പുതിയ സിനിമയായ 'വരവി'ന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾക്കിടയിലിരുന്നാണ് ഇതുകുറിക്കുന്നത്. ഓരോ സിനിമയും ഓരോ അനുഭവമാണ്. അത് നമുക്ക് ഓരോ പാഠമായി മാറുകയും ചെയ്യും. മാത്രവുമല്ല എല്ലാ സിനിമകൾക്കും പിന്നിൽ ഒരു സംവിധായകൻ കടന്നുപോകുന്ന ചില കഠിനവഴികളുണ്ട്. ആദ്യത്തെ സിനിമയിൽ തന്നെ ഞാൻ അത് അനുഭവിച്ചറിഞ്ഞു.
'ന്യൂസി'ന്റെ ചിത്രീകരണം കഴിഞ്ഞതോടെ ഇൻഡസ്ട്രിയിൽ അതിനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ ഉയർന്നുതുടങ്ങി. അന്നൊക്കെ ചെറുതായിരുന്നു നമ്മുടെ സിനിമാലോകം. ഷൂട്ടിങ് നടക്കുന്നതും പൂർത്തിയായതുമായ സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവർക്കും തമ്മിൽത്തമ്മിൽ അറിയാം. രഹസ്യാത്മാകത തീരെക്കുറവായിരുന്നു എന്നർഥം.
പ്രത്യേകതരത്തിലുള്ള മേക്കിങ് ആണ്,നല്ല സസ്പെൻസുണ്ട്,വേറൊരു ടൈപ്പ് സിനിമയാണ് എന്നൊക്കെയായിരുന്നു 'ന്യൂസി'നെക്കുറിച്ച് മദ്രാസിൽ പരന്ന വാർത്തകൾ. പക്ഷേ കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ചപോലെ ഞാൻ ആദ്യം തന്നെ നിർമാതാവിനോട് ഒരു കാര്യം പറഞ്ഞുറപ്പിച്ചിരുന്നു. 'ഷൂട്ടിങ് തീർത്ത് സിനിമ കാണിച്ചാൽ മാത്രമേ സിനിമയ്ക്ക് ബിസിനസ് നടക്കൂ. എന്നെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല,ഞാൻ എന്താണ് ചെയ്യുന്നതെന്നും അറിയില്ല. അതുകൊണ്ട് ആദ്യം തന്നെ പടം വില്കാൻ പറ്റില്ല. ദൈവത്തെയോർത്ത് ഡബ്ബിങ് കഴിഞ്ഞ് ഡബിൾപോസിറ്റീവ് ആയ ശേഷം മാത്രമേ സിനിമ വിതരണക്കാരെ കാണിക്കാവൂ.'
അങ്ങനെ പറയാൻ കാരണമുണ്ടായിരുന്നു. പാതിവെന്ത ഒരു വിഭവം പോലെ വിളമ്പിവച്ചാൽ വിഭവത്തെക്കുറിച്ചും എന്നെക്കുറിച്ചും അതൃപ്തി തോന്നിയേക്കാം. ചേരുവകൾ ചേരുംപടി ചേർന്നശേഷം എല്ലാവരെയും കാണിക്കാം. 'ദാ..എന്റെ സിനിമ ഇങ്ങനെയാണ്' എന്ന് നല്ല ആത്മവിശ്വാസത്തോടെ ആളുകളോട് പറയാൻ പാകപ്പെട്ടതിനുശേഷം മാത്രംമതി സിനിമാകാണിക്കുന്നത്. നിർമാതാവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആൽവിൻ ആന്റണിയും എന്റെ കൂടെനിന്നു. ഡബിൾ പോസിറ്റീവ് ആകും വരെ സിനിമയെക്കുറിച്ച് ചോദിച്ച വിതരണക്കാർക്കെല്ലാം കാണിച്ചുകൊടുത്തിരുന്നത് സ്റ്റില്ലുകളുടെ ആൽബം മാത്രമാണ്. ശ്രീകുമാർ എന്ന സ്റ്റിൽഫോട്ടോഗ്രാഫർ തയ്യാറാക്കിയ ചിത്രസമാഹാരമായിരുന്നു അതുവരെ ഞങ്ങൾക്കുവേണ്ടി 'ന്യൂസി'നെക്കുറിച്ച് മറ്റുള്ളവരോട് സംസാരിച്ചത്.
