ചെന്നൈയിൽ സൗഹൃദസം​ഗമത്തിൽ ഒത്തുചേർന്ന വിവിധ ഭാഷകളിലെ താരങ്ങൾ അറേഞ്ച്ഡ്
Tamil

ഇക്കുറി മോഹൻലാലും രജനിയുമില്ലാതെ എൺപതുകളിലെ പുള്ളിപ്പുലികൾ

പപ്പപ്പ റിപ്പോര്‍ട്ടര്‍

അവര്‍ ഒത്തുകൂടി, 80-കളിലെ അഭ്രപാളിയില്‍ നിത്യവിസ്മയങ്ങളായ വേഷപ്പകര്‍ച്ച നടത്തിയ താരങ്ങള്‍. ചിരഞ്ജീവി, ജാക്കി ഷ്രോഫ്, വെങ്കിടേഷ് എന്നിവരുള്‍പ്പെടെയുള്ള സൂപ്പര്‍സ്റ്റാറുകളാണ് വാര്‍ഷിക സമാഗമത്തിനായി ഒത്തുകൂടിയത്. ചെന്നൈയില്‍ നടന്ന സൗഹൃദസംഗമത്തില്‍ മോഹന്‍ലാലും രജനികാന്തും പങ്കെടുത്തില്ല. പ്രഭു, നരേഷ്, സുരേഷ്, ജയറാം, ശരത്കുമാര്‍, രമ്യാ കൃഷ്ണന്‍, ശോഭന, ഖുശ്ബു, മീന സാഗര്‍, രാധ, ജയസുധ, സുഹാസിനി,സുമലത,പാർവതി, നദിയ, രേവതി,റഹ്മാൻ, തുടങ്ങിയ പ്രമുഖരും സൗഹൃദം പങ്കിടാനെത്തി.

ഒത്തുചേരലിന്റെ മനോഹരനിമിഷങ്ങളുടെ ചിത്രങ്ങള്‍ നടി രേവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ആരാധകര്‍ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. ' വളരെ അപൂര്‍വമായി മാത്രം കണ്ടുമുട്ടുന്ന സുഹൃത്തുക്കളുടെ ഒരു സായാഹ്നസംഗമം... ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍... 12 വര്‍ഷത്തിലേറെയായി കണ്ടുമുട്ടുന്ന ഒരേയൊരു ഗ്രൂപ്പ്... സംഗമത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന ലിസി, സുഹാസിനി, പൂര്‍ണിമ, രാജ്കുമാര്‍, ഖുഷ്ബു എന്നിവര്‍ക്ക് നന്ദി... 80കളിലെ റോക്ക് ക്ലാസ്!' രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാത്തവണയും പ്രത്യേകതീമിലുള്ള വസ്ത്രം ധരിച്ചാണ് താരങ്ങൾ ഒത്തുചേരുന്നത്. ഇത്തവണ പുള്ളിപ്പുലിക്കുപ്പായത്തിലായിരുന്നു എല്ലാവരും.

2022ല്‍ മുംബൈയില്‍ ജാക്കി ഷ്രോഫ് നേതൃത്വം നല്‍കിയ പുന:സമാഗമത്തില്‍ ചിരഞ്ജീവി , ഖുശ്ബു, വെങ്കിടേഷ് ദഗ്ഗുബതി, ശോഭന, മീനാക്ഷി ശേഷാദ്രി, രേവതി, ടീന അംബാനി, മധു ഷാ, അനുപം ഖേര്‍, വിദ്യാ ബാലന്‍, അനില്‍ കപുര്‍, രാജ് ബബ്ബര്‍ എന്നിവരും ദക്ഷിണേന്ത്യന്‍ താരങ്ങളായ രമ്യാ കൃഷ്ണന്‍, രാജ്കുമാര്‍ സാരജ് രാജ്, ഭാനു സേതുപതി, ലിസി, പൂര്‍ണിമ, സുഹാസിനി, രാധാ നായര്‍, സരിത, സുമലത, അംബിക, നദിയ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 2019ല്‍ ഹൈദരാബാദിലെ തന്റെ വീട്ടില്‍വച്ച് ചിരഞ്ജീവി താരങ്ങളുടെ പത്താം വാര്‍ഷിക സമാഗമം നടത്തിയിരുന്നു.

നേതൃത്വം നല്‍കുന്നത് സുഹാസിനിയാണെങ്കിലും താരസംഗമം എന്ന ആശയം മുന്നോട്ടുവച്ചത് ലിസിയാണ്. ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും സൂപ്പര്‍താരങ്ങളുടെ സമാഗമത്തിനു നിരവധി ആരാധകരും ആശംകളുമായി എത്തി.