
കഴിഞ്ഞ ഭാഗത്തിൽ ചർച്ച ചെയ്തത് തിരക്കഥയെഴുതുന്നതിനുമുമ്പ് ഉള്ളിലെ അഭിരുചിയെ കണ്ടെത്തുന്നതിനെക്കുറിച്ചാണ്. അത് തിരിച്ചറിഞ്ഞാൽ പിന്നെ ഏത് ഴോണറിനോടാണ് താത്പര്യം എന്ന് മനസ്സിലാക്കിയെടുക്കാൻ എളുപ്പമാണ്. ഏതെങ്കിലും പ്രത്യേക തരത്തിലുള്ള സിനിമകൾ കാണുമ്പോൾ നിങ്ങളിലെ എഴുത്തുകാരൻ അതിനൊരു പാഠഭേദം ഉള്ളാലെ മെനയുന്നുണ്ടെങ്കിൽ,അത്തരത്തിലുള്ള മറ്റൊരു കഥയ്ക്കുവേണ്ടി ആലോചന തുടങ്ങുന്നുണ്ടെങ്കിൽ ഉറപ്പിക്കാം,നിങ്ങളുടെ ലക്ഷ്യം കൂടുതൽ നിർണയിക്കപ്പെടുന്നുവെന്ന്.
ഉദാഹരണത്തിന് ഫാമിലി ഡ്രാമകളാണ് നിങ്ങളുടെ ഉള്ളിൽ കഥയ്ക്കുള്ള മൂശ സൃഷ്ടിച്ചതെന്ന് കരുതുക. കൂടുതൽ തീവ്രമായി അത്തരം സിനിമകൾ കാണുകയും കുടുംബകഥകൾ പറയുന്ന ക്ലാസ്സിക്കുകൾ മുതൽ വായിക്കുകയും ചെയ്യുകയാണ് അടുത്തഘട്ടം. അത് നിർണയിക്കപ്പെട്ട അഭിരുചിയെ കൂടുതൽ ആളിക്കത്തിക്കാനുള്ള മാർഗമാണ്. മലയാളത്തിലാണെങ്കിൽ കെ.എസ്.സേതുമാധവൻ സാറിന്റെ സിനിമകൾ കാണേണ്ടവയുടെ കൂട്ടത്തിലുൾപ്പെടുത്താം. ഹിന്ദിയിലാണെങ്കിൽ മൻമോഹൻദേശായി. അങ്ങനെയങ്ങനെ കണ്ടുതുടങ്ങുന്ന പാതയിൽ ഗുൽസാർ, കെ.ബാലചന്ദർ,ഭാരതിരാജ,ആർ.സി.ശക്തി,സി.വി.ശ്രീധർ,ജി.വി.അയ്യർ തുടങ്ങി നമ്മുടെ അഭിമാനമായ ഹരിഹരൻ,ജോഷി,ഫാസിൽ,സത്യൻഅന്തിക്കാട്, പ്രിയദർശൻ,സിബിമലയിൽ,കമൽ,ലോഹിതദാസ് വരെയുള്ളവരെ നിങ്ങൾ ആഴത്തിൽ പരിചയപ്പെടണം. കെ.ജി.ജോർജ്,മോഹൻ,ഭരതൻ തുടങ്ങിയവരെ മറന്നിട്ടല്ല. അവരുടെ ഓരോരുത്തരുടെയും സിനിമകളെക്കുറിച്ച് പിന്നീട് വിശദമായി പറയേണ്ടതിനാലാണ് ഇവിടെ സൂചിപ്പിക്കാത്തത്.
ഇത് ഏതാണ്ട് മൂന്നോ നാലോ മാസം കൊണ്ടുതീർക്കാവുന്ന ജോലിയാണ്. എന്നുകരുതി സിനിമ കാണൽ അവസാനിപ്പിക്കണമെന്നോ ഉടൻ തിരക്കഥയെഴുതാനാകുമെന്നോ അല്ല ഇതിനർഥം. എന്നും സിനിമ കണ്ടുകൊണ്ട് ഇരിക്കാനാകില്ലല്ലോ..അടുത്തഘട്ടത്തിലേക്ക് കടക്കണം. അതിനുള്ള കാലയളവിനെ സൂചിപ്പിച്ചേയെന്നേയുള്ളൂ. അതിലേക്ക് കടന്നാലും മുൻഘട്ടത്തിൽ ചെയ്തവ ആവർത്തിച്ചുകൊണ്ടേയിരിക്കാം.
