എ.കെ.സാജൻ ഫോട്ടോ-അറേഞ്ച്ഡ്
Masterclass

മണ്ണാർക്കാട്ടെ ബിലാലിൽ നിന്ന് തിരക്കഥയെഴുത്തുകാർക്ക് പഠിക്കാനുള്ളത്...

തിരക്കഥയെഴുത്തിന്റെ വഴികളിലൂട..സീൻ20 പംക്തി മൂന്നാംഭാ​ഗം

എ.കെ.സാജൻ

ഈ പംക്തിക്കൊരു ക്ലാസ് മുറിയുടെ ഔപചാരികതയുണ്ടാകില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നുവല്ലോ. ഒരു സംഭാഷണം പോലെ കണ്ടാൽ മതി. നമ്മൾ പരസ്പരം കാണുന്നില്ലെന്നേയുള്ളൂ. ഒരുമിച്ച് ഒരു ചായക്കടയിലോ,തീവണ്ടിത്താവളത്തിലോ ഒക്കെ ഇരുന്നുള്ള വർത്തമാനം പോലെ വായിക്കുന്ന ഓരോരുത്തരെയും മനസ്സിൽ കണ്ടാണ് ചിലതെല്ലാം കുറിക്കുന്നത്. അതുകൊണ്ട് തിരക്കഥയുടെ എഴുത്തുവഴികൾ പറഞ്ഞു വരുന്നതിനിടയ്ക്കുതന്നെ മറ്റുചില വിഷയങ്ങളും സന്ദർഭവശാൽ കടന്നുവരാം. പക്ഷേ അതിന്റെ ഒരറ്റത്തും സിനിമയുടെ നൂൽ ഉണ്ടാകുമെന്നുമാത്രം.

പറയാൻ പോകുന്നതും അങ്ങനെയൊരു വിഷയമാണ്. തിരക്കഥയെഴുതാൻ ആ​ഗ്രഹിക്കുന്നവർ സിനിമകാണുന്നതുപോലെ നന്നായി വായിക്കുകയും വേണം. പുസ്തകം മാത്രമല്ല,പത്രങ്ങളും ആനുകാലികങ്ങളുമെല്ലാം. അതിലെല്ലാം എവിടെയോ ഒരു കഥ ഒളിഞ്ഞുകിടക്കുന്നു. പക്ഷേ കഥയ്ക്കുമപ്പുറം നമ്മൾ സാമൂഹികജീവികളായതുകൊണ്ട് ചുറ്റും നടക്കുന്നതിനെക്കുറിച്ച് സാമാന്യധാരണയുണ്ടാകണമെന്നത് പ്രധാനമാണ്. അതിനാകണം വായന. അത്തരം ധാരണകളുണ്ടാക്കാൻ ഇൻസ്റ്റാ റീലുകളോ യൂട്യൂബ് വീഡിയോകളോ സഹായിക്കില്ല. പത്രങ്ങളും വാരികകളും വായിക്കുക തന്നെ വേണം. രാവിലെ പത്രം എടുത്ത് മറിച്ചുനോക്കിയില്ലെങ്കിൽ ഒരുതരം അപൂർണത അനുഭവപ്പെടുന്ന തലമുറയുടെ പ്രതിനിധിയാണ് ഞാനും. അതുകൊണ്ടാകാം ഇങ്ങനെപറയുന്നതും.