പറഞ്ഞതുപോലെ ഡബിൾ പോസിറ്റീവ് ആയ ശേഷം മാത്രം ചിത്രം മറ്റുള്ളവരെ കാണിച്ചു. ഒരു വൈകുന്നേരം ഗുഡ് ലക്ക് സ്റ്റുഡിയോയിൽ അരോമ മണി സാർ പടം കണ്ടു. അദ്ദേഹത്തിന് ഇഷ്ടമായി,വിതരണത്തിനെടുക്കാമെന്ന് സമ്മതിച്ചു. പിന്നെ കാര്യങ്ങൾ വേഗത്തിലായി. തിരുവനന്തപുരത്തെ അരോമയുടെ ഓഫീസിലേക്ക് നിർമാതാവിനെ വിളിച്ചുവരുത്തി,അഡ്വാൻസ് കൈമാറി. പോസ്റ്ററുകൾ തയ്യാറാക്കാൻ ഗായത്രി അശോകനെ ഏല്പിച്ചു. വെർട്ടിക്കലായുള്ള വലിയ പോസ്റ്ററുകൾ ഗായത്രിയുടെ പണിപ്പുരയിൽ തയ്യാറായി. പത്രത്തിൽ പഴയകാലത്തെ സ്ഥിരം പ്രചാരണശൈലിയിൽ 'ഉടൻവരുന്നു' എന്ന അറിയിപ്പോടെ ഒരു പരസ്യവും വന്നു.
അഡ്വാൻസ് കിട്ടിയ തുകകൊണ്ട് ചിത്രത്തിന്റെ ബാക്കിയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും മുന്നോട്ടുപോയി. പക്ഷേ പിന്നീട് കാര്യങ്ങൾ ഒച്ചിഴയും പോലെയായി. ആദ്യത്തെ വേഗമെല്ലാം നഷ്ടപ്പെട്ടതുപോലെ. പടം റിലീസാകുന്നില്ല. ഡേറ്റ് നീട്ടിനീട്ടിക്കൊണ്ടുപോകുകയാണ്. എന്താണ് കാര്യമെന്ന് പറയുന്നുമില്ല. പക്ഷേ നേരത്തെ പറഞ്ഞ ഒരു സംഗതി അവിടെ ഞങ്ങൾക്ക് തുണയായി. ഒരു രഹസ്യവും ഒരുപാട് കാലം ഒളിപ്പിച്ചുവയ്ക്കാൻ പറ്റില്ലാത്ത അന്നത്തെ 'ഠ' വട്ട സാഹചര്യത്തിൽ സത്യം പതുക്കെ വെളിയിലേക്ക് വന്നു. അരോമയുടെ 'ജാഗ്രത' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ചരിത്രം സൃഷ്ടിച്ച 'ഒരു സിബിഐ ഡയറിക്കുറിപ്പി'ന്റെ രണ്ടാംഭാഗം. അതിന്റെ ക്ലൈമാക്സിന് 'ന്യൂസി'ന്റെ ക്ലൈമാക്സിനോട് സാമ്യം ഉണ്ട്. അതുകൊണ്ട് 'ന്യൂസ്' ഇപ്പോൾ റിലീസ് ചെയ്യേണ്ടെന്നാണ് അരോമയുടെ തീരുമാനം.
'ന്യൂസി'ന്റെ പ്രൊഡ്യൂസർ പുതിയ ആളാണ്. ഞങ്ങളുടെ സിനിമ വലിയ താരങ്ങളില്ലാത്ത ഒരു ചെറിയസിനിമയും. അരോമയാകട്ടെ വലിയ ബാനർ. പടം അവർക്ക് വില്കുകയും ചെയ്തു. അതുകൊണ്ട് പെട്ടെന്ന് ഒന്നും ചെയ്യാനാകില്ല. പക്ഷേ ഞാൻ നിർമതാവിനോട് കർക്കശമായി പറഞ്ഞു 'അങ്ങനെയെങ്കിൽ ഈ സിനിമ അരോമ മൂവീസ് റിലീസ് ചെയ്യണ്ട. എന്റെ കൂടെ നില്കണം.'
