'നരസിം​ഹം' ചിത്രീകരണത്തിനിടെ ഷാജികൈലാസും മോഹൻലാലും ഫോട്ടോ-അറേഞ്ച്ഡ്
Columns

ആ ചീട്ടുകളിമേശയിലിരുന്ന് അയാൾ വിളിച്ചു: 'മോനേ ദിനേശാ...'

ഒരു ഷാജി കൈലാസ് വർത്തമാനം ഭാ​ഗം-22

ഷാജി കൈലാസ്

'നരസിംഹം' സിനിമ പിറവികൊണ്ട വഴികൾ

മോഹൻലാലിന്റെ 'നരസിംഹ'ത്തിലെ കഥാപാത്രത്തെപ്പറ്റി

'നരസിംഹ'ത്തിലെ മോനേ ദിനേശാ...എന്ന ഡയലോ​ഗുണ്ടായതിന്റെ പശ്ചാത്തലം

'ആറാം തമ്പുരാനു'ശേഷം ആലോചിച്ച 'ദാവീദ് രാജാവ്' എന്ന സിനിമയുടെ പശ്ചാത്തലം തീർത്തും വ്യത്യസ്തമായിരുന്നു. വള്ളുവനാടും കോവിലങ്ങളുമൊന്നുമില്ലാത്ത പൂർണമായും ന​ഗരകേന്ദ്രീകൃതമായ ഒരു കഥയായിരുന്നു. ബോക്സിങ് ആണ് പ്രധാന കഥാതന്തു എന്നതിനാൽ അതിനനുസരിച്ചുള്ള പശ്ചാത്തലും ട്രീറ്റ്മെന്റുമൊക്കെയാണ് ഞങ്ങൾ മനസ്സിൽ കണ്ടത്. പക്ഷേ തിരക്കഥയിലേക്ക് കടന്നപ്പോൾ ഞങ്ങൾ ഉദ്ദേശിച്ച പലതും അതിൽ മിസ് ആയ പോലെ. അതുമായി മുന്നോട്ടുപോയാൽ ചിലപ്പോൾ ആപത്താകും. വിശ്വാസമില്ലാത്ത ഒരു തിരക്കഥയിൽ വർക്ക് ചെയ്യുന്നത് ചതുപ്പിൽ വീടുപണിയുന്നതുപോലെയാണ്. എപ്പോഴാണ് അത് നിലംപൊത്തുക എന്നറിയില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാൽ 'ആറാംതമ്പുരാൻ' ഉണ്ടാക്കിത്തന്ന പെരുമ മുഴുവൻ ഒറ്റയടിക്ക് നഷ്ടമാകും. അതുകൊണ്ട് പൂർണമായും വിശ്വാസമുള്ള ഒരു കഥയിലാകണം അടുത്ത സിനിമ പടുത്തുയർത്തേണ്ടത് എന്നുതന്നെയായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. അങ്ങനെയാണ് ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞശേഷം 'ദാവീദ് രാജാവ്' ഉപേക്ഷിച്ചത്.

പിന്നീട് പല കഥകളും ആലോചിച്ചു. ഒന്നും തൃപ്തി തന്നില്ല. അങ്ങനെ ഒടുവിൽ രഞ്ജിത് തന്നയാണ് പറഞ്ഞത്,നമുക്ക് വള്ളുവനാടൻ പശ്ചാത്തലത്തിലേക്ക് തിരിച്ചുപോകാം എന്ന്. 'ആറാംതമ്പുരാൻ' കളംവാണ മണ്ണിൽ, അതിന്റെ ഭൂമികയോട് ലേശം സാദൃശ്യമുള്ള മറ്റൊരു കഥ. എന്നാൽ ആറാംതമ്പുരാന്റെ പകർപ്പുമാകരുത്. ഒറ്റപ്പാലം പോലെയുള്ള സ്ഥലം കേന്ദ്രീകരിച്ചുള്ള കഥയുടെ ഏകദേശ രൂപം രഞ്ജിത്തിന്റെ ഉള്ളിലുണ്ടായിരുന്നു. അത് എന്നോടു പറഞ്ഞു. അത് നല്ലതായിട്ടാണ് തോന്നിയത്. 'ഇത് പിടിക്കാം' എന്ന് ഞാൻ പറഞ്ഞു.