പി.കെ.ശശി,ബിലാൽ ഫാൻമേഡ് പോസ്റ്റർ,പി.എം.ആർഷോ

കഴിഞ്ഞദിവസം പത്രവായനക്കിടെ ശ്രദ്ധയിൽപെട്ട ഒരു പ്രസം​ഗത്തിലെ വാചകങ്ങൾ അതേപടി എടുത്തെഴുതുന്നു: 'ചില നാട്ടിൽ ചില ചട്ടമ്പികളുണ്ടാകും. അവരുടെ വിചാരം തങ്ങൾ കാരിക്കാമുറി ഷണ്മുഖനാണ്,ബിലാലാണ് എന്നൊക്കെയാണ്. ഇന്നലത്തോടെ സർവത്ര മണ്ണാർക്കാട്ടുകാർക്കും ബോധ്യമായി ഷണ്മുഖനുമല്ല,ബിലാലുമല്ല പടക്കം ബഷീറാണെന്ന്. ഇനിയും ബിലാലാണെങ്കിൽ ഒന്നുപറയാം,അര ട്രൗസറുമിട്ട് അങ്ങാടിയിലൂടെ നടന്ന കാലമുണ്ടായിരുന്നു. ആ ബിലാലിനെ മേരിടീച്ചർ കൂട്ടിക്കൊണ്ടുപോയി തിന്നാൻകൊടുത്തു. നേരെ നില്കാൻ പ്രാപ്തനായ ശേഷം സായിപ്പ് ടോണിയായി മാറി മേരിടീച്ചറുടെ തലയ്ക്ക് ​ഗുണ്ടെറിയാൻ ആളെ പറഞ്ഞുവിട്ടാൽ.. പൊന്നുമോനേ ബിലാലേ ഒരു കാര്യം പറയാം. മേരി ടീച്ചർക്ക് കൊച്ചിയിൽ വേറെയുമുണ്ട് മക്കൾ. ആ മക്കൾ ഇറങ്ങിനിന്നാൽ മുട്ടിന്റെ ചിരട്ട കാണില്ല. അതിനു മേരിടീച്ചറുടെ മക്കൾക്ക് അറിയാം.' പ്രസം​ഗം എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം പാലക്കാട് ജില്ലാകമ്മറ്റിയം​ഗവുമായ പി.എം.ആർഷോയുടേതായിരുന്നു. പത്രവാർത്തയിൽ പറയുന്നത് അത് കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശിക്കെതിരായ പരോക്ഷ രൂക്ഷവിമർശനമാണെന്നാണ്.

എത്രയെത്ര കഥാപാത്രങ്ങളാണ് ആ ഒറ്റപ്രസം​ഗത്തിൽ കയറിവന്നത്. ബിലാൽ,മേരിടീച്ചർ,സായിപ്പ് ടോണി,പടക്കം ബഷീർ,കാരിക്കാമുറി ഷണ്മുഖൻ...പലസിനിമകളിൽ നിന്നുള്ളവർ..

പാലക്കാട്ടെ മണ്ണാർക്കാട്ട്, കൊച്ചിയും ബിലാലും ചർച്ചാവിഷയമായെതങ്ങനെയെന്ന് ആദ്യം പിടികിട്ടിയില്ല. അതിന്റെ മുൻഎപ്പിസോഡ് എന്തോ ശ്രദ്ധയിൽ പെട്ടിരുന്നില്ല. പിന്നിലുള്ള വാർത്തകൾ തപ്പിപ്പോയപ്പോഴാണ് ഓപ്പണിങ് സീനിലേക്കെത്തിയത്. മണ്ണാർക്കാട്ടെ പാർട്ടിഓഫീസിനുമുന്നിൽ പടക്കം പൊട്ടിയതിനെത്തുടർന്നുണ്ടായ സംഭവങ്ങൾ കാരിക്കാമുറി വരെ എത്തിനില്കുകയാണ്. പി.കെ.ശശിയുടെ ഡ്രൈവറായി ജോലിനോക്കിയിട്ടുളള ഒരാൾ പടക്കമേറ് കേസിൽ അറസ്റ്റിലായതും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതും തമ്മിൽ കണ്ണിചേർത്തുവയ്ക്കപ്പെട്ടതിന്റെ തുടർച്ച.

കീലേരി അച്ചു,കാരിക്കാമുറി ഷണ്മുഖൻ,പടക്കം ബഷീർ എന്നീ കഥാപാത്രങ്ങൾ

ശശിയാണ് ആദ്യം ബിലാലിനെ സീനിലേക്ക് കൊണ്ടുവന്നത്. മണ്ണാർകാട് ന​ഗരസഭയിലെ പുതിയ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പം പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: 'കൊച്ചി പഴയ കൊച്ചിയല്ലായിരിക്കാം. പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്...'

നോക്കൂ...വർഷങ്ങൾക്ക് മുമ്പ് ഉണ്ണി ആർ. 'ബി​ഗ് ബി' എന്ന സിനിമയിലെഴുതിവച്ച സംഭാഷണശകലം സി.പി.എം പോലൊരു കേഡർപാർട്ടിയുടെ ഉൾപ്പാർട്ടി പ്രശ്നങ്ങളിലേക്ക് കടന്നുകയറിയതെങ്ങനെയെന്ന്. സിനിമ രാഷ്ട്രീയത്തെപ്പോലും അധിനിവേശിക്കുന്ന കാഴ്ച. ശശിയുടെ ബിലാലെന്ന നായകനെ ചെറുതാക്കാൻ ആർഷോ കൂട്ടുപിടിച്ചത് ആ സിനിമയിലെ മറ്റു കഥാപാത്രങ്ങളെയും 'ഛോട്ടാമുംബൈ'യിലെ ജ​ഗതിയുടെ കഥാപാത്രത്തെയും. തുടർന്ന് സംസാരിച്ച ഡിവൈെഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം മറ്റാരൊളെക്കൂടി കളത്തിലെത്തിച്ചതായി കൂടുതൽവാർത്തകൾ പരതിയപ്പോൾ കണ്ടു-മാമുക്കോയയുടെ കീലേരി അച്ചുവിനെ.