അദ്യമായി സിനിമ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ തന്റെ സ്വപ്നത്തിന്റെയും അതിനെക്കുറിച്ചുള്ള ആത്മവിശ്വാസത്തിന്റെയും പിൻബലത്തിൽ മാത്രം പറഞ്ഞ വാക്കുകളായിരുന്നു അത്. ഞാൻ പറഞ്ഞതനുസരിച്ച് ആൽവിൻ ആന്റണി പുതിയ വിതരണക്കാരെ അന്വേഷിച്ചുതുടങ്ങി. അപ്പോഴേക്കും സിനിമ ഫസ്റ്റ് കോപ്പിയായിക്കഴിഞ്ഞിരുന്നു. ഞാനാകട്ടെ, 'സൺഡേ സെവൻ പി.എം' എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്കും കടന്നിരുന്നു(അതിന്റെ വിശദാംശങ്ങൾക്ക് വഴിയേ പറയാം).
ശരത്ചന്ദ്രൻ എന്ന ഓവർസീസ് ഡിസ്ട്രിബ്യൂട്ടറാണ് എന്നോട് പറഞ്ഞത്, 'സാഗാ ഫിലിംസിന് ഇപ്പോൾ സിനിമ ഇല്ല. അനൗൺസ് ചെയ്ത പടത്തിനെന്തോ കാലതാമസം. അവർ നല്ലപടം എന്തെങ്കിലും കിട്ടിയാൽ ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ തയ്യാറാണ്'എന്ന്. അങ്ങനെ ഞങ്ങൾ ആൽവിനും സംഘവും ചിത്രത്തിന്റെ പ്രിന്റ് മദ്രാസിൽ നിന്ന് കൊച്ചിയിൽ കൊണ്ടുവന്ന് ഷേണായീസ് തീയറ്ററിലിട്ട് സാഗാ ഫിലിംസിനെ കാണിച്ചു.
'സൺഡേ സെവൻ പി.എമ്മി'ന്റെ ഷൂട്ടിങ് തൊടുപുഴയിലാണ്. അവിടം ഇന്നത്തെപ്പോലെ ലക്കി ലൊക്കേഷനായി മാറിയിട്ടില്ല. ഷൂട്ടിങ് അത്യപൂർവം. താമസസൗകര്യമൊന്നുമില്ല. അതുകൊണ്ട് കൊച്ചിയിലെ ഹോട്ടലിലാണ് ഞാനുൾപ്പെടെയുള്ളവർ താമസിച്ചിരുന്നത്.
ഒരു ദിവസം വൈകീട്ട് ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടലിലെത്തിയപ്പോൾ റിസപ്ഷനിൽ ആരോ കൊടുത്തേല്പിച്ചിട്ടുപോയ ഒരു കുറിപ്പ് എന്നെ കാത്തിരിപ്പുണ്ടായിരുന്നു. 'വന്നാലുടൻ സാഗാഫിലിംസിലെത്തണം'. അതായിരുന്നു അതിലെ വാചകം. പെട്ടെന്നൊന്ന് പേടിച്ചു. കുഴപ്പമായോ..?നെഞ്ചിടിപ്പ് കൂടി. എന്റെ ഒറ്റയാളിന്റെ വാക്കിന്റെ പുറത്താണ് അരോമയിൽ നിന്ന് മാറി വേറെ വിതരണക്കാരെ അന്വേഷിച്ചതും സാഗാഫിലിംസുകാർ പടം കണ്ടതും. അവർ കൈവിട്ടാൽ പിന്നെ മുന്നിൽ ഇരുട്ടാണ്. ഒരു പ്രകാശരേഖയും അത്രപെട്ടെന്ന് തെളിഞ്ഞുവരികയുമില്ല.