എന്റെ മനസ്സിൽ അപ്പോഴും ആന്റണി പെരുമ്പാവൂരിന്റെ ചോദ്യമായിരുന്നു. 'ആറാംതമ്പുരാന് മുകളിൽ എങ്ങനെയൊരു സിനിമ ചെയ്യും?' അതുയർത്തിയ വെല്ലുവിളിയിൽ തുടങ്ങിയ ആലോചനയിൽ ഞാൻ കണിമം​ഗലം ജ​ഗന്നാഥനെ പലവട്ടം മനസ്സിന്റെ തിരശ്ശീലയിലൂടെ റീ വൈൻഡ് ചെയ്യിച്ചു. ജ​ഗന്നാഥൻ ചെയ്യാത്തതെന്ത്? അല്ലെങ്കിൽ 'ആറാംതമ്പുരാനി'ൽ ജ​ഗന്നാഥൻ ബാക്കിവച്ചുപോയത് എന്തൊക്കെയാണ്? ജ​ഗന്നാഥന് അപ്പുറം എന്തൊക്കെയാണ് പുതിയ സിനിമയിലെ നായകന് ചെയ്യാനാകാകുക? ഈ ചിന്ത കുറേവട്ടം ആയപ്പോൾ ‍ഞാൻ ജ​ഗന്നാഥന്റെ സ്ഥാനത്ത് മോഹൻലാലിനെ പ്രതിഷ്ഠിച്ച് വീണ്ടും ആലോചിച്ചു തുടങ്ങി. മോഹൻലാൽ ചെയ്യാത്തതെന്ത്? അല്ലെങ്കിൽ 'ആറാംതമ്പുരാനി'ൽ മോഹൻലാൽ ബാക്കിവച്ചുപോയത് എന്തൊക്കെയാണ്? 'ആറാംതമ്പുരാനി'ലെ മോഹൻലാലിനപ്പുറം എന്തൊക്കെയാണ് പുതിയ സിനിമയിലെ ലാലിന് ചെയ്യാനാകുക?

'നരസിംഹ'ത്തിൽ മോഹൻലാൽ

മോഹൻലാൽ അഭിനയത്തിന്റെ അക്ഷയഖനിയാണ്. അത് ഒരിക്കലും വറ്റുകയോ വരളുകയോ ഇല്ല. അതിൽ നിന്ന് എന്തെടുത്താലും വീണ്ടും നിറയും. അക്ഷയപാത്രം പോലെ മോഹൻലാലിൽ നിന്ന് ആർക്കും എപ്പോഴും എന്തളവിൽ വേണമെങ്കിലും ഇഷ്ടമുള്ളത് കിട്ടും. ആ മോഹൻലാലിലുണ്ടായിരുന്നു ആന്റണി ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം. 'ആറാംതമ്പുരാന'പ്പുറം ചെയ്യാനുള്ളത് മോഹൻലാലിൽ പിന്നെയും ബാക്കിയാണ്. മോഹൻലാലിൽ അപാരമായ അളവിൽ കൊമേഴ്സ്യൽ എലമെന്റ്സ് ഉണ്ട്. അവയുടെ കാര്യത്തിൽ ലാൽ പലതരം ഭൂഖണ്ഡങ്ങളെ ഉള്ളിൽ വഹിക്കുന്നയാളാണെന്ന് പറയാം. വാണിജ്യസാധ്യതകളുടെ അറിയപ്പെടാത്ത ഭൂഖണ്ഡങ്ങൾ ലാലിലുണ്ട്. അത് കണ്ടെത്തുകയാണ് വേണ്ടത്. അതിനുള്ള അന്വേഷണമായിരുന്നു രഞ്ജിത് 'നരസിം​ഹ'ത്തിന്റെ ഔട്ട് ലൈൻ പറഞ്ഞപ്പോൾ മുതൽ നടത്തിയത്.

