തമിഴ് സൂപ്പർതാരം അജിത്തും ഭാര്യ ശാലിനിയും ഉടമസ്ഥരായ ബ്രേവ് ഹാർട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ഗ്ലാഡിയേറ്റേഴ്സ്’ എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. അജിത്തിന്റെ റേസിങ് ജീവിതം ആരാധകർക്ക് പരിചയപ്പെടുത്തുന്നതാണ് ഡോക്യുമെന്ററി. ‘തലൈവി’ സംവിധായകൻ എ.എൽ. വിജയ് ഒരുക്കുന്ന ചിത്രത്തിൽ ശാലിനിയുടെയും മക്കളായ അനൗഷ്കയുടെയും ആദ്വിക് കുമാറിന്റെയും അപൂർവ അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ഒരു നടനായാണ് എല്ലാവരും അദ്ദേഹത്തെ അറിയുന്നത്. എന്നാൽ അദ്ദേഹത്തോട് അടുത്തുനിൽക്കുന്നവർക്ക് അദ്ദേഹത്തെ സ്വന്തം സ്വപ്നങ്ങളെയും താൽപര്യങ്ങളെയും പിന്തുടരുന്ന ഒരാളായാണ് അറിയുന്നത്‘- ട്രെയിലറിൽ നടി ശാലിനി അജിത്ത് പറയുന്നു.
‘വിജയം ഒറ്റരാത്രികൊണ്ട് സംഭവിക്കുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാറില്ല. അതുപോലെ തന്നെ, അദ്ദേഹം പരാജയത്തെ ഭയപ്പെടുന്നതും ഞാൻ ഒരിക്കലും കണ്ടിട്ടില്ല‘- ശാലിനി പറയുന്നു. ട്രോഫിക്ക് വേണ്ടിയല്ല അജിത്ത് വീണ്ടും എൻഡുറൻസ് റേസിങ്ങിലേക്ക് തിരിച്ചെത്തിയതെന്നും ശാലിനി പറയുന്നു. ‘ഒന്നും അസാധ്യമല്ലെന്ന് തോന്നുന്ന ആ ഏതാനും സെക്കന്റുകൾക്ക് വേണ്ടിയാണ്‘ അദ്ദേഹത്തിന്റെ തിരിച്ചുവരവെന്നും ശാലിനി വ്യക്തമാക്കുന്നു.
ഭർത്താവ് ട്രാക്കിലിറങ്ങുമ്പോഴെല്ലാം തനിക്ക് ആശങ്കയുണ്ടാകാറുണ്ടെന്നും ശാലിനി തുറന്നുപറയുന്നു. ‘എന്നാൽ അദ്ദേഹം തന്റെ സ്വപ്നങ്ങൾ ഇത്രയധികം ആവേശത്തോടെ ജീവിച്ചുതീർക്കുന്നത് കാണുമ്പോൾ, അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഒപ്പമുണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്-‘ പുഞ്ചിരിയോടെ ശാലിനി പറയുന്നു.
എൻഡുറൻസ് റേസിങ്ങിലെ കടുത്ത മത്സരത്തെക്കുറിച്ച് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയും സംസാരിക്കുന്നുണ്ട്. ‘മൂന്ന് പേർ പങ്കെടുക്കുന്ന ഒരു റേസിൽ മൂന്നാം സ്ഥാനത്തെത്തുന്നതുപോലെയല്ല ഇത്. ആ ട്രാക്കിൽ 54 കാറുകളുണ്ട്. എന്നിട്ടും അവർ വിജയിക്കുന്നു‘- സുരേഷ് ചന്ദ്ര പറയുന്നു.
ആദ്യമായി അജിത്തിനൊപ്പം കാറിൽ ഇരുന്ന സമയവും അദ്ദേഹം അത് എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് അദ്ഭുതപ്പെട്ട കാര്യവുമാണ് അജിത്തിന്റെ 11 വയസ്സുകാരനായ മകൻ ആദ്വിക് പങ്കുവയ്ക്കുന്നത്. 18 വയസ്സുകാരിയായ മകൾ അനൗഷ്കയാകട്ടെ, റേസിങ്ങും അഭിനയവും പോലുള്ള വെല്ലുവിളി നിറഞ്ഞ ജോലികളേക്കാൾ അച്ഛനിൽ ഏറെ ഇഷ്ടപ്പെടുന്നത് വ്യക്തിയെന്ന നിലയിലുള്ള മികവും അദ്ദേഹം പങ്കിടുന്ന മൂല്യങ്ങളുമാണ്.
അജിത്തിന്റെ പരിശീലകരുടെയും സഹ റേസർമാരുടെയും വാക്കുകളും ട്രെയിലറിലുണ്ട്. അദ്ദേഹത്തിന്റെ റേസിങ്ങിനോടുള്ള ആവേശത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. എൻഡുറൻസ് റേസിങ് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവർ ഓർമിപ്പിക്കുന്നു.
ട്രെയിലറിൽ അജിത്ത് ക്യാമറയ്ക്ക് മുന്നിൽ നേരിട്ട് സംസാരിക്കുന്ന ഒരേയൊരു ഭാഗവും ശ്രദ്ധേയമാണ്. എനിക്ക് ഈ കായിക ഇനം ഇഷ്ടമാണ്. എനിക്ക് അതിനോട് വലിയ അഭിനിവേശമാണ്‘ എന്നാണ് അജിത്ത് പറയുന്നത്. ബാക്കി ഭാഗങ്ങളിലെല്ലാം റേസിങ് ട്രാക്കിലും ലോക്കർ റൂമിൽ തനിച്ചിരിക്കുന്ന അജിത്തിനെയാണ് കാണിക്കുന്നത്.
2000-ന്റെ തുടക്കത്തിലാണ് അജിത്ത് പ്രൊഫഷണൽ റേസിങ്ങിലേക്ക് കടന്നത്. ഏകദേശം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025ൽ അദ്ദേഹം വീണ്ടും പ്രൊഫഷണൽ റേസിങ്ങിലേക്ക് തിരിച്ചെത്തി. നിലവിൽ 2026 മിഷലിൻ ലെ മാൻസ് കപ്പിൽ മത്സരിക്കുന്ന അജിത്തിന്റെ റേസിങ് യാത്ര ഒക്ടോബർ 10ന് പോർച്ചുഗലിലെ പോർട്ടിമാവോയിൽ നടക്കുന്ന മത്സരത്തോടെ അവസാനിക്കും.