'നിലമൊരുക്കൽ' എന്നുവേണമെങ്കിൽ ഈ തയ്യാറെടുപ്പിനെ പറയാം. കഥയുടെ വിത്തുവിതയ്ക്കും മുമ്പ് നമ്മളെത്തന്നെ ഒന്ന് ഉഴുതുമറിക്കുക. അതിനാണ് മേൽപ്പറഞ്ഞ കാഴ്ചശീലങ്ങളും വായനയും. തിരക്കഥയെഴുത്തിലെ പാഠങ്ങൾ അറിയാനാണ് വായന. എം.ടിയുടെ 'കാഥികന്റെ പണിപ്പുര' മുതൽ തിരക്കഥാപുസ്തകങ്ങളും രചനാരീതികളെക്കുറിച്ചുള്ള ലേഖനങ്ങളും വരെ വായിക്കാം. എങ്ങനെയാണ് എഴുത്തുകാർ കഥയെ സമീപിച്ചതെന്ന് കൂടുതൽ രേഖീയമായി അതിലൂടെ അറിയാനാകും. കണ്ടവയുടെ ലിഖിത രൂപം വായിച്ചറിയുന്നത് എഴുത്തിനെ കൂടുതൽ സഹായിക്കും.
അത് നമ്മളിലെ വ്യക്തിയെ രൂപപ്പെടുത്തുന്ന പ്രക്രിയ കൂടിയാണ്. ഒരുതരം ആന്തരികസംസ്കരണം ഉള്ളിൽ സംഭവിക്കും. വായിക്കുന്ന ആരെയും പോലെ നിങ്ങളും കൂടുതൽ 'റിഫൈൻഡ്' ആകും. ഇത്തരത്തിലൊരു ആത്മനവീകരണം എഴുത്തുകാരന് അത്യന്താപേക്ഷിതമാണ്. സ്വന്തം അനുഭവങ്ങളെയും എന്നോ കണ്ടുമറന്ന കാഴ്ചകളെയും എന്തിന്, വായിച്ചുമറന്ന ഒരു പത്രവാർത്തയെപ്പോലും കഥയായി പരിവർത്തനം ചെയ്യാൻ അതിലൂടെ സാധിക്കും.
ഏതുതരം കഥയും വികാരങ്ങളുടേതാണ്. ഭിന്നഭാവങ്ങളിലായിരിക്കും എന്ന് മാത്രം. കഥയുണ്ടാകണമെങ്കിൽ ആദ്യം കഥാകൃത്തിനുള്ളിൽ ആ വികാരം രൂപപ്പെടണം. അതിനും നേരത്തെ പറഞ്ഞ സ്വയംനവീകരണം വഴിവയ്ക്കും.
ഇനി നേരത്തെ പറഞ്ഞ ഴോണറുകളിലേക്ക് തന്നെ തിരിച്ചുവരാം. അത് കണ്ടെത്താൻ എളുപ്പവഴികളില്ല. ഒരു ഡോക്ടർ രോഗം കണ്ടെത്തുന്നതുപോലെ നിങ്ങളുടെ അഭിരുചിയെ മറ്റൊരാൾക്ക് തിരിച്ചറിയാനാകില്ല. അതിന് നിങ്ങൾക്കേ സാധിക്കൂ. നിങ്ങളിലെ രുചി മറ്റൊരാൾക്ക് രുചിക്കും വിധം വിളമ്പുമ്പോഴാണ് ഒരു മികച്ച തിരക്കഥയുണ്ടാകുന്നത്.
