യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ തമിഴ് സൂപ്പർതാരം അജിത്കുമാർ ഒടുവിൽ ചെന്നൈയിൽ തിരിച്ചെത്തി. ഗൾഫ് മേഖലയിൽ പെട്ടെന്നുണ്ടായ വ്യോമയാന നിയന്ത്രണങ്ങൾ കാരണം താരം അവിടെ കുടുങ്ങുകയായിരുന്നു.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അജിത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്താവളത്തിൽ എത്തിയ താരം തന്റെ സംഘത്തോടൊപ്പം ലഗേജുകൾ കാറിൽ ക്രമീകരിക്കുന്നതും യാത്ര തിരിക്കുന്നതും വീഡിയോയിൽ കാണാം. വെള്ള ടീഷർട്ടും മാച്ചിങ് ജാക്കറ്റും കറുത്ത പാന്റ്സുമായിരുന്നു താരത്തിന്റെ വേഷം. വിമാനത്താവളത്തിൽ ആരാധകരും മാധ്യമങ്ങളും തടിച്ചുകൂടിയിരുന്നെങ്കിലും, അവരുമായി സംസാരിക്കാതെ അജിത് വേഗത്തിൽ മടങ്ങുകയായിരുന്നു.
പല പ്രമുഖ വ്യക്തികളും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ അജിത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവ് ആരാധകർക്ക് വലിയ ആശ്വാസവാർത്തയായി. പ്രൊഫഷണൽ റെയ്സർ കൂടിയായ താരം, വിദേശയാത്ര കഴിഞ്ഞുമടങ്ങവേ അപ്രതീക്ഷിതമായി യുഎഇയിൽ കുടുങ്ങുകയായിരുന്നു.