ഈ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ ശ്രീനിവാസനും രഞ്ജിതും ബെന്നി പി.നായരമ്പലവും അമൽനീരദുമൊന്നും ഓർത്തുകാണില്ല ഒരുകാലത്ത് അവർ രാഷ്ട്രീയത്തിൽ 'ഇടപെടു'മെന്ന്. 'കൺകെട്ട്' എന്ന സിനിമ പലരും മറന്നേക്കാം. പക്ഷേ കീലേരി അച്ചു ഓരോ തവണയും രാഷ്ട്രീയ​ഗോദയിൽ ആവർത്തിക്കപ്പെടുന്നു. ആർഷോയുടെ ഇഷ്ടകഥാപാത്രവുമാണത്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിക്കാൻ ആർഷോ കൂട്ടുപിടിച്ചത് അച്ചുവിനെയായിരുന്നല്ലോ.

പറഞ്ഞുവന്നത് ഇതാണ്. നിങ്ങൾ എഴുതിവയ്ക്കുന്ന ഒരു സംഭാഷണം അല്ലെങ്കിൽ കഥാപാത്രത്തിനിടുന്ന പേര് നാളെ പലയിടങ്ങളിൽ ആവർത്തിക്കപ്പെട്ടേക്കാം. ട്രോളുകളെ മാറ്റിവച്ചേക്കൂ. പക്ഷേ രാഷ്ട്രീയം പോലൊരു വിശാലമായ കളിക്കളത്തിൽ സിനിമ ചെലുത്തുന്ന സ്വാധീനം സിനിമാമേഖലയിലേക്ക് കടന്നുവരാൻ ആ​ഗ്രഹിക്കുന്നവരോട് പലതും പറയുന്നുണ്ട്. നിങ്ങൾ സൃഷ്ടിക്കുന്നത് വെറും കടലാസ് പുലികളെയല്ലെന്നും അത് ചരിത്രത്തിൽ രേഖപ്പെടുത്താൻ തക്കവണ്ണം കാതലുള്ളതായിരിക്കണമെന്നുമുള്ള ഓർമപ്പെടുത്തലാണത്.

സന്ദീപ് വാരിയർ,'ആറാംതമ്പുരാനി'ൽ ജ​ഗന്നാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ

രാഷ്ട്രീയക്കാർ ആയുധങ്ങളാക്കുന്ന കഥാപാത്രങ്ങളെയെടുത്ത് ഒന്ന് പരിശോധിച്ച് നോക്കിയാൽ ഒരു കാര്യം ബോധ്യപ്പെടും. അവയ്ക്കെല്ലാം ഒരു സർ​ഗപരതയുണ്ട്. പ്രത്യേകചേരുവകളിൽ തയ്യാറാക്കപ്പെട്ടവ. അതുകൊണ്ടുതന്നെയാണ് അവ നേതാക്കളുടെ നാവിലെ സ്വാ​ദിഷ്ടവിഭവമാകുന്നതും.

ആർഷോയുടെ പ്രസ്താവനയെ പ്രതിരോധിക്കാൻ കോൺ​ഗ്രസിന്റെ ഇപ്പോഴത്തെ സൈബർമുഖങ്ങളിലൊന്നായ സന്ദീപ് വാരിയർ ഉപയോ​ഗിച്ചതും മറ്റൊരു രഞ്ജിത് കഥാപാത്രത്തെയാണ്. 'ആ പാർട്ടി ഓഫീസ് ഉണ്ടാക്കിയതും ബിലാൽ ആയിരുന്നു. അന്ന് ബിലാൽ നിങ്ങൾക്ക് ആറാംതമ്പുരാനായിരുന്നു. കണിമം​ഗലം കോവിലകത്തെ ജ​ഗന്നാഥൻ തമ്പുരാൻ. ഉത്സവം നടത്തണമെന്ന് ജ​ഗന്നാഥൻ തീരുമാനിക്കേണ്ട താമസം ബാക്കി ഞങ്ങൾ നോക്കും. കൊടിയേറിയിട്ടുണ്ടെങ്കിൽ ഉത്സവം നടക്കും,നടത്തും'-സിനിമയിലെപ്പോലെ തന്നെയുള്ള പഞ്ച് ഡയലോ​ഗ്.

