'തലസ്ഥാന'ത്തിൽ സുരേഷ് ​ഗോപിയും നരേന്ദ്രപ്രസാദും ഫോട്ടോ കടപ്പാട്-ഐഎംഡിബി
Columns

ഡബ്ബിങ് തീയറ്ററിൽ അന്നൊരു ശബ്ദം കേട്ടു; അവിടെയൊരു വില്ലൻ ജനിച്ചു

ഒരു ഷാജി കൈലാസ് വർത്തമാനം ഭാ​ഗം-13

ഷാജി കൈലാസ്

പ്രിയപ്പെട്ട ജോജു എത്തിയതോടെ 'വരവി'ന്റെ ഷൂട്ടിങ് കൂടുതൽ ഊർജ്വസ്വലമായി മുന്നോട്ടു പോകുകയാണ്. ഇപ്പോൾ സുപ്രധാനമായ ചില സംഘട്ടന രം​ഗങ്ങളാണ് ഞങ്ങൾ ചിത്രീകരിക്കുന്നത്. ഞങ്ങൾക്കൊപ്പമുള്ളത് 'എമ്പുരാനി'ലൊക്കെ പ്രവർത്തിച്ച പ്രശസ്തനായ ആക്ഷൻ കൊറിയോ​ഗ്രാഫർ സ്റ്റണ്ട് സിൽവയാണ്.

ആക്ഷൻ എന്നും പ്രിയപ്പെട്ട വിഭാ​ഗമായിരുന്നു. സിനിമ ചെയ്തുതുടങ്ങിയപ്പോൾ മുതൽ നല്ല ഒരു മാസ് ആക്ഷൻ പടം ചെയ്യണം എന്ന മോഹമായിരുന്നു മനസ്സിൽ. ജോജുവിനെ നിങ്ങളിതുവരെ കാണാത്ത രീതിയിൽ, മാസ് നായകനായി 'വരവി'ൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം ഞങ്ങളുടെ പ്രതീക്ഷകൾപോലെ തന്നെ ഉജ്വലമായ പ്രകടനം കാഴ്ച വയ്ക്കുന്നു. ഒരുപാട് അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ ആക്ഷൻ പാക്ഡ് ആയ ഒരു സിനിമയ്ക്കുള്ള ശ്രമത്തിലാണ് ഞങ്ങൾ.

'വരവി'ന്റ ചിത്രീകരണത്തിനിടെ ഷാജി കൈലാസും ജോജുവും. അസീസ് നെടുമങ്ങാട്,ദീപക് പറമ്പോൽ എന്നിവരെയും കാണാം

ആക്ഷൻ രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ എങ്ങുനിന്നോ വല്ലാത്തൊരു ആവേശത്തിന്റെ ഇരമ്പം നമുക്ക് കിട്ടും.അതിന്റെ ഹരത്തിലങ്ങനെ മുന്നോട്ടുപോകുമ്പോൾ ക്ഷീണവും തളർച്ചയും അറിയില്ല. പ്രേക്ഷകൻ കാണാനാ​ഗ്രഹിക്കും വിധം ഓരോ ചലനത്തിലും ഷോട്ടിലും നായകനെ അവതരിപ്പിക്കാനാണ് നമ്മൾ കഠിനാധ്വാനം ചെയ്യാറുള്ളത്. 'വരവി'ലും അതിനുള്ള പരിശ്രമത്തിലാണ്.

ആക്ഷനോടുള്ള കമ്പം സാക്ഷാത്കരിച്ചത് ആറാമത്തെ ചിത്രത്തിലായിരുന്നു. ഒരു ഡിറ്റക്ടീവ് കഥയും മർഡർ മിസ്ട്രിയും കുടുംബചിത്രവും തമാശസിനിമയുമെല്ലാം കഴിഞ്ഞാണ് തീപാറുന്ന ഡയലോ​ഗുകളും ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളുമെല്ലാം നിറയുന്ന സ്വപ്നഭൂമികയിലേക്ക് എത്തിയത്. മാസ് പടങ്ങളുടെ ലോകത്തായി പിന്നെ സിനിമാജീവിതം.