'നരസിംഹ'ത്തിന്റെ നൂറാംദിന പോസ്റ്റർ

പടം പുറത്തിറങ്ങിയപ്പോൾ കുറച്ചുപേർ പറഞ്ഞു,മോഹൻലാലിനെ അമാനുഷികനാക്കി അവതരിപ്പിച്ചു എന്ന്. ഇന്നും ചിലർ അങ്ങനെ പറയുന്നത് കേൾക്കാറുണ്ട്. പക്ഷേ അതിൽ മോഹൻലാലിൽ അമാനുഷികതയെ പ്രതിഫലിപ്പിക്കുകയായിരുന്നില്ല. നേരത്തേ പറഞ്ഞ അദ്ദേഹത്തിന്റെ കൊമേഴ്സ്യൽ ഔട്ട്പുട്ടിനെ കണ്ടെടുക്കുക എന്നതായിരുന്നു ഞങ്ങൾ ചെയ്തത്. മോഹൻലാൽ മുണ്ടുമടക്കിക്കുത്തുമ്പോൾ, മീശപിരിക്കുമ്പോൾ, കാലൊന്ന് ഉയർത്തുമ്പോൾ,വിരൽഞൊടിക്കുമ്പോൾ ഉയരുന്നൊരു മാസ്മരികതയുണ്ട്. അത് അമാനുഷികതയല്ല,അദ്ദേഹത്തിലെ അഭിനേതാവിന്റെ മാന്ത്രികതയാണ്. അതിലാണ് നേരത്തെ പറഞ്ഞ വാണിജ്യസാധ്യതകളുടെ അറിയപ്പടാത്ത ഭൂഖണ്ഡങ്ങളുള്ളത്. പ്രേക്ഷകനും ആ​ഗ്രഹിക്കുന്നത് ഇത്തരം മോഹൻലാലിനെ കാണാനാണ്. ഇങ്ങനെയുള്ള മാസ്മരികതകളാണ് അവരെക്കൊണ്ട് കൈയടിപ്പിക്കുന്നതും ആർപ്പുവിളിപ്പിക്കുന്നതും. അങ്ങനെ അവർ ആ മോഹൻലാലിനെ കാണാനായി തിക്കിത്തിരക്കുമ്പോഴാണ് അല്ലെങ്കിൽ മോഹൻലാലിലെ കൊമേഴ്സ്യൽ ഔട്ട് പുട്ട് ഫലപ്രദമായി ഉപയോ​ഗിക്കപ്പെടുമ്പോൾ സിനിമ വലിയ വിജയമാകുന്നു. അതുകൊണ്ട് മോഹൻലാലിലെ വ്യാപാരസാധ്യതകളെ പൂർണമായും ഉപയോ​ഗപ്പെടുത്തിയുള്ള ചിത്രമാകണം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനും സുഹൃത്തുമൊക്കെയായ ആന്റണിക്ക് ചെയ്തുകൊടുക്കേണ്ടത്. മോഹൻലാലും അത്തരമൊരു ചിത്രമാണ് ആ​ഗ്രഹിച്ചതും. ഇതായിരുന്നു ഉള്ളിലെ ഉറച്ച ബോധ്യം.

അങ്ങനെ 'ആറാംതമ്പുരാൻ' എഴുതിയ അതേ കോഴിക്കോട് ന​ഗരത്തിലിരുന്ന് രഞ്ജിത് 'നരസിം​ഹം' എഴുതാൻ തുടങ്ങി. ആ ന​ഗരത്തിലാണ് എന്റെ രണ്ടാമത്തെ മോഹൻലാൽ ചിത്രവും പിറവികൊണ്ടത്. കാലിക്കറ്റ് ടവറായിരുന്നു ഞങ്ങളുടെ താവളം. ആറാംതമ്പുരാനിൽ ചെയ്തതുപോലെ, ഞാൻ ഇടയ്ക്കിടയ്ക്ക് കോഴിക്കോട്ടെത്തും. ചർച്ചകൾ നടക്കും,അഭിപ്രായങ്ങൾ തമ്മിൽതമ്മിൽ പറയും. അല്ലാത്ത സമയങ്ങളിൽ രഞ്ജിത്തിനെ എഴുതാനായി സ്വതന്ത്രനാക്കി വിട്ടു. ഞാൻ കോഴിക്കോട്ടെത്തുന്ന അവസരങ്ങളിൽ വൈകുന്നേരം ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഓഫീസേഴ്സ് ക്ലബ്ബിലേക്ക് പോകും. കോഴിക്കോട്ടുള്ള സുഹൃത്തുക്കളായ ഹബീബ്,വത്സരാജ്,നിസ്സാർ,അ​ഗസ്റ്റിൻ എന്നിവരെയൊക്കെക്കൂട്ടി ഒരു സംഘമായാണ് ആ യാത്ര.

