
THE RED COLOURED GREY TRUCK (2004)
Language – Serbian
Running Time – 1 Hour 40 Minutes
Genre – Dramedy
ഒരു ട്രക്ക് മോഷ്ടിച്ച കുറ്റത്തിന് ശിക്ഷ അനുഭവിച്ചുവന്ന റാറ്റ്കോ ജയിൽ മോചിതനായി. എന്നാൽ പുറത്തിറങ്ങിയ ഉടനെ തുറമുഖത്ത് അനാഥമായി കിടക്കുന്ന ചുവന്ന ബെൻസ് ട്രക്ക് കാണുന്ന റാറ്റ്കോ അത് അടിച്ചുമാറ്റി സ്ഥലം വിടുന്നു. ഈ ട്രക്കിന് മുന്നിലാണ് സുസന്ന വന്നു ചാടുന്നത്. കാമുകനുമായി പിരിഞ്ഞു ഗർഭച്ഛിദ്രം നടത്താൻ ഒരുങ്ങിയിറങ്ങിയതാണ് അവൾ. മറ്റു വഴിയില്ലാതെ സുസന്നയെയും കൂടെ കൂട്ടി റാറ്റ്കോ നാടുവിടുകയാണ്. എന്നാൽ അതത്ര എളുപ്പം നടക്കുന്ന സംഗതി ആയിരുന്നില്ല.
1991 ജൂണിൽ യുഗോസ്ലാവിയയിൽ, യുഗോസ്ലാവ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കഥ നടക്കുന്നത്. ബോസ്നിയക്കാരനായ നായകന്റെ യാത്ര ഈ സാമൂഹിക അന്തരീക്ഷത്തിലാണ്. കഥയിൽ എടുത്തുപറയത്തക്ക കാര്യങ്ങൾ ഇല്ലെങ്കിലും ആ ട്രക്കിന് മുന്നിൽ കൈ കാണിച്ചു, അതിൽ യാത്ര ചെയ്യുന്ന ഓരോരുത്തരും അന്നത്തെ സാമൂഹിക സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്നവരാകുന്നുണ്ട്. ക്ലൈമാക്സും കൊള്ളാം.
വ്യത്യസ്‌തമായ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുള്ള നായകനും നായികയും ഒന്നിക്കുന്ന ക്‌ളീഷേ കഥയാണെങ്കിൽ പോലും കണ്ടിരിക്കാൻ രസകരമാണ്. Srđan Todorović, Aleksandra Balmazović എന്നിവരുടെ ഗംഭീര പ്രകടനമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകം.
യുഗോസ്ലാവിയയുടെ പതനത്തിലേക്ക് നയിച്ച ആഭ്യന്തര യുദ്ധം സാധാരണക്കാരായ ആളുകളുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നുവെന്ന് സിനിമ രസകരമായി പറയുന്നു. തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിലൂടെയുള്ള അവരുടെ യാത്ര തമാശ നിറഞ്ഞതാണെങ്കിലും അതിനുപിന്നിൽ യാഥാർഥ്യങ്ങളുടെ ചെറിയ തുരുത്തുകൾ ഒളിഞ്ഞുകിടപ്പുണ്ട്. അവരുടെ ജീവിതരീതി, സംസ്‍കാരം, മനോഹരമായ ഭൂപ്രദേശങ്ങൾ എന്നിവയൊക്കെ ഒരു പരിധി വരെ മനസ്സിലാക്കിത്തരാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ റോഡ് മൂവികളിലെയും പോലെ പല കാഴ്ചകളിലൂടെയും ആളുകളിലൂടെയും സഞ്ചരിച്ച് വലിയ ചിന്തകൾ ഒരുക്കുന്ന ചിത്രമാണിത്.
FINE DEAD GIRLS (2002)
Language – Croatian
Running Time – 1 Hour 16 Minutes
Genre – Crime Drama (18+)
വീൽചെയറിൽ ഇരിക്കുന്ന വൃദ്ധയാണ് തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവ പോലീസിനോട് പറയുന്നു. അന്വേഷിച്ചിട്ട് തെളിവൊന്നും ലഭിക്കാത്ത പോലീസ് ഇൻസ്‌പെക്ടറോട് അവൾ തന്റെ ഭൂതകാലത്തിലെ ഒരു സംഭവം വെളിപ്പെടുത്തുന്നു. പ്രണയത്തിന്റെ രുചിയുള്ള ആ കഥ പിന്നീട് ചോരയുടെ മണമുള്ള പ്രതികാരത്തിന്റെ കഥയായി മാറുകയായിരുന്നു.
സാഗ്രെബിൽ ടീച്ചറായ മരിയയുടെയും ഇവയുടെയും കഥയാണ് ഫ്ലാഷ്ബാക്കിൽ. വോൾഗയും ഭർത്താവും നോക്കിനടത്തുന്ന ഒരു ചെറിയ അപാർട്മെന്റ് കെട്ടിടത്തിലേക്ക് ഇവർ താമസം മാറുന്നു. എന്നാൽ ഇവയും മരിയയും സ്വവർഗാനുരാഗികളാണെന്ന് തിരിച്ചറിയുന്നത്തോടെ വോൾഗയുടെ ഭാവം മാറുന്നു. 2002ൽ പുറത്തിറങ്ങിയ ഈ ക്രോയേഷ്യൻ ചിത്രം വളരെ ഫാസ്റ്റ് ആയാണ് കഥ പറയുന്നത്. അനാവശ്യ സീനുകളൊന്നും കുത്തികയറ്റാതെ ഒന്നേകാൽ മണിക്കൂറിൽ കഥ പറഞ്ഞവസാനിക്കുന്നു.