നടനാകും മുമ്പ് വിജയകുമാർ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നയാളാണ്. ഒരു ദിവസം വിജയകുമാറും ബൈജു സന്തോഷും കാണാൻ വന്നു. വിജയകുമാറിന്റെ അച്ഛൻ എസ്.ഹെൻട്രി ഒരു സിനിമ നിർമിക്കാനുള്ള ശ്രമത്തിലാണ്. ഒരു സംവിധായകനോടൊപ്പം അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പക്ഷേ എന്തോ തിരക്കുകൊണ്ട് ആ സംവിധായകൻ പിന്മാറിയതോടെ പ്രോജക്ട് അനിശ്ചിതത്വത്തിലായി. ഹെൻട്രിയാകട്ടെ കുറച്ചുപണവും അതിൽ മുടക്കിക്കഴിഞ്ഞു. സംവിധാനം ഏറ്റെടുക്കാമെങ്കിൽ പ്രോജക്ട് മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് താത്പര്യമുണ്ട്.

എനിക്ക് സമ്മതമായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്നത് കെ.എസ്.യുവിന്റെ പഴയകാല നേതാവായിരുന്ന സി.കെ.ജീവന്റെ ഒരു സ്ക്രിപ്റ്റാണ്. അതിൽ കുറച്ചുദിവസം ഞങ്ങൾ ഒരുമിച്ചിരുന്നെങ്കിലും മുന്നോട്ടുപോയില്ല. ഞങ്ങൾ പ്രതീക്ഷിക്കുന്ന എന്തോ ഒന്ന് അതിൽ സൃഷ്ടിച്ചെടുക്കാൻ രണ്ടാൾക്കും കഴിയാത്ത പോലെ. അതോടെ മറ്റൊരു കഥയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലായി.

ഷാജി കൈലാസും രൺജി പണിക്കരും. പഴയ ചിത്രം

രൺജി അപ്പോഴേക്കും 'ആകാശക്കോട്ടയിലെ സുൽത്താൻ' എന്ന രണ്ടാമത്തെ സിനിമ എഴുതി പത്രപ്രവർത്തനത്തിലേക്ക് തിരികെപ്പോയിരുന്നു. ഇനി സിനിമ എഴുതുന്നില്ല എന്നായിരുന്നു രൺജിയുടെ തീരുമാനം. ഇടയ്ക്ക് പത്രപ്രവർത്തനം വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കാനും ആലോചിച്ചു. ഇതിനൊക്കെയിടയിലാണ് വിജയകുമാറിനും ഹെൻട്രിക്കുമൊപ്പമുള്ള സിനിമ രൂപപ്പെട്ടത്.

മറ്റൊരു വഴിയും മുന്നിലില്ലാതിരുന്ന ഘട്ടത്തിൽ രൺജിയെ വിളിച്ചു. മനസ്സിലുണ്ടായിരുന്നത് കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്. പിന്നാക്ക വിഭാ​ഗങ്ങൾക്ക് തൊഴിൽ സംവരണം നല്കാൻ ശുപാർശ ചെയ്യുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് വി.പി.സിങ് സർക്കാർ നടപ്പിലാക്കിയതിനെതിരേ വലിയ സമരങ്ങൾ അരങ്ങേറിയിട്ട് അധികകാലമായിട്ടുണ്ടായിരുന്നില്ല. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലിലെ ദേശബന്ധു കോളേജിലെ വിദ്യാർഥി രാജീവ് ​ഗോസ്വാമി സ്വയം തീകൊളുത്തി മരിക്കാൻ ശ്രമിച്ച സംഭവത്തിന്റെ പ്രത്യാഘാതജ്വാലകൾ രാജ്യത്തെങ്ങും ആളിപ്പടർന്നിരുന്നു. ആ ആത്മഹത്യാശ്രമത്തിന്റെ ഫോട്ടോ കവറായി പ്രസിദ്ധീകരിച്ച ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയിൽ നിന്നാണ് കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള സിനിമ എന്ന ചിന്തയുടെ തീപ്പൊരി ഉള്ളിൽ വീണത്.