പറഞ്ഞുവന്നതിന്റെ ആകെത്തുക ഇത്രയാണ്. നിങ്ങൾക്ക് സിനിമ കാണാൻ വളരെ ഇഷ്ടമായിരിക്കാം. പക്ഷേ എഴുതാൻ താത്പര്യം ഉണ്ടോ എന്നറിയണം. അതിനുള്ള ലിറ്റ്മസ് ടെസ്റ്റാണ് സിനിമാകാഴ്ചകൾ. എന്നിൽ ഒരു എഴുത്തുകാരൻ ഉണ്ടോ എന്നറിയുകയാണ് ആദ്യം വേണ്ടത്. അത് രക്തപരിശോധനയിലെന്നപോലെ തിരിച്ചറിയാനാകില്ല. പകരം ഒരുഘട്ടത്തിൽ നിങ്ങളിലെ എഴുത്തുകാരൻ സ്വയം നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടും. അതുവരെ സിനിമകൾ കണ്ടുകൊണ്ടേയിരിക്കുക. ഉള്ളിലെ എഴുത്തുകാരൻ പ്രത്യക്ഷനായാൽ അയാളുമായി മുന്നോട്ടുനടക്കുക. അതിന് നേരത്തെ പറഞ്ഞ നിലമൊരുക്കൽ സഹായിക്കും.എങ്ങനെയാണ് എഴുതിത്തുടങ്ങേണ്ടത്
എങ്ങനെയാണ്എഴുതിത്തുടങ്ങേണ്ടത്,എവിടെത്തുടങ്ങണം,അതിന് പ്രത്യേക സമ്പ്രദായങ്ങൾ വല്ലതുമുണ്ടോ എന്നോർത്ത് ആദ്യം തന്നെ ആകുലപ്പെടരുത്. കാരണം എഴുത്തിന് നിയതമായ മാർഗങ്ങളില്ല. നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ഴോണറിലെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ പറയാം. വ്യവസ്ഥാപിതമായ മാർഗങ്ങളെയെല്ലാം ലംഘിച്ചുകൊണ്ടുള്ള രചനയായിരിക്കും അത്. ഒരു പൂ വിരിയും പോലെ ലളിതമായിത്തുടങ്ങി,പ്രത്യേകിച്ച് വലിയ വളവും തിരിവുമില്ലാതെ ഒടുവിൽ ഒരു ഭൂകമ്പവുമില്ലാതെ അവസാനിക്കുന്ന സിനിമ നിങ്ങൾക്ക് സങ്കല്പിക്കാം,എഴുതാം. കലയിലെ ഏറ്റവും വലിയ സംഭവമെന്ന് പറയുന്നത് നിയമങ്ങളെ ലംഘിക്കുകയെന്നാതാണ്. അവിടെയാണ് കല കലാപമാകുന്നത്. നിയമങ്ങൾ ലംഘിച്ചില്ലെങ്കിൽ കല പിന്നോട്ടേ പോകൂ.
നിങ്ങൾക്ക് കുഞ്ചനെയും തുഞ്ചനെയും പഠിക്കാം,പഠിക്കണം. പക്ഷേ അവരുടെ രീതിയൽ ഛന്ദസ്സോടെ ഇന്ന് കവിതയെഴുതണമെന്നില്ലല്ലോ. നിയമങ്ങളുടേതായ എല്ലാ 'വൃത്ത'ങ്ങൾക്കും പുറത്താണല്ലോ ഇന്നത്തെ കവിതകൾ. നിയമങ്ങളെ അറിയുക,മനസ്സിലാക്കുക,പിന്നെ അത് ലംഘിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. ഇതാണ് കലയിൽ സംഭവിക്കേണ്ടത് എന്നുവിശ്വസിക്കുന്നയാളാണ് ഞാൻ.
എന്നാൽ പഴയമട്ടിൽ കവിതയെഴുതുന്നവരുമില്ലേ,അത് തെറ്റാണോ എന്ന് ചോദിച്ചാൽ 'അല്ല' എന്നുതന്നെ ഉത്തരം. അത് അവരുടേതായ മാർഗം. പക്ഷേ പുതിയ കാലം പല തിരുത്തലുകളും ആവശ്യപ്പെടുന്നില്ലേ...?അത്തരം തിരുത്തലുകൾ സാഹിത്യത്തിലും സിനിമയിലും സംഭവിക്കേണ്ടതല്ലേ..?അതുകൊണ്ടാണ് പറഞ്ഞത്,തിരക്കഥയെഴുത്തിലും നിയമലംഘനങ്ങളാണ് പുതിയ കാലത്തിന്റെ ആവശ്യം എന്ന്.