എന്തുവന്നാലും നോക്കാം എന്ന് തീരുമാനിച്ചുറപ്പിച്ച് സാഗാ ഫിലിംസിന്റെ ഓഫീസിലേക്ക് ചെന്നു. അവിടെ മൂന്നുപേർ എന്നെ പ്രതീക്ഷിച്ചിരിപ്പുണ്ട്. സാഗാ ഫിലിംസിന്റെ മൂന്ന് സാരഥികൾ. പ്രതാപശാലിയായ അപ്പച്ചൻ,ഷേണായീസ് തീയറ്ററുടമ ശ്രീനിവാസ ഷേണായി,എ.കെ.പി മെറ്റൽസിന്റെ ഓണർ ആന്റണിച്ചേട്ടൻ..ഞാൻ ചെന്നുകയറിയ ഉടൻ അവർ എഴുന്നേറ്റ് എനിക്ക് ഷേക്ക്ഹാൻഡ് തന്നു. 'ഞങ്ങൾ സിനിമകണ്ടു. ഇഷ്ടപ്പെട്ടു,ഞങ്ങളത് എടുക്കുകയാണ്....'
ആ നിമിഷത്തിൽ ഉള്ളിൽ വലിഞ്ഞുമുറുകി നിന്ന എല്ലാവികാരങ്ങളുമൊഴിഞ്ഞ് അപ്പൂപ്പൻതാടിയോളം ഭാരമില്ലാത്തതായി എന്റെ മനസ്സ്. പക്ഷേ അപ്പോഴും ചില കടമ്പകൾ ബാക്കിയാണ്. ഞാൻ അവരോട് പറഞ്ഞു: 'അരോമമണിസാർ അഡ്വാൻസ് കൊടുത്തിട്ടുണ്ടായിരുന്നു. പോസ്റ്ററും അടിച്ചു,പത്രത്തിലൊരു പരസ്യവും ചെയ്തു...'
'അതുകുഴപ്പമില്ല..അതൊക്കെ ഞങ്ങൾ തീർത്തോളാം.' മൂവർസംഘം വാക്കുതന്നു. പറയുന്നത് ചെറിയ ആൾക്കാരല്ലാത്തതിനാൽ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല. പകരം ആശ്വസിക്കുകയാണ് വേണ്ടത്. അങ്ങനെയാണ് ഒടുവിൽ 'ന്യൂസ്' സാഗാ ഫിലിംസ് തീയറ്ററുകളിലെത്തിച്ചത്.
ആലോചിച്ചു നോക്കൂ....ആദ്യമായി സിനിമ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. അയാൾക്ക് മുന്നിലുണ്ടായിരുന്നത് എത്രത്തോളം കഠിനപാതകൾ. അതൊക്കെ താണ്ടാൻ വേണ്ടിവന്നത് ചില്ലറ അധ്വാനമല്ല. അത് സാധിച്ചത് നേരത്തെ പറഞ്ഞ സ്വപ്നത്തിന്റെ കരുത്തും ആത്മവിശ്വാസവും കൊണ്ടുമാത്രം.
'ന്യൂസ്' തന്ന മറ്റുചില അവിസ്മരണീയ നിമിഷങ്ങളുണ്ട്. ഇന്നോർക്കുമ്പോൾ അവിശ്വസനീയമായി അനുഭവപ്പെടുന്നവ. പാട്ടുകൾ റിക്കാർഡ് ചെയ്യുന്ന സമയത്ത് രാജാമണിയുടെ കൂടെ നോട്സ് ഒക്കെ എടുക്കാൻ സഹായി നിന്ന ആളുടെ പേരാണ് കീരവാണി. പിന്നീട് ഓസ്കർനേട്ടത്തിൽ വരെയെത്തിയ സംഗീതസംവിധായകൻ. അതൊരു അദ്ഭുതം. അന്ന് രാജമണിയുടെ കീഴിൽ കീ ബോർഡ് വായിക്കാൻ ദിലീപ് എന്ന കൊച്ചുപയ്യനാണ് പിന്നീട് സംഗീതചക്രവർത്തി എ.ആർ.റഹ്മാനായി മാറിയത്. അത് രണ്ടാമത്തെ അദ്ഭുതം.
ഇന്ന് അതൊക്കെ ഓർക്കുമ്പോൾ സന്തോഷം,ചെറുതല്ലാത്ത അഭിമാനം...കീരവാണിയും എ.ആർ.റഹ്മാനും അവരുടെ കൈവിരലുകളിലെ സംഗീതവും പതിഞ്ഞതാണല്ലോ എന്റെ ആദ്യ ചിത്രം!!!
(തുടരും)