വെങ്കട്ട്, അരുള്‍ ദാസ്, മൈന നന്ദിനി, സെന്‍ട്രായന്‍, 'അരുവി' ഫെയിം മദന്‍, സൗന്ദര്യ, സെന്തില്‍ രായന്‍, ഹലോ കന്തസാമി, ഭവ ലക്ഷ്മണന്‍, ലെനിന്‍ ഭാരതി, രഞ്ജന്‍ കുമാര്‍, സുബ്രഹ്‌മണ്യം ശിവ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.