വിജയകുമാർ

അതിന് ആക്കം കൂട്ടിയ മറ്റൊരു കാര്യം കൂടിയുണ്ട്. ചിത്രത്തിൽ വിജയകുമാറിന് നല്ലൊരു വേഷമുണ്ടാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ഹെൻട്രിയുടെ അഭ്യർഥന. വിജയകുമാറിനും അഭിനയമാണ് താത്പര്യം. അസിസ്റ്റന്റ് ഡയറക്ടറായി നില്കാനല്ല അഭിനേതാവാകാനാണ് അയാളും ആ​ഗ്രഹിച്ചത്. കാമ്പസ് ചിത്രമാകുമ്പോൾ അച്ഛൻ ആ​ഗ്രഹിച്ചപോലെ വിജയകുമാറിന് നല്ലൊരു വേഷം നല്കാൻ സാധിക്കും. അങ്ങനെയാണ് രാജീവ് ​ഗോസ്വാമിയുടെ ചിത്രമുള്ള ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയും കൈയിൽപിടിച്ച് രൺജിയെ വിളിച്ചത്.

'രൺജി സ്ക്രിപ്റ്റെഴുതണം...'എന്ന് പറഞ്ഞപ്പോൾ 'പശുപതി'യിൽ സംഭവിച്ചപോലെ 'ഞാനോ..'എന്ന് രൺജി തിരിച്ചുചോദിച്ചു. 'തിരുവനന്തപുരത്ത് വന്നേ പറ്റൂ...സ്ക്രിപ്റ്റ് എഴുതിത്തന്നേ പറ്റൂ..'- എന്ന് കട്ടായം പറഞ്ഞു. അങ്ങനെ രൺജി വീണ്ടും വന്നു. ഒരു രണ്ടാംവരവ്. അതുപക്ഷേ ഞങ്ങളുടെ രണ്ടാളുടെയും ജീവിതത്തെ നിർണയിച്ച വരവ് ആയി.

'തലസ്ഥാന'ത്തിൽ നിന്നൊരു രം​ഗം

തിരുവനന്തപുരത്തിരുന്ന് രൺജി എഴുതിത്തുടങ്ങി. ഇല്സ്ട്രേറ്റഡ് വീക്ക്ലിയിലെ കവർ ചിത്രവും കാമ്പസ് രാഷ്ട്രീയം എന്ന ആശയവും മാത്രമേ നല്കാനുണ്ടായിരുന്നുള്ളൂ. രൺജിക്ക് പക്ഷേ അതിൽ നിന്നൊരു 'സ്പാർക്ക്' കിട്ടി. അന്നാകണം രൺജി ആദ്യമായി തന്റെ പേനയിൽ തീ നിറച്ചുതുടങ്ങിയത്. നായകനായി സുരേഷ് ​ഗോപി മതിയെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ആശ്രാമം ​ഗസ്റ്റ് ഹൗസിൽവച്ച് പോലീസ് വേഷത്തിൽ ആദ്യമായി മുന്നിലേക്ക് കയറിവരികയും 'ന്യൂസി'ൽ നായകനാകുകയും ചെയ്ത സുരേഷിൽ എവിടെയോ ഒരു 'ഫയർ' തിരിച്ചറിയാനായിട്ടുണ്ടായിരുന്നു. ആദ്യകാഴ്ചയിൽതന്നെ അതിന്റെ ചൂട് കിട്ടി. രാഷ്ട്രീയം പറയുന്ന സിനിമയിൽ തീനാവുള്ള ഒരു നായകനെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത്. സുരേഷിന്റെയുള്ളിൽ അത്തമൊരു ക്ഷുഭിതയൗവനസ്ഫുലിം​ഗമുണ്ടായിരുന്നു.

