തമിഴ് സൂപ്പര്‍താരം അശോക് സെല്‍വനും പ്രീതി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന് 'അന്‍പില്‍ അവന്‍' എന്ന് പേരിട്ടു. ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'പോര്‍ തൊഴില്‍', 'കാരാ' എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ വിഗ്‌നേഷ് രാജയാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്.
നവാഗതനായ ആര്‍. കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഗ്‌നേഷ് രാജ, അശോക് സെല്‍വന്‍, സംവിധായകന്‍ ആര്‍. കാര്‍ത്തികേയന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. നവദമ്പതികളുടെ ജീവിതവും, അപ്രതീക്ഷിതമായ ചില സാഹചര്യങ്ങള്‍ അവരുടെ പ്രണയത്തെ എങ്ങനെയെല്ലാം പരീക്ഷിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്ന സൂചന.
മലയാളി താരം സാബു മോന്‍, കതിര്‍ബാലു, മഹ ഡല്‍ഹി ഗണേഷ് തുടങ്ങി പ്രമുഖ താരനിരയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഗൗതം രാജേന്ദ്രന്‍ ഛായാഗ്രഹണവും സെല്‍വ ആര്‍.കെ എഡിറ്റിങ്ങും പീറ്റര്‍ ഹൈന്‍ ആക്ഷന്‍ കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നു.