ഇനിയൊന്ന് പുറകോട്ടുപോകാം. അപ്പോൾ കാണുന്നത് പുരാണങ്ങളെയോ ഐതിഹ്യങ്ങളെയോ ഒക്കെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയനേതാക്കളെയാണ്. 'മുകളിൽ എല്ലാം കാണുന്ന ഒരാളുണ്ട്' എന്നാണ് ഒരിക്കൽ ലീ​ഗിനോട് കെ.കരുണാകരൻ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളിലൊരാളെ ആക്രമിക്കാൻ വി.എസ്.അച്യുതാനന്ദൻ തിരഞ്ഞെടുത്തത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്രയിലെ 'ആറാട്ടുമുണ്ടൻ' എന്ന കഥാപാത്രത്തെയാണ്. അന്നൊക്കെ സിനിമയുടെ സ്ഥാനം രാഷ്ട്രീയക്കളരിക്ക് പുറത്തായിരുന്നു.

കാലംമാറിയപ്പോൾ സിനിമാക്കാർ രാഷ്ട്രീയക്കാരെ കഥാപാത്രങ്ങളാക്കി. ഇപ്പോൾ രാഷ്ട്രീയക്കാർ സിനിമാക്കാർ സൃഷ്ടിച്ച രാഷ്ട്രീയേതരകഥാപാത്രങ്ങളെ തരംപോലെ ഉപയോ​ഗിക്കുന്നു. 30സെക്കന്റ് റീലുകൾ തിരഞ്ഞെടുപ്പുകളിൽ പോലും നിർണായകമാകുന്ന കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ പഠനക്യാമ്പിൽ നിർമിതബുദ്ധിക്കൊപ്പം സിനിമ വിഷയമായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. അത് ഒരിക്കലും വിമർശിക്കപ്പെടേണ്ട ഒന്നല്ല,മറിച്ച് അഭിനന്ദിക്കപ്പെടേണ്ട കാര്യം തന്നെയാണ്. മാറിയ കാലത്തെ നമ്മുടെ രാഷ്ട്രീയകക്ഷികൾ അഭിസംബോധന ചെയ്യുന്നു എന്നത് ഒരു സിനിമാപ്രവർത്തകനെന്ന നിലയിൽ ആ​ഹ്ലാദം പകരുന്നു.

പി.വി.അൻവർ,'ട്രാൻസി'ൽ ഫഹദ് ഫാസിൽ

'നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാഷ്ട്രീയമല്ല സിനിമാഡയലോ​ഗുകളാണ് പറഞ്ഞതെ'ന്നായിരുന്നു പി.വി.അൻവറിന്റെ ആക്ഷേപം. സി.പി.എമ്മിനൊപ്പമായിരുന്ന കാലത്ത് അൻവറിന് പ്രിയപ്പെട്ടതായിരുന്നതും ഒരു സിനിമാഡയലോ​ഗായിരുന്നു-'ട്രാൻസി'ലെ പണിവരുന്നുണ്ട് അവറാച്ചാ...!

സിനിമയുടെ സ്വാധീനപരിധി അതിവിശാലമാകുകയാണ്. രാഷ്ട്രീയക്കാരെ ഒരിക്കലും തെറ്റുപറയാനാകില്ല. എന്തും സിനിമാറ്റിക് ആകുന്ന കാലത്ത് അവർ ജനങ്ങളിലേക്ക് തങ്ങളുടെ വാദങ്ങളെയെത്തിക്കുന്നതിന് സിനിമയെ ഉപയോ​ഗപ്പെടുത്തുന്നുവെന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. ഇങ്ങനെ മാറുന്ന സാമൂഹിക സാഹചര്യങ്ങളെക്കൂടി മുന്നിൽകണ്ടുവേണം കഥയും സംഭാഷണങ്ങളുമെഴുതാൻ. രാഷ്ട്രീയമുദ്രാവാക്യങ്ങളോ,രാഷ്ട്രീയക്കാർക്ക് പറയാൻ തക്കവണ്ണം വിധമുള്ള സംഭാഷണങ്ങളോ ആലോചിച്ചുകൂട്ടി വേണം ഇനിയുള്ള കാലം എഴുതാൻ എന്നല്ല. നിങ്ങളെഴുതുന്നതിന്റെ സ്വാധീനശക്തിയെക്കുറിച്ച് അറിവുണ്ടായിരിക്കുക. താൻ എഴുതുന്നത് വെറുതെ നാലുവരി അക്ഷരക്കൂട്ടം മാത്രമല്ല എന്ന തോന്നൽ എപ്പോഴും ഉള്ളിൽ ഉരുവിട്ടുകൊണ്ടേയിരിക്കുകയെന്നതാണ് തിരക്കഥാകൃത്തിന്റെ പ്രാഥമികദൗത്യങ്ങളിലൊന്ന്.

