'മഹാരാജ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍നിന്ന് മികച്ച സ്റ്റണ്ട് കൊറിയോഗ്രഫിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടുന്ന ആദ്യ വ്യക്തിയായി മാറിയ പ്രശസ്ത സ്റ്റണ്ട് ഡയറക്ടറാണ് അനല്‍ അരശ്. എന്നാല്‍ ദേശീയ പുരസ്‌കാര നേട്ടത്തിനും മുമ്പ്, ഷാരൂഖ് ഖാന്‍-ആറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങിയ 'ജവാന്‍' എന്ന സിനിമയിലൂടെ താന്‍ അന്താരാഷ്ട്ര വേദിയിലും മത്സരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ഓസ്‌കര്‍ അവാര്‍ഡുകളില്‍ സ്റ്റണ്ട് വിഭാഗത്തിന് പ്രത്യേക പുരസ്‌കാരങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന്, ലോകമെമ്പാടുമുള്ള ആക്ഷന്‍ കൊറിയോഗ്രഫര്‍മാര്‍ ചേര്‍ന്ന് ലോസ് ആഞ്ചലസില്‍ 'ടോറസ് വേള്‍ഡ് സ്റ്റണ്ട് അവാര്‍ഡ്‌സ്' എന്ന വേദിയെ ഒരുക്കുന്നുണ്ട്. ഇതിൽ 'ജവാന്‍' സിനിമയിലെ മികച്ച പ്രകടനത്തിന് 'ബെസ്റ്റ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍/സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടര്‍' വിഭാഗത്തില്‍ തനിക്ക് നാമനിര്‍ദേശം ലഭിച്ചിരുന്നുവെന്നാണ് അനൽ അരശ് പറയുന്നത്. ഇതിനായി ലോസ് ഏഞ്ചൽസിലേക്ക് പോയെങ്കിലും തലനാരിഴയ്ക്കാണ് പുരസ്‌കാരം നഷ്ടമായതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
'ജോണ്‍ വിക്ക്: ചാപ്റ്റര്‍ 4', 'എക്‌സ്ട്രാക്ഷന്‍ 2', 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ഡയല്‍ ഓഫ് ഡെസ്റ്റിനി', 'ഫാസ്റ്റ് എക്‌സ്' തുടങ്ങിയ വമ്പന്‍ ഹോളിവുഡ് ചിത്രങ്ങളോടൊപ്പമാണ് അനല്‍ അരശും 'ജവാനു'മായി അന്താരാഷ്ട്ര തലത്തില്‍ മത്സരിച്ചത്. ദേശീയ അവാര്‍ഡുകളിലും മറ്റും സ്റ്റണ്ട് കലാകാരന്മാര്‍ക്ക് അംഗീകാരം ലഭിച്ചുതുടങ്ങിയത് അടുത്തകാലത്താണെന്നും, സിനിമയിലെ ജീവന്‍പണയംവെച്ച് ജോലി ചെയ്യുന്ന ഇത്തരം കലാകാരന്മാര്‍ക്ക് കൂടുതല്‍ ആദരവും പുരസ്‌കാരങ്ങളും ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.