ഷോക്കിങ് ആയ പല സീനുകളും ചിത്രം സമ്മാനിക്കുന്നുണ്ട്. വളരെ മികച്ച കഥ, കഥപറച്ചിൽ രീതി, പ്രധാന കഥാപാത്രങ്ങളുടെ നല്ല പ്രകടനം എന്നിവയൊക്കെ ചേരുമ്പോൾ നല്ല ചലച്ചിത്രാനുഭവം ആണ് ലഭിക്കുക.
ആ അപ്പാർട്മെന്റിൽ താമസിക്കുന്നവരിലൂടെയല്ലാം കഥ നീങ്ങുന്നുണ്ട്. അവരെ എല്ലാം കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യുന്നുമുണ്ട്. വോൾഗയുടെ തലതെറിച്ച മകൻ, മരണമടഞ്ഞ ഭാര്യയെ വീട്ടിൽ സൂക്ഷിച്ചു വയ്ക്കുന്ന ഒരാൾ, കള്ളനായ ഒരു ഡോക്ടർ, ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരൻ, ലൈംഗിക തൊഴിലാളിയായ സ്ത്രീ എന്നിവർക്കെല്ലാം കഥയിൽ സ്ഥാനമുണ്ട്. ഡാർക്ക് ഹ്യൂമറിലൂടെയാണ് പലപ്പോഴും അവരുടെ കാര്യങ്ങൾ പറഞ്ഞുപോകുന്നത്.
സ്വവർഗാനുരാഗത്തെ പാപമായി കാണുന്ന മതവും സമൂഹവും പ്രണയത്തിനു മേൽ സ്ഥാനം പിടിക്കുമ്പോൾ പല ജീവിതങ്ങളും ഇല്ലാതാവുന്നതായി ചിത്രം പറയുന്നു. വിവാദപരമായ പല തീമുകൾ കൈകാര്യം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ഇടയ്ക്ക് ചിരിപ്പിക്കുന്നുണ്ട്; അതിലേറെ ചിന്തിപ്പിക്കുന്നുണ്ട്.
LUNANA : A YAK IN THE CLASSROOM (2019)
Language – Dzongkha
Running Time – 1 Hour 49 Minutes
Genre – Drama / Feel good
അധ്യാപകൻ ആണെങ്കിലും ഊഗിൻ ദോർജിക്ക് ആ ജോലിയിലൊന്നും താല്പര്യമില്ല. ഓസ്ട്രേലിയയിൽ പോയി ഒരു പാട്ടുകാരനാവുക എന്നതാണ് ജീവിതലക്ഷ്യം. എന്നാൽ ഭൂട്ടാനിലെ ഏറ്റവും വിദൂരമായ മലമ്പ്രദേശമായ ലുണാനയിലെ ചെറിയ സ്കൂളിലേക്ക് അദ്ദേഹത്തെ നിർബന്ധപൂർവ്വം അയക്കുന്നു. ഗ്രാമവാസികൾ ഏർപ്പാടക്കിയ സഹായിയോടൊത്ത് എട്ടു ദിവസം ട്രക്കിങ് നടത്തി ദോർജി ലുണാനയിലെത്തി. വൈദ്യുതി എന്നത് ഒരു സ്വപ്നം മാത്രമായ ആ ഗ്രാമത്തിൽ അയാൾ എത്ര നാൾ പിടിച്ചുനിൽക്കും?
Pawo choying Dorji സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങിയ ഒരു ഭൂട്ടാനി ഫിലിമാണ് ‘ലുണാനാ: യാക് ഇൻ ദി ക്ലാസ്സ്‌റൂം.’ ഭൂട്ടാനിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ഓസ്കാർ നോമിനിയായിരുന്നു ഈ സിനിമ. ഒട്ടനവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ സുന്ദരമായൊരു കൊച്ചുചിത്രം.
വളരെ Straight ആയി നീങ്ങുന്ന ചിത്രമാണിത്. ട്വിസ്റ്റുകളോ സസ്പെൻസുകളോ സങ്കീർണ്ണമായ കഥാഗതിയോ ഇല്ലാതെതന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. “ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.” – ഇതാണ് ചിത്രം പറയുന്നത്. ക്രൈം ത്രില്ലറും ഡ്രാമയും കണ്ട് മനസ്സ് മടുക്കുമ്പോൾ ഇത്തരം ചെറുചിത്രങ്ങളെ തേടിപോകുന്നത് ഒരാശ്വാസം തന്നെയാണ്.
ഇതുപോലുള്ള സിനിമകളിൽ സാധാരണയായി കണ്ടുവരുന്ന ക്‌ളീഷേ ക്ലൈമാക്സ് ഒഴിവാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സോളാർ ബാറ്ററിയുടെ സഹായത്തോടെയാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ആ കഷ്ടപ്പാടിന്റെ ഫലം സിനിമ കണ്ടാൽ മനസ്സിലാകും. അത്ര മനോഹരമാണ് ഓരോ ഫ്രെയിമുകളും. വളരെ സിംപിളായി കഥ പറയുന്ന, സ്വസ്ഥമായിരുന്ന് കാണാൻ പറ്റുന്ന ഒരു ചിത്രം.