'നരസിംഹ'ത്തിൽ മോഹൻലാൽ

അങ്ങനെയൊരു ദിവസം ഞങ്ങൾ ഓഫീസേഴ്സ് ക്ലബ്ബിൽ ഭക്ഷണം ഓർഡർ ചെയ്ത് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തുള്ള ഒരു മേശയിൽ ചീട്ടുകളി നടക്കുന്നുണ്ട്. പണംവച്ചൊന്നുമല്ലാതെ വിനോദത്തിനായുള്ള കളി. അത് അവിടെ അനുവദനീയവുമാണ്. എന്റെ ശ്രദ്ധ കുറച്ചുനേരം അവരിലേക്കായി. അവരിലൊരാൾ കളിക്കുമ്പോഴും ഭക്ഷണം ഓർഡർ ചെയ്യുമ്പോഴുമെല്ലാം മറ്റുള്ളവരെ വിളിക്കുന്നത് 'മോനേ ദിനേശാ..'എന്നാണ്. എല്ലാവരെയും അങ്ങനെതന്നെയാണ് അഭിസംബോധന ചെയ്യുന്നത്. ആരോ ഒരാൾ വന്നപ്പോൾ ചോദ്യം: 'മോനേ ദിനേശാ...എപ്പോ എത്തി...?'ഇടയ്ക്ക് ബെയററെ നോക്കി വിളിച്ചുപറയുന്നതുകേട്ടു..'മോനേ ദിനേശാ...ഒരു ബീഫ് ഫ്രൈ...'ആരോ ഒരാൾ കള്ളക്കളി കളിച്ചപ്പോഴും അദ്ദേഹം പറഞ്ഞത് 'മോനേ ദിനേശാ...കള്ളക്കളി കളിക്കല്ലേ..'എന്നാണ്.

കുറച്ചുനേരം അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നപ്പോൾ എനിക്കതൊരു രസമുള്ള ക്യാരക്ടറായി തോന്നി. അദ്ദേഹം ഒരു ഡോക്ടറായിരുന്നു. പരിചയപ്പെട്ടപ്പോൾ നമ്മളെ വിളിച്ചതും 'മോനേ ദിനേശാ' എന്നുതന്നെ. ഇതൊരു സൂപ്പർസാധനമാണല്ലോ...ഞാൻ രഞ്ജിത്തിനോട് പറഞ്ഞു. അപ്പോൾ രഞ്ജിത് പറഞ്ഞു: 'അതെ..ഇതു നമ്മൾ എടുക്കും..'

അങ്ങനെ ഒരു ഫോൺവിളിയിൽ നിന്ന് 'ശംഭോ മഹാദേവാ' എന്ന വിളി ജനിച്ചതുപോലെ കോഴിക്കോട് ന​ഗരത്തിലെ തന്നെ ഓഫീസേഴ്സ് ക്ലബ്ബിലെ ഒരു ചീട്ടുകളി മേശയിൽ നിന്ന് പിറവിയെടുത്തതാണ് 'മോനേ ദിനേശാ' എന്ന അഭിസംബോധന. പിന്നീട് കേരളം ഏറ്റെടുത്ത,ഇന്നും പലരും ആവർത്തിക്കുന്ന ഡയലോ​ഗ്.

(തുടരും)