കാന്തശക്തിയുള്ള ശബ്ദം കൊണ്ടും തീക്ഷ്ണമായ അഭിനയംകൊണ്ടും തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന അര്ജുന് ദാസ് ഇനി മാസ് ലുക്കില്‍ സൂപ്പര്‍ ഹീറോയാകുന്നു. കോളിബുഡില് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഫാന്റസി-സൂപ്പര്‍ഹീറോ ഴോണറില്‍ ഒരുങ്ങുന്ന 'സൂപ്പര്‍ ഹീറോ' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു പുതിയ ദൃശ്യവിസ്മയത്തിനാണ് തമിഴ് സിനിമാലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്. നവാഗതനായ വിഘ്നേഷ് വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. പ്രശസ്ത നിര്‍മാതാവ് കെ.എസ്. സിനിഷിന്റെ മുന്‍ സഹായിയായിരുന്ന വിഘ്നേഷിന്റെ ആദ്യ സ്വതന്ത്ര്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. 'സോള്‍ജിയേഴ്സ് ഫിലിം ഫാക്ടറി'യുടെ ബാനറില്‍ കെ.എസ്. സിനിഷും, 'റിഡാക്റ്റഡ് സ്റ്റുഡിയോസി'ന്റെ ബാനറില്‍ ഷാഞ്ചന് ജിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തില്‍ അര്ജുന് ദാസിന്റെ നായികയായി തിളങ്ങുന്നത് തേജു അശ്വിനിയാണ്. എന്നാല്‍ ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് മറ്റൊന്നാണ്പ്രശസ്ത നൃത്തസംവിധായകനും നടനുമായ സാന്‍ഡി ആണ് ചിത്രത്തില്‍ അര്ജുന് ദാസിന്റെ വില്ലനായി വേഷമിടുന്നത്. 'പരിമള ആന്‍ഡ് കോ' എന്ന ചിത്രത്തിന് ശേഷം സാന്‍ഡി വീണ്ടും വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
അര്ജുന് ദാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരീക്ഷണാത്മക ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന 'സൂപ്പര്‍ ഹീറോ' തിയേറ്ററുകളില്‍ വലിയൊരു മാസ് വിരുന്ന് തന്നെയായിരിക്കും സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.