ശ്രീജ രവി,അജിത്തും ശാലിനിയും 'അമർക്കള'ത്തിൽ ഫോട്ടോകടപ്പാട്-ഐഎംഡിബി
Tamil

'എന്റെ ഭാര്യക്കു വേണ്ടി ഡബ്ബ് ചെയ്യുന്നതിനു നന്ദി'; ആ പ്രണയനിമിഷം ഓർത്ത് ശ്രീജ

പപ്പപ്പ ഡസ്‌ക്‌

തമിഴകത്തിന്റെ 'പവര്‍ കപ്പിള്‍' ആണ് അജിത്തും ശാലിനിയും. ഇവരുടെ പ്രണയകഥ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇരുവരുടെയും വിവാഹത്തിനു മുമ്പുനടന്ന അധികമാരും അറിയാത്ത രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കു കയാണ് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജാ രവി.

1999-ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'അമര്‍ക്കളം' റിലീസ് ചെയ്യുന്നതിനു മുമ്പായിരുന്നു സംഭവം. ചിത്രത്തില്‍ ശാലിനിയുടെ കഥാപാത്രത്തിനു ശബ്ദം നല്‍കിയത് ശ്രീജയായിരുന്നു. ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ച് അജിത്ത് തന്നെ അമ്പരപ്പിച്ച നിമിഷത്തെക്കുറിച്ച് ശ്രീജ പറയുന്നത് ഇങ്ങനെ:

'ഡബ്ബിങ് റൂമില്‍ ഞാന്‍ സീനുകള്‍ നോക്കി ഡയലോഗുകള്‍ പറയുകയായിരുന്നു. പെട്ടെന്ന് പിന്നില്‍നിന്ന് ഒരാള്‍ പറഞ്ഞു, 'താങ്ക്‌സ് ഫോര്‍ ഡബ്ബിങ് ഫോര്‍ മൈ വൈഫ്'. ഞാന്‍ ഞെട്ടിപ്പോയി. അജിത്ത് സാറായിരുന്നു അത്.' 'ഭാര്യയോ? ആരെക്കുറിച്ചാണ് പറയുന്നതെന്നു ചോദിച്ച എന്നോട് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: 'അതെ, ഞാന്‍ ശാലിനിയെ കല്യാണം കഴിക്കാന്‍ പോവുകയാണ്.' അവരുടെ പ്രണയം അന്ന് പുറംലോകം അറിഞ്ഞിരുന്നില്ല. ഇത്രയും വലിയൊരു രഹസ്യം അദ്ദേഹം എന്നോടു നേരിട്ടു പങ്കുവച്ചതില്‍ വലിയ സന്തോഷം തോന്നി.

അജിത്തും ശാലിനിയും 'അമർക്കള'ത്തിൽ

അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു 'അമര്‍ക്കളം'. സെറ്റില്‍ തുടങ്ങിയ പ്രണയം ചിത്രം റിലീസ് ചെയ്ത് തൊട്ടടുത്ത വര്‍ഷം തന്നെ വിവാഹത്തിലെത്തി. അജിത്തിന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയറ്ററുകളില്‍ എത്തുമ്പോഴാണ് പഴയകാല സ്മരണകള്‍ സിനിമാലോകത്തു വീണ്ടും ചര്‍ച്ചയാകുന്നത്. വിവാഹശേഷം ശാലിനി സിനിമയില്‍നിന്നു വിട്ടുനിന്നെങ്കിലും ആരാധകര്‍ക്ക് ഇന്നും ഇരുവരും പ്രിയപ്പെട്ട താരജോഡികളാണ്.