നിങ്ങളുടെ കഥ പുതിയ രീതിയിൽ പറയണോ അതോ വ്യവസ്ഥാപിത മാർഗങ്ങളിലൂടെയാകണോ എന്ന് നിശ്ചയിക്കേണ്ടത് നിങ്ങളുടെയുള്ളിലെ കലാപകാരിയോ പാരമ്പര്യവാദിയോ ആണ്. ക്ളിഷേ എന്ന് വിളിപ്പേരു വീഴുന്നത് പലപ്പോഴും തിരക്കഥകൾക്ക് പഴയസ്വഭാവമുണ്ടാകുമ്പോഴാണ്. എങ്കിലും ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് കഥപറയാനാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ അവിടെയും എന്തെങ്കിലുമൊരു ചെറുതിരുത്തലിന് സാധ്യത തേടുക. അതാണ് ഇപ്പറഞ്ഞതിന്റെ സാരം.
ഏകനായകനെ ആധാരമാക്കിയുള്ള സിനിമകളുണ്ടായിക്കൊണ്ടിരുന്ന കാലത്ത് അതിനെ തിരുത്തിയ എഴുത്തുകാരനാണ് ടി.ദാമോദരൻ മാഷ്. അദ്ദേഹത്തിന്റെ സിനിമകളിൽ ഒന്നിലധികം നായകന്മാരുണ്ടായിരുന്നു. ഓരോ ക്യാരക്ടറും ഓരോ നായകൻ. അവരുടെ മൊത്തത്തിലുള്ള ഒഴുക്കായിരിക്കും ആ സിനിമ. ചിലപ്പോൾ സിസ്റ്റം ആയിരിക്കാം ഒടുവിൽ വില്ലനായി വരുന്നത്. അതിനുമുന്നിൽ നായകരൊക്കെയും തോറ്റുപോയേക്കാം. ഇങ്ങനെ എൺപതുകളിൽ സാമ്പ്രദായികരീതികളെ അതിലംഘിച്ചെഴുതുകയായിരുന്നു ദാമോദരൻ മാഷ് ചെയ്തത്. അതുപോലെ പത്മരാജൻസാറിന്റെ 'ഇതാ ഇവിടെ വരെ' എന്ന സിനിമ നോക്കുക. രണ്ടുനായകരാണതിൽ. രണ്ടുപേരും വില്ലന്മാരുമാണ്. ഇത്തരം സിനിമകളിലൂടെയാണ് ജയൻ,സോമൻ,സുകുമാരൻ തുടങ്ങിയവരെല്ലാം നായകരായത്.
പക്ഷേ തൊണ്ണൂറുകളുടെ തുടക്കത്തിൽ സിനിമയിൽ അടുത്ത തിരുത്തുണ്ടായി. ഏകനായകനും അയാളുടെ വീര്യവുമായി എഴുത്തിന്റെ ചേരുവ. ഏകമുഖമായിത്തീർന്നു സിനിമ. ആ നായകമുഖത്തിനുചുറ്റുമാണ് മറ്റ് കഥാപാത്രങ്ങൾ-സിനിമാലോകം മുഴുവൻതന്നെയും-ചുറ്റിക്കറങ്ങിയിരുന്നത്. രണ്ടായിരാമാണ്ട് അതിനും തിരുത്തലുകൾക്ക് ശ്രമിച്ചു. പൂർണമായും വിജയിച്ചോ എന്ന് കാലമാണ് പറയേണ്ടത്. ഇനിയും തിരുത്തലുകൾ വരും. അതിൽ പങ്കാളിയാകേണ്ട ഒരാൾ ചിലപ്പോൾ നിങ്ങളും നിങ്ങളുടെ പേനയുമായേക്കാം.
(തുടരും)
നിർദേശങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവയ്ക്കാം
pappappamail@gmail.com