'FANNY’S JOURNEY' പോസ്റ്റർ അറേഞ്ച്ഡ്
Masterclass

ഫാനിയുടെ യാത്രയും വിയറ്റ്നാമിലെ പ്രണയവും

ഓരോ ആഴ്ചയിലും കാണാവുന്ന മൂന്ന് ലോകസിനിമകളെ പരിചയപ്പെടുത്തുന്ന പംക്തി-Chai and Cinema

ശരവണൻ രാമകൃഷ്ണൻ

FANNY’S JOURNEY (2016)

Language- French

Running Time-1 Hour 35 Minutes

Genre-War Drama

രണ്ടാം ലോകമഹായുദ്ധ സമയത്ത് ഫ്രാൻസിലെ നിരവധി ജൂത മാതാപിതാക്കൾ അവരുടെ മക്കളെ വിവിധ സംഘടനകളെ ഏല്പിച്ചു. അതവരെ സംരക്ഷിക്കാനും നാസി ഭീഷണിയിൽ നിന്ന് രക്ഷപ്പെടുത്താനുമായിരുന്നു. നാസികളുടെ അധീനതയിൽ ആയ ഫ്രാൻസിൽ നിന്ന് ഒരു കൂട്ടം കുട്ടികൾ രക്ഷപ്പെടാനൊരുങ്ങുന്നു. വിവിധ സംഘടനയിലെ നല്ലവരായ വ്യക്തികളുടെ സഹായം അവർക്ക് ലഭിച്ചുവെങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ ഒറ്റയ്ക്കായി പോകുന്നു. എന്നാൽ മാതാപിതാക്കളുടെ സാമീപ്യം കൊതിക്കുന്ന അവർക്ക് യാത്ര ചെയ്യുക എന്നതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു.

Lola Doillon സംവിധാനം നിർവഹിച്ച്, 2016ൽ പുറത്തിറങ്ങിയ ചിത്രം മനോഹരമായ കാഴ്ചകളിലേക്കുള്ള സഞ്ചാരമാണ്. ജൂത കൂട്ടക്കൊലകൾ നടന്നിരുന്ന ആ നരകത്തിൽ നിന്ന് സ്വർഗം തേടിയുള്ള അവരുടെ യാത്ര അതിസുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. കൂട്ടത്തിൽ മുതിർന്നവളായ ഫാനിയാണ് അവരെയെല്ലാം നയിക്കുന്നത്. പല പ്രതിസന്ധി ഘട്ടങ്ങളിലും തീരുമാനം കൈക്കൊള്ളുന്നതും അവളാണ്. അതുകൊണ്ടാവണം ഫാനിയുടെ യാത്രയായി ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

കളിയും ചിരിയും പിടിക്കപ്പെടലും ഒളിച്ചോടലും എല്ലാമായി കുട്ടികളുടെ കണ്ണിലൂടെ തന്നെ യുദ്ധതീവ്രത അവതരിപ്പിക്കുന്നു. ഒരു യുദ്ധ രംഗം പോലും കാണിക്കാതെ, കുട്ടികളിലൂടെ തന്നെ വികസിക്കുന്ന കഥ പ്രധാനമായും വിരൽചൂണ്ടുന്നത് യുദ്ധം അനാഥമാക്കുന്ന ബാല്യങ്ങളിലേക്കാണ്. കുട്ടികളുടെ പ്രകടനം എല്ലാം ഗംഭീരം. പല രംഗങ്ങൾക്കും ജീവനായി മാറിയ പശ്ചാത്തലസംഗീതവും മികച്ച ഛായാഗ്രഹണവും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങളാവുന്നു.

ഒന്നര മണിക്കൂർ മാത്രമുള്ള ചിത്രം പ്രേക്ഷകനുള്ളിലേക്ക് കടന്നുകൂടുന്നത് കഥാഖ്യാനത്തിലെ മേന്മ കൊണ്ടാണ്. നഷ്ടങ്ങളും ദുഃഖങ്ങളും സമ്മാനിക്കുന്ന യുദ്ധകാഴ്ചകളിൽ നിന്ന് ഈ ചിത്രം മാറിനടക്കുകയാണ്. ക്ലൈമാക്സ്‌ രംഗങ്ങൾ മനസ്സ് നിറയ്ക്കുന്ന കാഴ്ചയാവുന്നു. വാർ ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല എല്ലാ ചലച്ചിത്രാസ്വാദകർക്കും കണ്ടുനോക്കാവുന്ന കൊച്ചു ചിത്രമാണ് ‘ഫാനീസ് ജേർണി.’

'PROMISING YOUNG WOMAN' പോസ്റ്റർ

PROMISING YOUNG WOMAN (2020)

Language- English

Running Time-1 hour and 53 minutes

Genre-Crime Drama

ഒരു നൈറ്റ്‌ ക്ലബിൽ മദ്യപിച്ചു ബോധമില്ലാതെ കിടന്ന കാസിയെ അയാൾ തന്റെ ഫ്ലാറ്റിൽ എത്തിച്ചു. സ്വബോധം നഷ്ടപെട്ട് കിടക്കുന്ന അവളുടെ ദേഹത്ത് അദ്ദേഹം സ്പർശിച്ചു. എന്നാൽ അത് അതിരുകടക്കുന്നതായിരുന്നു. പെട്ടെന്ന് ഒരു കുഴപ്പവുമില്ലാതെ എണീറ്റിരിക്കുന്ന കാസിയെ കണ്ട് അയാൾ ഞെട്ടി. ഇതെല്ലാം അവളുടെ അഭിനയം മാത്രമായിരുന്നു.