തിരക്കഥയെഴുത്ത് പുരോ​ഗമിച്ചു. തിരുവനന്തപുരത്തെ നിയന്ത്രിക്കുന്ന ഒരു രാഷ്ട്രീയനേതാവാണ് കഥയിലെ വില്ലൻ. കാമ്പസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ച കാലത്ത് എന്തിനും പോന്ന അത്തരം ചില നേതാക്കളെ ഞങ്ങൾക്ക് അടുത്തുപരിചയമുണ്ടായിരുന്നു. ഒരു വാക്കിൽ കേരളതലസ്ഥാനത്തെ മുഴുവൻ സ്തംഭിപ്പിക്കാനും സമരത്തിലേക്കിറക്കിവിടാനും കഴിവുള്ള ചിലർ. അപാരമായ ആജ്ഞാശക്തിയും ആരെയും കൂസാത്ത പ്രവർത്തനരീതിയുമായിരുന്നു അവരുടെ കരുത്ത്. തങ്ങൾക്കു പിന്നാലെ വിദ്യാർഥികളുൾപ്പെടെയുള്ള അണികളെ അനുസരണയോടെ ആട്ടിത്തെളിച്ചുകൊണ്ടുവരാനും അവരെക്കൊണ്ട് ഇഷ്ടമുള്ള വിധം കുഴലൂത്ത് നടത്തിക്കാനും അവർക്ക് സാധിച്ചു. കണ്ണുകളിലും ശരീരഭാഷയിലും അത്തരമൊരു തീവ്രത കൊണ്ടുവരാൻ ഒരാളായിരിക്കണം പ്രതിനായകൻ എന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. പലരെയും സങ്കല്പിച്ചുനോക്കി. പക്ഷേ ഞങ്ങൾ ഉദ്ദേശിക്കുന്ന ഒരു മുഖം അവരിലാരിലും തെളിഞ്ഞുവന്നില്ല.

നരേന്ദ്രപ്രസാദ്

എഴുത്തിനിടെ എങ്ങനെയോ ഞങ്ങളുടെ ഓർമയിലേക്ക് ഒരു ശബ്ദം മുഴങ്ങിക്കേട്ടു. അതിനും ഒന്നുരണ്ടുവർഷം മുമ്പ് ഒരു ദിവസം അഭിനേതാവുകൂടിയായ സംവിധായകൻ പി.ശ്രീകുമാർ അദ്ദേഹം സംവിധാനം ചെയ്ത 'അസ്ഥികൾ പൂക്കുന്നു' എന്നസിനിമയുടെ പ്രിവ്യൂവിന് ക്ഷണിച്ചു. രൺജിയും അന്ന് യാദൃച്ഛികമായി തിരുവനന്തപുരത്തുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ പ്രിവ്യൂതീയറ്ററിന് തൊട്ടടുത്തുള്ള ഡബ്ബിങ് തീയറ്ററിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു. വല്ലാത്തൊരു സ്വാധീനശക്തിയും മൂർച്ചയുമുണ്ടായിരുന്നു അതിന്. അത്തരമൊരു ശബ്ദം അതുവരെ കേട്ടിട്ടില്ലായിരുന്നു. 'ആരാണത്' എന്ന് അടുത്തുണ്ടായിരുന്നയാളോട് ചോദിച്ചു. അപ്പോഴേക്കും ആ ശബ്ദത്തിനുടമ ഡബ്ബിങ് തീയറ്ററിൽ നിന്ന് പുറത്തേക്ക് വന്നു. സംവിധായകൻ പരിചയപ്പെടുത്തി- 'ഇത് നരേന്ദ്രപ്രസാദ്.'

പ്രസാദ് സാറിനെ അന്നാണ് ആദ്യമായി കാണുന്നത്. സംസാരിച്ചുനില്കുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിന്റെ കോണിൽതെളിഞ്ഞ ചിരിയിൽ എവിടെയോ ഒരു മിന്നൽ ഞങ്ങൾ കണ്ടു. 'തലസ്ഥാനം' എന്നുപേരിട്ട ഞങ്ങളുടെ ആദ്യത്തെ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറിലെ പ്രതിനായകനായ ജി.പരമേശ്വരൻ എന്ന ജി.പിയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിനിടെ എന്റെയും രൺജിയുടെയും മനസ്സിലേക്ക് വന്നത് അന്ന് ഡബ്ബിങ് തീയറ്ററിൽ കേട്ട ആ ശബ്ദമാണ്. അന്ന് പ്രസാദ് സാറിന്റെ ചുണ്ടിൽ തെളിഞ്ഞുകത്തിയ ആ മിന്നലിന്റെ പ്രകാശം ഓർമയിലേക്ക് വന്നപ്പോൾ ‍ഞങ്ങളുറപ്പിച്ചു-ഇദ്ദേഹമാണ് എന്തിനുംപോന്ന ആ നേതാവ്..

(തുടരും)