

വിജയ് സേതുപതിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ‘മഹാരാജ’യുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. സംവിധായകൻ നിഥിലൻ സ്വാമിനാഥൻ ‘മഹാരാജ 2’ന്റെ കഥ തന്നോട് പറഞ്ഞതായും കഥ വളരെ മനോഹരമായി തോന്നിയെന്നും വിജയ് സേതുപതി സ്ഥിരീകരിച്ചു. ‘ബത്ത’യുടെ ഓഡിയോ ലോഞ്ചിനിടെയാണ് നടൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
‘നിഥിലൻ മികച്ച സംവിധായകനാണ്. അദ്ദേഹത്തിന് മികച്ച എഴുത്തുശേഷിയുണ്ട്. അടുത്തിടെ അദ്ദേഹം എന്നോട് ‘മഹാരാജാ 2’ന്റെ കഥ പറഞ്ഞു. വളരെ മനോഹരമായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് മികച്ച അനുഭവമായിരുന്നു‘- വിജയ് സേതുപതി പറഞ്ഞു. ഇതോടെ ഏറെ നാളായി നിലനിന്നിരുന്ന ‘മഹാരാജ’ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വ്യക്തത വന്നിരിക്കുകയാണ്.
മോഷണം പോയ ചവറ്റുകുട്ടയെക്കുറിച്ച് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തുന്ന ബാർബറിൽ നിന്നു തുടങ്ങുന്ന കഥയിൽ നിന്ന് നിയോ-നോയർ ത്രില്ലറായി വളർന്ന് ഇന്ത്യൻസിനിമയെ തന്നെ ഞെട്ടിക്കുകയായിരുന്നു 2024-ൽ പുറത്തിറങ്ങിയ ‘മഹാരാജ’. ഏകദേശം 20 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ആഗോളതലത്തിൽ 190 കോടി രൂപയോളം കളക്ഷൻ നേടിയിരുന്നു. 2024ലെ ഏറ്റവും ലാഭകരമായ തമിഴ് ചിത്രങ്ങളിലൊന്നായും ‘മഹാരാജ’ മാറി.
ചിത്രത്തിന്റെ വൻ വിജയത്തെക്കുറിച്ചും വിജയ് സേതുപതി സംസാരിച്ചു. ചിത്രത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നെങ്കിലും ഇത്ര വലിയ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. ’മഹാരാജ’ ഇത്രയും ദൂരം പോകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ മികച്ചതായിരുന്നു. പക്ഷേ ചിലർക്ക് ചിത്രത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാൽ ഇത് ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല’- വിജയ് സേതുപതി പറഞ്ഞു.
മഹാരാജയെ ആധാരമാക്കി ഹോളിവുഡ് ചിത്രം ഒരുങ്ങുന്നതിനെപ്പറ്റിയുള്ള വാർത്തകളിലും നായകൻ വ്യക്തത വരുത്തി. ചിത്രത്തിന്റെ അന്താരാഷ്ട്ര വിജയത്തിനിടെ തന്റെ കരിയറിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നും സംഭവിച്ചുവെന്നാണ് താരം പറഞ്ഞത്. ചിത്രത്തിന്റെ ഹോളിവുഡ് റീമേക്ക് അവകാശം ഒരു അമേരിക്കൻ ഏജൻസി സ്വന്തമാക്കിയതായി നിർമാതാവ് സുധൻ സുന്ദരം അറിയിച്ചതാണ് ആ സന്തോഷത്തിന് കാരണമെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.
’അദ്ദേഹം അടുത്തിടെ എന്നെ വിളിച്ച് സിനിമയുടെ ഹോളിവുഡ് അവകാശം വിറ്റതായി പറഞ്ഞു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘ഒരു സിനിമയിൽ ഞാൻ സൗജന്യമായി അഭിനയിക്കാം. ഹോളിവുഡ് റീമേക്കിൽ എനിക്ക് ഒരു വേഷം തരൂ. ഞാൻ ഹോളിവുഡിലേക്ക് വരാം!’ ഇത് എനിക്ക് വലിയ സന്തോഷവും അദ്ഭുതവുമാണ്. ഹോളിവുഡിൽ പ്രവർത്തിക്കാൻ എനിക്ക് എപ്പോഴും വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിലുപരി, എന്റെ സിനിമ ഹോളിവുഡിലേക്ക് പോകുന്നു എന്നതിലാണ് ഏറ്റവും വലിയ സന്തോഷം’- വിജയ് സേതുപതി പറഞ്ഞു.
ഹോളിവുഡ് അഡാപ്റ്റേഷൻ എ-ലിസ്റ്റ് താരത്തെ നായകനാക്കി ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് നിർമാതാവ് സുധൻ സുന്ദരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഓസ്കർ ജേതാവ് മാത്യു മക്കോനഹെയുടെ പേരും നായക വേഷത്തിലേക്ക് പരിഗണിക്കുന്നവരിൽ ഒരാളായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാൽ താരത്തെ സംബന്ധിച്ച അന്തിമ സ്ഥിരീകരണം പദ്ധതിയുടെ ചുമതലയുള്ള ഏജൻസിക്ക് മാത്രമേ നൽകാനാകൂ എന്നാണ് സുധൻ സുന്ദരം വ്യക്തമാക്കിയത്. ’മക്കോനഹെ അവർ സംസാരിക്കുന്ന താരങ്ങളിൽ ഒരാളായിരിക്കാം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുന്നത് ഏജൻസിക്ക് മാത്രമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അനുരാഗ് കശ്യപ്, സച്ചന നമിദാസ്,അഭിരാമി, മംമ്ത മോഹൻദാസ്, നട്ടി സുബ്രഹ്മണ്യം എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘മഹാരാജ’. നിഥിലൻ സ്വാമിനാഥനാണ് സംവിധാനം ചെയ്തത്. ബി. അജനീഷ് ലോക്നാഥ് സംഗീതവും ദിനേഷ് പുരുഷോത്തമൻ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിങ്ങും നിർവഹിച്ചു.