കാസിയുടെ തുടക്കം മുതലുള്ള പ്രവൃത്തികൾ കാണുമ്പോൾ അവളൊരു സോഷ്യോപാത്ത് ആണോ എന്ന തോന്നൽ ഉണ്ടാകും. എന്നാൽ കഥ പുരോഗമിക്കുന്തോറും നമ്മൾ കാസിയെ അടുത്തറിയും. അവളുടെ ഭൂതക്കാലത്തെക്കുറിച്ചും അവളുടെ ലക്ഷ്യത്തേക്കുറിച്ചും അറിയും. മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്ന അവൾ എന്തിന് ഇപ്പോൾ ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുന്നു? ആ ഡയറിയും രാത്രികാല ജീവിതവുമായി എന്ത്‌ ബന്ധമാണുള്ളത്? ഇതെല്ലാം ചിത്രം കണ്ടറിയേണ്ടതാണ്.

മാസ്റ്റർപീസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചില ചിത്രങ്ങൾ ഇല്ലേ…അത്തരത്തിൽ ഒന്നാണിത്. കാരി മള്ളിഗന്റെ ഗംഭീര പ്രകടനം, മികച്ച പശ്ചാത്തലസംഗീതം, ശക്തമായ തിരക്കഥ. ബ്ലാക്ക് കോമഡിയിലൂടെ കഥ പറയുമ്പോൾ തന്നെ ശക്തമായ രാഷ്ട്രീയം സിനിമ ഒരുക്കിവയ്ക്കുന്നുണ്ട്.

ഒരു സ്ത്രീപക്ഷ സിനിമയെന്ന തോന്നൽ ഉണ്ടാക്കി പതുക്കെ പതുക്കെ പ്രാധാന കഥയിലേക്ക് ചിത്രം കടക്കുകയാണ്. ഇതെന്താണ് ഇങ്ങനെ അവസാനിക്കുന്നതെന്ന നിരാശയിൽ അവിടൊരു മികച്ച ട്വിസ്റ്റ്‌. ആ സന്തോഷത്തിലാണ് സിനിമ അവസാനിക്കുന്നതും. വളരെ പ്രസക്തമായ ഒരു വിഷയത്തെ സ്ലോ ബേൺ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് സംവിധായക എമറാൾഡ് ഫെനൽ. ‘Another Round’ പോലെ മറ്റൊരു മാസ്റ്റർപീസ് – Promising Young Woman

'MAT BIEC' പോസ്റ്റർ

വിയറ്റ്നാമീസ് ചിത്രങ്ങളിൽ ആദ്യമായി കാണുന്നത് ‘Yellow Flowers on the Green Grass’ ആണ്. വലിയ കഥയില്ലെങ്കിലും വിയറ്റ്നാമിന്റെ ഗ്രാമഭംഗിയിലൂടെയുള്ള ചിത്രത്തിന്റെ സഞ്ചാരം ഏതൊരാളെയും പിടിച്ചിരുത്തുന്നതാണ്. ആ സിനിമയുടെ സംവിധായകൻ വിക്റ്റർ വൂവിന്റെ ഏറ്റവും പുതിയ ചിത്രമാണ് 2019 അവസാനം പുറത്തിറങ്ങിയ ‘Mat Biec’ aka Dreamy Eyes. ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പ്രണയം നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ‘Mat Biec.’ കുട്ടിക്കാലം മുതലേ കളിക്കൂട്ടുകാരിയായ ഹാ ലാനോട്‌ ന്യാനിന് അഗാധമായ സ്നേഹമാണ്. എന്നാൽ അവൻ അത് തുറന്ന് പറഞ്ഞിട്ടില്ല. അവൾ അത് സൗഹൃദമായി കരുതുകയും ചെയ്തു. വലുതാകുമ്പോൾ അവളെ വിവാഹം ചെയ്യുമെന്ന് ന്യാൻ അവന്റെ മുത്തശ്ശിയോട് പറയുന്നുണ്ട്. എന്നാൽ ഗ്രാമത്തിൽ നിന്ന് നഗരത്തിലെ തിരക്കുകളിലേക്ക് എത്തപ്പെട്ട ഹാ ലാൻ, ന്യാനിൽ നിന്ന് അകലാൻ തുടങ്ങി. എങ്കിലും ന്യാനിന് അവളോടുള്ള അതിതീവ്ര പ്രണയം ഒട്ടും കുറഞ്ഞിരുന്നില്ല. പ്രതിസന്ധികൾക്ക് നടുവിലും അവൾക്കൊരു തുണയായി ന്യാൻ നിലകൊണ്ടു.

30 വർഷങ്ങൾക്കിടയിലെ സംഭവങ്ങളാണ് വിക്റ്റർ വൂ ഈ ചിത്രത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്. മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമാണ് ചിത്രം. മികച്ച ഛായാഗ്രഹണവും അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന്റെ മികച്ച വശങ്ങളാണ്. കഥയിൽ അധികം പുതുമ അവകാശപ്പെടാനില്ലെങ്കിലും ബോറടികൂടാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ‘Mat Biec.’ ചിത്രത്തിന്റെ അവതരണം അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. കഥയുടെ ആഴത്തിലേക്ക് കടക്കാനൊന്നും സംവിധായകൻ ശ്രമിച്ചിട്ടുമില്ല. അത് കഥാപാത്രനിർമിതിയിലും പ്രതിഫലിക്കുന്നുണ്ട്. റൊമാന്റിക്ക് ചിത്രങ്ങൾ ആസ്വദിക്കുന്നവർക്ക് കണ്ടിരിക്കാം. തീർച്ചയായും കാണേണ്ട ഒന്നെന്നു പറയുന്നില്ല. വിയറ്റ്നാമീസ് ഗ്രാമഭംഗിയൊക്കെ ആസ്വദിക്കാനായി കണ്ടുനോക്കാം.