ഏറ്റവും ജൈവികമായി സൃഷ്ടിക്കപ്പെടുന്നവയാണ് ആളുകളെ ആകർഷിക്കുന്നതും അവർ ഏറ്റെടുക്കുന്നതും. പ്ലാസ്റ്റിക് സ്വഭാവമുള്ള കഥയ്ക്കും കഥാപാത്രങ്ങൾക്കും സംഭാഷണങ്ങൾക്കും ആവശ്യക്കാരുണ്ടാകില്ല. എവിടെയൊക്കയോ മണ്ണിലും മനസ്സിലും തൊട്ടുനില്കുന്നവരെയാണ് കാലം ഏറ്റെടുക്കുന്നത്.

എപ്പോൾ സിപിഎം തിരഞ്ഞെടുപ്പിൽ തോറ്റാലും അപ്പോഴൊക്കെ 'എന്തുകൊണ്ട് നമ്മൾ തോറ്റു' എന്ന ചോദ്യമുയരും. അവിടെയാണ് ശ്രീനിവാസൻ കാലാതീതനാകുന്നത്. കുമാരപിള്ള സാറും,പൊതുവാൾജിയും ഞങ്ങളുടെ ഡെഡ്ബോഡിയും കോട്ടപ്പള്ളിയും കെ.ആർ.പിയുമെല്ലാം ഇന്നും ആവർത്തിക്കപ്പെടുന്നത് ശ്രീനിവാസനിലെ സാമൂഹികനിരീക്ഷകന്റെ മിടുക്കുകൊണ്ടുകൂടിയാണ്. ഒരുതിരക്കഥാകൃത്തിന് എത്രത്തോളം സാമൂഹികബോധം വേണമെന്നുള്ളതിന്റെ 'സന്ദേശം' കൂടിയാണ് ശ്രീനിവാസൻ.

ശ്രീനിവാസന്റെ 'സന്ദേശം' കേരളത്തിലെ ഇടതുപക്ഷത്തെ പരിഹസിക്കാനാണ് രാഷ്ട്രീയഎതിരാളികൾ പലപ്പോഴും ഉപയോ​ഗിച്ചിട്ടുള്ളത് എന്തുകൊണ്ട് യശ്വന്ത് സഹായിയുടെയും പൊതുവാൾജിയുടെയും പേര്പറഞ്ഞ് ഒരു പ്രത്യാക്രമണം അവർ നടത്തിയില്ല എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷേ കക്ഷിരാഷ്ട്രീയഭേദമെന്യേ വീരനായകരും ഹാസ്യകഥാപാത്രങ്ങളുമെല്ലാം പരസ്പരാക്രമണത്തിനുള്ള ആയുധങ്ങളാകുന്നു എന്നതാണ് പുതുകാല രാഷ്ട്രീയത്തിന്റെ പ്രത്യേകത. നേരത്തെ പറഞ്ഞ സാമൂഹികനിരീക്ഷണപാടവത്തോടെ പഠിക്കേണ്ട വിഷയമാണത്. പ്രത്യേകിച്ചും തിരക്കഥയെഴുതാൻ ആ​ഗ്രഹിക്കുന്നവർ. ഇത്തരം സാമൂഹികപഠനം രാഷ്ട്രീയത്തെക്കുറിച്ചുമാത്രമുള്ള അറിവല്ല തരിക,മറിച്ച് കഥാപാത്രനിർമിതിക്കുള്ള മൂശ കൂടിയാണ്.

(തുടരും)

നിർദേശങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെയ്ക്കാം

pappappamail@gmail.com